Data | രാജ്യത്തെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ എവിടെപ്പോയി? കേന്ദ്ര സർക്കാർ മറുപടി വിചിത്രം!
20 ചോദ്യങ്ങള്‍ ലോക്‌സഭയിലും 15 എണ്ണം രാജ്യസഭയിലുമാണ് ഉന്നയിച്ചത്
ആദിത്യൻ ആറന്മുള
(KVARTHA) രാജ്യത്തെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 2015 നും 2023 നും ഇടയില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി, കൃഷി, ധനകാര്യം, ലിംഗഭേദം, നിയമം, നീതി എന്നിവയെക്കുറിച്ചുള്ള 35 പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്ക് തങ്ങളുടെ പക്കല്‍ വിവരങ്ങളൊന്നുമില്ലൊണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. 20 ചോദ്യങ്ങള്‍ ലോക്‌സഭയിലും 15 എണ്ണം രാജ്യസഭയിലുമാണ് ഉന്നയിച്ചത്. ഈ 35 ചോദ്യങ്ങളില്‍ 17 എണ്ണത്തിനും മറുപടി നല്‍കാത്തതിന് കാരണമായി പറയുന്നത്, ഈ വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്നാണ്.
വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ, പ്ലാസ്മാ ബാങ്കുകള്‍, പൊലീസുകാരുടെയും വിവരാവകാശ പ്രവര്‍ത്തകരുടെയും മരണം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഡാറ്റാ ശേഖരണത്തിലില്ലെന്നും അതത് സംസ്ഥാനങ്ങളുടെ പക്കല്‍ കാണുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന വാദം ഉന്നയിച്ചുകൊണ്ട് നിര്‍ണായക വിവരങ്ങളും അവയുടെ കണക്കുകളും സംബന്ധിച്ച ചോദ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയുന്നത് ആശങ്കാജനകമാണെന്ന് 'ജനങ്ങളുടെ അറിയാനുള്ള അവകാശം' എന്ന ദേശീയ പ്രചരണ പരിപാടിയുടെ കണ്‍വീനറായ അഞ്ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ അറിയാനുള്ള അവകാശം അര്‍ത്ഥശൂന്നമായി മാറും. ഡാറ്റായില്ലാതെ ഒരു കാര്യത്തിനും ആധികാരികത ഉണ്ടാവില്ല. പൊതുതാല്‍പ്പര്യങ്ങള്‍ക്ക് ഫലപ്രദമായ നയങ്ങളും പദ്ധതികളും നിയമങ്ങളും രൂപപ്പെടുത്തുന്നതിനുള്ള അടിത്തറയാണ് ഡാറ്റ. അവ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരുകളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഡാറ്റായില്ലാതെ പൗരന്മാര്‍ക്ക് വിവരാവകാശം ലഭ്യമാകില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഡാറ്റ പരമപ്രധാനമാണ്.
അതിനാല്‍ ഡാറ്റ സംരക്ഷിക്കാനാകാത്തത് രാജ്യത്തെ സംബന്ധിച്ച് പ്രധാന ആശങ്കയാണ്. 2019 മുതല്‍ 2024 ഫെബ്രുവരി വരെയുള്ള ലോക്‌സഭാ സമ്മേളന ദിനങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറവാണെന്നും (1952ന് ശേഷം) ഇത് രാജ്യത്തെ നിയമനിര്‍മാണം അടക്കമുള്ള എല്ലാ മേഖലകളെയും ബാധിച്ചെന്നും പിആര്‍എസ് ലെജിസ്ലേറ്റീവ് റിപ്പോര്‍ട്ടിൽ പറയുന്നു. രണ്ടാം മോദി സര്‍ക്കാര്‍ കാലാവധി അവസിപ്പിച്ച സമയത്ത്, ചോദ്യോത്തരവേളയില്‍ ഡാറ്റാ നല്‍കാത്ത പ്രധാനപ്പെട്ട പത്ത് വിഷയങ്ങള്‍ പരിശോധിക്കാം.
കോവിഡ് മഹാമാരി കാരണം എത്ര കുടിയേറ്റക്കാര്‍, ഡോക്ടര്‍മാര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ മരണപ്പെട്ടെന്ന വിവരം കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല എന്ന് പറയുന്നത് എത്ര കടുത്ത അനാസ്ഥയാണെന്ന് ആലോചിച്ച് നോക്കൂ. ലോക്ഡൗണിനെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് നടന്ന് പോയ കുടിയേറ്റ തൊഴിലാളികളുടെ മരണത്തെ കുറിച്ച് 2020 സെപ്തംബറില്‍ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നു. മടങ്ങിയെത്തിയ തൊഴിലാളികളെ കുറിച്ച് സംസ്ഥാന അടിസ്ഥാനത്തിലുള്ള വിവരം, മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരാഹാരം, സാമ്പത്തിക സഹായം, കോവിഡ് മൂലമുണ്ടായ തൊഴില്‍ നഷ്ടം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞിരുന്നു.
ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെയും ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ അടിസ്ഥാനത്തിലുള്ള കണക്കുകളെക്കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും 2020 സെപ്തംബറില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. അത്തരം വിവരങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ ആശ്വാസം തേടുന്ന വ്യക്തികള്‍ക്കായി ദേശീയ തലത്തിലുള്ള ഒരു ഡാറ്റാബേസ് നിലവിലുണ്ടെങ്കിലും, ആരോഗ്യ കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണെന്ന് ഊന്നിപ്പറയുന്നു.
കോവിഡ് മഹാമാരികാലത്ത് തൊഴിലെടുക്കുന്ന സ്ത്രീകളെ കുറിച്ച് 2020 സെപ്തംബറില്‍ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. മുന്‍കരുതലുകള്‍ എടുക്കാന്‍ അവരെ ഉപദേശിച്ചെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാനും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും പ്രോത്സാഹനം നല്‍കിയെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അങ്കണവാടി ജീവനക്കാര്‍, അംഗീകൃത ആശാപ്രവര്‍ത്തകര്‍, മിഡ് വൈഫുമാര്‍ എന്നിവര്‍ പകര്‍ച്ചവ്യാധി സമയത്ത് അവശ്യ സേവനങ്ങള്‍ നടത്തി. പക്ഷേ, ലോക്ക്ഡൗണിന് ശേഷം എത്ര സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് വനിതാ ശിശു വികസന മന്ത്രാലയം അറിയിച്ചു.
പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തെക്കുറിച്ചും പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണത്തെക്കുറിച്ചും 2021 നവംബറില്‍, ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തില്‍ ഇത് സംബന്ധിച്ച രേഖകളൊന്നുമില്ലെന്നും അതിനാല്‍ ചോദ്യങ്ങള്‍ അപ്രസക്തമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. രാജ്യസഭയിലും സമാനമായ പ്രതികരണങ്ങള്‍ ഉണ്ടായി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞതായി സംശയിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടോ എന്ന് 2022 മാര്‍ച്ചില്‍, ലോക്സഭയില്‍, പ്രതിപക്ഷം ചോദിച്ചു. സംസ്ഥാനങ്ങളോട് ഡാറ്റ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏതാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതികരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ ഇവരാരും സ്ഥിരീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പ്രതികരിച്ചു.
2020 മാര്‍ച്ച് ഒന്ന് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളുടെ വിശദാംശങ്ങളെക്കുറിച്ച് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ചോദ്യം 2020 സെപ്റ്റംബറില്‍ ലോക്സഭയില്‍ ഉണ്ടായി. മഹാമാരിയുടെ തുടക്കത്തില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍, ഓക്‌സിജനുള്ള കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ നല്‍കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പാടുപെട്ടിട്ടുണ്ടോയെന്നും അങ്ങനെയെങ്കില്‍, സാധാരണ, ഓക്‌സിജന്‍ ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യതയെക്കുറിച്ചും സര്‍ക്കാരിനോട് ചോദിച്ചു.
പൊതുജനാരോഗ്യവും ആശുപത്രികളും സംസ്ഥാന വിഷയമായതിനാല്‍ അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി, ഈ ആശുപത്രികളിലൊന്നും ഒരു കുറവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2023 ഡിസംബറില്‍, ലോക്സഭയിലെ ഒരു ചോദ്യം വിവരാവകാശ നിയമത്തിന് കീഴിലുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത അപ്പീലുകളെ കുറിച്ചും സംസ്ഥാനാടിസ്ഥാനത്തിലും, കേന്ദ്ര വിവരാവകാശ കമ്മീഷനിലും ഇവ തീര്‍പ്പുകല്‍പ്പിക്കാത്തതിലുള്ള കാരണങ്ങളും പരിഹാര നടപടികളും ചോദിച്ചിരുന്നു. തീര്‍പ്പാക്കാത്ത അപ്പീലുകളുടെ വിവരങ്ങള്‍ സംസ്ഥാന വിവരാവകാശ കമ്മീഷനുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ഒമ്പത് വര്‍ഷമായി പരാതി പരിഹാര നിരക്ക് കൂടിയത് കാരണം തീര്‍പ്പ് കല്‍പ്പിക്കാത്തവയുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും അറിയിച്ചു. എന്നാല്‍ കണക്കുകള്‍ നല്‍കിയില്ല.
വിവരാവകാശ പ്രവര്‍ത്തകരെ സംരക്ഷിക്കുക, വിവരാവകാശ പ്രവര്‍ത്തകരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ന്യായമായ വിചാരണ നടപടികള്‍ എന്നിവയെക്കുറിച്ച് 2015 ഡിസംബറില്‍ ലോക്സഭയില്‍ ചോദ്യം ഉന്നയിച്ചു. പരാതിക്കാരനെ ഇരയാക്കുകയോ കൊല്ലുകയോ ചെയ്തതായി സ്ഥിരീകരിച്ച സംഭവങ്ങളൊന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിലും നടപ്പുവര്‍ഷത്തിലും ഉണ്ടായിട്ടില്ലെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെ ഉദ്ധരിച്ച് സര്‍ക്കാര്‍ പറഞ്ഞു. എന്നിരുന്നാലും, രണ്ട് കേസുകളില്‍, ഒരു പരാതിക്കാരന്‍ തന്നെ ഇരയാക്കിയതായി ആരോപിച്ചെന്നും അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചില വിവരാവകാശ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും ഇവ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ല.
2019 മുതല്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരുടെയും നിലവില്‍ വിചാരണ നേരിടുന്നവരുടെയും എണ്ണം 2022 ജൂലൈയില്‍, ലോക്സഭയില്‍ ചോദിച്ചു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പോലീസ് വകുപ്പ് സംസ്ഥാന വിഷയങ്ങളാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെക്കുറിച്ച് പ്രത്യേക വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2020 ഫെബ്രുവരിയില്‍, 'ലവ് ജിഹാദ്' സംബന്ധിച്ച കേരള ഹൈക്കോടതിയുടെ നിലപാടിനെക്കുറിച്ചും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതെങ്കിലും കേസുകളെക്കുറിച്ചും ലോക്സഭയില്‍ ചോദ്യം ഉയര്‍ന്നു. 'ലവ് ജിഹാദ്' നിയമപരമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള രണ്ട് മിശ്രവിവാഹ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചുവെന്നും മറുപടി നല്‍കി.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരായ നടപടികള്‍, സംസ്ഥാനതലത്തിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍, മതവിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍, സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രത്യേക ആള്‍ക്കൂട്ട വിരുദ്ധ നിയമത്തിന്റെ സാധ്യത എന്നിവയെക്കുറിച്ച് 2022 ഡിസംബറില്‍, രാജ്യസഭയില്‍ ഒരു ചോദ്യം ഉയര്‍ന്നു. കുറ്റകൃത്യങ്ങള്‍ തടയലും വിചാരണയും സംസ്ഥാന അധികാരപരിധിയില്‍ വരുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2017 മുതല്‍ 2021 വരെയുള്ള വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ മാത്രമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്നതെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് പ്രത്യേകം വിവരങ്ങള്‍ നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെ നേരിടാന്‍ ക്രിമിനല്‍ നിയമങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാനും പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും അറിയിച്ചു.
രാജ്യത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാതെ കടുത്ത അനാസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയതെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
കടപ്പാട്: ഇന്ത്യാ സ്‌പെന്‍ഡ്