P Jayarajanan | ആരോപണങ്ങളുടെ തീയേറ്റ് കണ്ണൂരിലെ ചെന്താരകം വാടുന്നുവോ, ജയരാജനാനെ പ്രതിരോധിക്കാൻ പാര്‍ട്ടി നേതൃത്വമില്ലേ?
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കോര്‍ഡിനേറ്ററാണെന്നുമാണ് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് വെളിപ്പെടുത്തിയത് കണ്ണൂരിലെ ചെന്താരകമായി അണികള്‍ വിശേഷിപ്പിക്കുന്ന നേതാവിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. മനുതോമസിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വമെത്താത്തതാണ് പി ജയരാജനെ ദുര്‍ബലനാക്കുന്നത്.
പാര്‍ട്ടിക്ക് പുറത്തെ പി ജയരാജന്റെ ഫാന്‍സ് ഗ്രൂപ്പായ റെഡ് ആര്‍മി നിയന്ത്രിക്കുന്നത് മകന്‍ ജെയിന്‍ രാജാണെന്നും വെളിപ്പെടുത്തിയ മനു തോമസ് ജയരാജനെിരേയും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മനു തോമസ് പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലേക്കും ചര്‍ച്ചയാവുകയാണ്. ഇതോടെ തിരഞ്ഞെടുപ്പ് തോല്‍വിക്കുണ്ടായ ആരോപണങ്ങള്‍ക്ക് താത്കാലിക ശമനമായിരിക്കുകയാണ്.
പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ മൗനം പാലിക്കുന്നുണ്ട്. ചില മുതിര്‍ന്ന നേതാക്കളുടെ മൗനസമ്മതം മനുവിന്റെ ആരോപണത്തിന് പിന്നിലുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പി ജയരാജനെതിരേ ആരോപണം ഉന്നയിച്ചപ്പോള്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവര്‍ രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് വാങ്ങപ്പെട്ടതാണ് എന്നായിരുന്നു എം.വി ജയരാജന്റെ ആരോപണം. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്കെതിരേയായിരുന്നു ആരോപണം. എന്നാല്‍, ഇത്തരം സൈബര്‍ ഗ്രൂപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പി.ജയരാജന്റെ മകന്‍ ജെയിന്‍രാജ് ആണെന്നാണ് മനു തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ, എം.വി ജയരാജന്റെ സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരേയുള്ള ആരോപണവും പി ജയരാജന്റെ നേര്‍ക്കായി പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നു. 2019 ല്‍ പി ജയരാജനെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് വ്യക്തി പൂജാ വിവാദം മാത്രമല്ല കാരണമെന്നാണ് മനു തോമസിന്റെ വെളിപ്പെടുത്തലില്‍ വരുന്ന വിവരം. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും കാരണമായിയെന്നാണ് അദ്ദേഹം പറയുന്നത്. മനു തോമസ് ആരോപണം ഉന്നയിച്ച യുവജനകമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ പി.ജയരാജന്റെ അടുത്ത അനുയായി ആണ്.
2021 ല്‍ ചേര്‍ന്ന പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പി ജയരാജന്‍ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്നവെന്ന് ഒരു മുതിര്‍ന്ന നേതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് യോഗത്തില്‍ പി ജയരാജനും ആരോപണം ഉന്നയിച്ച നേതാവും കൈയാങ്കളിവരെയെത്തിയെന്നും റിപ്പോർട്ടുണ്ട്. തുടര്‍ന്ന്, സിപിഎമ്മില്‍ നിന്നും വിട്ടുനിന്ന പി ജയരാജന്‍ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായപ്പോഴാണ് വീണ്ടും പാര്‍ട്ടിയില്‍ സജീവമായതെന്നാണ് പറയുന്നത്. എന്നാല്‍, പി ജയരാജനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ ജില്ലാ സെക്രട്ടറി എം.വി ജയരാജനോ തയാറാകാത്തത് അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്.