Vizhinjam Port | വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഇടതിനോ, വലതിനോ? യഥാർഥ വസ്‌തുതകൾ 

 
Vizhinjam Port
Vizhinjam Port

Photo Credit: Facebook / Pinarayi Vijayan

'കരാറില്‍ അദാനിക്ക് കൂടുതല്‍ ലാഭത്തിന് വഴിയൊരുക്കി'

അര്‍ണവ് അനിത

(KVRTHA) വിഴിഞ്ഞം പദ്ധതി (Vizhinjam Port) ആരുടെ കുഞ്ഞാണ്, അല്ലെങ്കില്‍ ആരാണ് ഈ പദ്ധതിയുടെ അപ്പന്‍ എന്നതിനെ ചൊല്ലി ഭരണകക്ഷിയും (Ruling Party) പ്രതിപക്ഷവും (Opposition Party) വലിയ വടംവലി നടക്കുകയാണ്. ഉമ്മന്‍ചാണ്ടി (Oommen Chandy) കൊണ്ടുവന്ന് നടപ്പാക്കിയ പദ്ധതിയാണെന്ന് യുഡിഎഫും (UDF) അതല്ല ഞങ്ങളാണ് പദ്ധതി നടപ്പാക്കിയതെന്ന് എല്‍ഡിഎഫും (LDF) അവകാശവാദം ഉന്നയിക്കുന്നു. എംവി രാഘവന്‍ (M V Raghavan) മന്ത്രിയായിരുന്ന കാലത്താണ് പദ്ധതി ആദ്യം കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും തന്നോടുള്ള എതിര്‍പ്പ് കാരണം സിപിഎം (CPM) അതിന് തുരങ്കം വെച്ചെന്നും അദ്ദേഹത്തിന്റെ ആത്മകഥയായ ഒരു ജന്മത്തില്‍ പറയുന്നു. 

Vizhinjam Port

ഉമ്മന്‍ ചാണ്ടി അദാനിയുമായി (Adani) ഉണ്ടാക്കിയ വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിച്ചാണെന്ന് സിഎജി (CAG) കണ്ടെത്തിയിരുന്നു.  സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പണം മുടക്കി നിര്‍മ്മിക്കുന്ന മത്സ്യബന്ധന തുറമുഖത്ത് നിന്ന് യൂസര്‍ഫീ പിരിക്കാന്‍ അദാനി ഗ്രൂപ്പിനെ അനുവദിച്ച കരാര്‍ വ്യവസ്ഥ മത്സ്യ തൊഴിലാളി ദ്രോഹമായിരുന്നു. ബി ഒ ടി (BOT - Built Operate Transfer)  അടിസ്ഥാനത്തില്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന ദേശീയപാതകളും മറ്റ് പ്രൊജക്ടുകളും മുപ്പത് വര്‍ഷം കഴിയുമ്പോള്‍ നിര്‍മ്മാണ- നടത്തിപ്പ് കമ്പനി കേന്ദ്ര സര്‍ക്കാരിന് കൈമാറണം എന്ന നയം ഉള്ളപ്പോഴാണ് വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പ് അവകാശം 40 വര്‍ഷത്തേക്ക് അദാനിയെ ഏല്‍പ്പിക്കുന്ന കരാര്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടത്.

സി എ ജി റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗം

പൊതു, സ്വകാര്യ പദ്ധതികളിലെ നിര്‍മാണ, നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ (Govt) നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറില്‍ 40 വര്‍ഷമാക്കി ഉയര്‍ത്തി. ഇതുമൂലം, കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കാലാവധി 10ന് പകരം 20 വര്‍ഷം അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. കാരണം അതിലൂടെ അദാനിക്ക് 61,095 കോടി രൂപയുടെ അധിക വരുമാനം കിട്ടാനുള്ള വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കായി പുറമെ നിന്നുള്ള ഏജന്‍സികള്‍ ചിലവ് റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കാവൂ എന്നും പിപിപി (PPP) കരാറുകളില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സി എ ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
 
സര്‍ക്കാര്‍ ചിലവില്‍ നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളില്‍ നിന്നു യൂസര്‍ ഫീസ് (User fee) പിരിക്കാനുള്ള അവകാശം കരാറുകാര്‍ക്കു ലഭിച്ചതു കരാര്‍ നിബന്ധനയിലെ പാകപ്പിഴയാണ്. ഇതു കരാറുകാര്‍ക്ക് അര്‍ഹതയില്ലാത്ത സാമ്പത്തിക സഹായം നല്‍കുന്നതിനു തുല്യമാണ്. ഇതു പരിഹരിക്കാന്‍ കരാറില്‍ ഭേദഗതി വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

പദ്ധതിയുടെ തുടക്കം

1999 ലെ ഇ കെ നായനാര്‍ (E K Nayanar) സര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആദ്യം ഒരു കരാര്‍ ഒപ്പുവയ്ക്കുന്നത്. പിന്നീട് വന്ന ആന്റണി (A K Antony) / ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ അതിന്റെ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. പകരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ദാക്കി സൂം ഡെവലപ്പേഴ്‌സിന് (Zoom Developers) കരാര്‍ നല്‍കി. 2006ല്‍ വി എസ് അച്യുതാനന്ദന്‍ (V S Achuthanandan) മുഖ്യമന്ത്രിയായി. വിഴിഞ്ഞം വീണ്ടും പൊടിതട്ടിയെടുത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. 

കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന് അത് പിടിച്ചില്ല. സിപിഎം കൂടെ നേതൃത്വം നല്‍കുന്ന യുപിഎ (UPA) സര്‍ക്കാറായിരുന്നു അന്ന് അധികാരത്തില്‍. എന്നിട്ടും കരാര്‍ കമ്പനിക്ക് ചൈനീസ് (China) പങ്കാളിത്തം ഉണ്ടെന്ന കാര്യം ഉന്നയിച്ച് വിദേശകാര്യമന്ത്രാലയം സുരക്ഷാ അനുമതി (Security Clearance) നല്‍കിയില്ല. കാലാകാലങ്ങളില്‍ ഇടത് - വലത് സര്‍ക്കാരുകള്‍ പദ്ധതിക്ക് തുരങ്കം വയ്ക്കുകയും അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയും ചെയ്തു എന്ന് ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

യുപിഎ സര്‍ക്കാര്‍ സുരക്ഷാ അനുമതി നിഷേധിച്ചതോടെ വി എസ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം (All Party Meeting)  വിളിച്ചു. പദ്ധതി പിപിപി മോഡലില്‍ റീ ടെന്റര്‍ (Retender) ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെന്ററില്‍ ആദ്യമായി ഒരു കമ്പനി ഇ - ടെൻഡർ വിളിക്കുന്നു. ലാന്‍കോ കൊണ്ടപ്പള്ളി (Lanco Kondapalli) എന്ന ആ കമ്പനി 115 കോടി സര്‍ക്കാരിന് ഇങ്ങോട്ട്  തരാമെന്ന് അറിയിച്ചു. ഇത് കോണ്‍ഗ്രസിലെ (Congress) ചില നേതാക്കള്‍ക്ക് സഹിച്ചില്ല.  

അവരുടെ പിന്തുണയോടെ സൂം കണ്‍സോര്‍ഷ്യം കോടതിയില്‍ പോയി. നിയമകുരുക്കായതോടെ ലാന്‍കോ പദ്ധതിയില്‍ നിന്നും പിന്മാറി. ഇതോടെ വി എസ്, ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ (KFC) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി (Consultant) നിയമിച്ചു. ബ്രിട്ടന്‍ (United Kingdom) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡ്യൂറി' എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തില്‍  വിഴിഞ്ഞം തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖ നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തുകയും  നടത്തിപ്പിനായി ഒരു സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനും തീരുമാനിച്ചു. ഒപ്പം പദ്ധതിക്ക്  സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ തുടങ്ങി, ശുദ്ധജല വിതരണം, ദേശീയപാതയില്‍ നിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാത, റെയില്‍ കണക്ടിവിറ്റി തുടങ്ങിയ പദ്ധതികള്‍ തയ്യാറാക്കി. തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുന്നു. 

ഈ അപേക്ഷ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് (Jairam Ramesh) കീഴിലുള്ള  പരിസ്ഥിതി മന്ത്രാലയം പരിശോധിക്കുകയും, വല്ലാര്‍പാടം, കുളച്ചല്‍, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് സമീപത്തായതിനാല്‍ പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കാനാകില്ലെന്ന വിചിത്ര ന്യായം പറഞ്ഞ് അത് തള്ളുകയും ചെയ്തു. വീണ്ടും അപേക്ഷയുമായി കേന്ദ്ര സര്‍ക്കാരിനെ വി എസ് സര്‍ക്കാര്‍ സമീപിക്കുന്നു. എന്നാല്‍ അപേക്ഷ വീണ്ടും തള്ളുന്നു. ഇതിനു പിന്നിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആയിരുന്നു. 

പിന്നീട് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് എല്ലാ അനുമതികളും ലഭിക്കുന്നത്. അതിന് പിന്നില്‍ അദാനിയുടെ കരങ്ങളുണ്ട്. അദാനിക്ക് കരാര്‍ കൊടുക്കരുതെന്ന് കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ (Sonia Gandhi) നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം കരാറുമായി മുന്നോട്ട് പോവുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടപ്പിലാക്കാന്‍ ഇടതുപക്ഷം നിരവധി സമരങ്ങള്‍ ചെയ്‌തെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍  212 ദിവസമാണ് സമരം നീണ്ടുനിന്നത്. അത് പോലെ വിഴിഞ്ഞം മുതല്‍ സെക്രട്ടറിയേറ്റ് വരെ മനുഷ്യച്ചങ്ങല തുടങ്ങിയവയും ഇടതുപക്ഷത്തിന്റെ നേത്യത്വത്തില്‍ നടന്നു. നിയമസഭയിലും (Assembly)  ഇടതുപക്ഷം ഈ വിഷയം സബ്മിഷന്‍ ആയും, ശ്രദ്ധ ക്ഷണിക്കലായും, അടിയന്തര പ്രമേയത്തിലൂടെയും ചോദ്യോത്തര വേളയിലുമെല്ലാം ഉന്നയിച്ചു. എല്ലാം പദ്ധതി നടപ്പാക്കാന്‍ വേണ്ടിയായിരുന്നു.
 
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറാണ് ഉറപ്പിച്ചത്. അതനുസരിച്ച് പദ്ധതിക്ക് ആവശ്യമായ തുകയുടെ 57% സംസ്ഥാന സര്‍ക്കാറാണ് മുടക്കുന്നത്, 11 % കേന്ദ്ര സര്‍ക്കാര്‍, 32% മുടക്കുന്നത് അദാനി പോര്‍ട്ടും. ഇന്ത്യയില്‍ പിപിപി മോഡല്‍ പദ്ധതിയില്‍ 30 വര്‍ഷമാണ് ഒരു കമ്പനിക്ക് കരാര്‍ നല്‍കുക. എന്നാല്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി 10 വര്‍ഷം കൂട്ടി 40 വര്‍ഷം ആദാനിക്ക് നല്‍കി. നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കമായിരുന്നു തിടുക്കത്തിലുള്ള കരാര്‍ ഒപ്പ് വെക്കല്‍. ഏറ്റവും കൂടുതല്‍ പണം മുടക്കിയ സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തില്‍ നിന്നുള്ള വരുമാനം കിട്ടണമെങ്കില്‍ 15 വര്‍ഷം കാത്തിരിക്കണം, അതും ഒരു ശതമാനം.
 
ആസ്തി പണയം വെക്കാന്‍ അദാനി ഗ്രൂപ്പിന് അനുവാദം നല്‍കിയത്, ടെര്‍മിനേഷന്‍ പേമെന്റ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്ത ശേഷം പദ്ധതിയില്‍ വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇതെല്ലാം സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി എ ജി കണ്ടെത്തിയിട്ടുണ്ട്. പിണറായി മുഖ്യമന്ത്രിയായിട്ടും അദാനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ തയ്യാറായില്ല. പുതിയൊരു കരാറിലേക്ക് പോയാല്‍ നിയമക്കുരുക്കില്‍ കുടുങ്ങി വര്‍ഷങ്ങള്‍ എടുക്കുമെന്ന ന്യായമാണ് എല്‍ഡിഎഫ് നിരത്തിയത്. പിന്നെന്തിനാണ് ഇടതുപക്ഷം കരാറിനെ എതിര്‍ത്തതും സമരം നടത്തിയതെന്നും വ്യക്തമല്ല. 

മാത്രമല്ല അദാനി ഗ്രൂപ്പ് പറഞ്ഞ സമയത്ത് പദ്ധതി തീര്‍പ്പാക്കിയില്ലെങ്കില്‍ നഷ്ടപരിഹാരം വാങ്ങണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. കോവിഡ് കാലം കിഴിച്ചാലും പദ്ധതി തീരേണ്ട സമയം അതിക്രമിച്ചു. എന്നിട്ടും ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്നാണ് ആക്ഷേപം. അദാനിയുടെ പഴക്കിഴിക്ക് മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുകയാണെന്നും വിമർശനം ഉയർന്നു. മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗിന് അദാനിയെ ചുമതലപ്പെടുത്തിയത്, അത് ഇതുവരെയും കൃത്യമായി നടപ്പാക്കിയിട്ടില്ല. നിരവധി മത്സ്യത്തൊഴിലാളികളാണ് ഇവിടെ അപകടത്തില്‍ മരണപ്പെട്ടതെന്നാണ് ആരോപണം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia