Missing | ഒരു മനുഷ്യനെ കാണാതായിട്ട് മണിക്കൂറുകളായി, ഇവിടെ നടക്കുന്നത് പരസ്പരം പോർവിളിയും ന്യായീകരണവും; ഇതെന്ത് നാണക്കേടാണ്! കുറ്റം ആരുടെ ഭാഗത്ത്?
മിന്റാ മരിയ തോമസ്
(KVARTHA) 10 മണിക്കൂർ കഴിഞ്ഞിട്ടും ഒരു പാവപ്പെട്ട തൊഴിലാളിയെ (Labor) കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടലിൽ അല്ല, ഒരു തോട്ടിൽ വീണ ഒരു മനുഷ്യനെ 12 മണിക്കൂർ കഴിഞ്ഞിട്ടു കണ്ടത്താൻ പറ്റിയില്ല. ആരെയും കുറ്റം പറയുന്നില്ല. പറഞ്ഞാൽ തന്നെ ആര് കുറ്റം ഏറ്റെടുക്കും. തിരുവനന്തപുരം കോർപറേഷന്റെ (Thiruvananthapuram Corporation) അനാസ്ഥയാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ കോർപറേഷനെയും മേയറെയും (Mayor) അനുകൂലിക്കുന്നവർ പറയുന്നത് അത് കേന്ദ്ര റെയിൽവേ (Railway) മന്ത്രാലയത്തിൻ്റെ കുഴപ്പമാണെന്ന് . അങ്ങനെ പരസ്പരം പഴിചാരലും പോർവിളിയും ഇവിടെ ഇങ്ങനെ അരങ്ങു തകർക്കുമ്പോൾ ആര് ആരോട് പരാതി പറയും. നഷ്ടപ്പെട്ടത് ഒരു കുടുംബത്തിൻ്റെ അത്താണിയായ ആൾ.
എന്താ നമ്മുടെ കേരളത്തിന്റെ അവസ്ഥ? കേരളത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. ഇതെന്ത് നാണക്കേടാണ്! ഇപ്പോൾ കേൾക്കുന്ന വാർത്തകൾ പ്രകാരം തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് (Amayizhanchan canal) വൃത്തിയാക്കാനിറങ്ങി കാണാതായ (Missing) മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചിൽ തുടരുന്നു എന്നതാണ്. ആളെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഞായറാഴ്ച രാവിലെ ഏഴോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍ഫ് (NDRF) സംഘം നേതൃത്വം നല്‍കുന്ന തിരച്ചിലിൽ റോബോട്ടിക് യന്ത്രത്തിന്‍റെയും സഹായമുണ്ട്. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷമായിരിക്കും ടണലിനുള്ളിലെ തിരച്ചില്‍ നടത്തുക.
മാലിന്യം നീക്കം ചെയ്യാനാണ് റോബോട്ടുകളുടെ സഹായം തേടിയത്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ ജോയി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറയുന്നു. സംഭവം നടന്ന് 20 മണിക്കൂർ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല എന്നതും നമ്മുടെ നാടിന് നാണക്കേട് ഉണ്ടാക്കുന്ന ഒരു സംഭവം തന്നെയാണ്. ഇതിൻ്റെ ഉത്തരവാദികൾ ആരായാലും അവർക്ക് ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒരിക്കലും ആരെയെങ്കിലും പഴിചാരി ഒഴിഞ്ഞു മാറാൻ സാധിക്കുകയില്ല.
അല്ലെങ്കിൽ തന്നെ ഒരാളുടെ ജീവന് ഇത്ര വിലയേ ഉള്ളൂ? ഇവരുടെ ഒരോരുത്തരുടെയും വാദങ്ങൾ കേൾക്കുമ്പോൾ അങ്ങനെ തോന്നുക സ്വഭാവികം ആണ്. ഇത്തരം മാലിന്യക്കുഴികളിൽ ശുചിയാക്കുന്നതിന് ആളെ ഇറക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും, ആളെ ഇറക്കുന്നുവെങ്കിൽ അവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും സുപ്രീംകോടതി 2023 ഒക്ടോബർ മാസം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. അങ്ങനെ ആവശ്യമായ സുരക്ഷസൗകര്യങ്ങൾ ഒരുക്കാത്ത കോർപറേഷൻ തന്നെ ആണ് ഈ സംഭവത്തിലെ ആദ്യത്തെ പ്രതിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താൻ സാധിക്കും. മാലിന്യം തൊട്ടിലേക്കു ഒഴുക്കി വിട്ട കോർപറേഷൻ പരാജയം മാത്രമല്ല കുറ്റക്കാർ കൂടെയാണെന്നാണ് വിമർശനം.
റെയിൽവേയുടെ ഭാഗം ഒഴിച്ചുള്ള തോട് കോർപറേഷൻ വൃത്തിയാക്കാത്തത് കൊണ്ടുള്ള ദുരന്തം ആണ് ഇത് . ഇത്രേം സന്നാഹം മതിയായിരുന്നു മഴ തുടങ്ങുന്നതിന് മുൻപേ ഓട വൃത്തിയാക്കാൻ. 'കഴിവുകെട്ട ഉദ്യോഗസ്ഥരും, കോർപറേഷൻ സംവിധാനവും', എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്? കോർപറേഷന്റെ മഴക്കാല ശുചീകരണ വീഴ്ചയും സർക്കാരിന്റെ രക്ഷാപ്രവർത്തനവും പരാജയം ആണെന്ന് നാട്ടുകാർക്ക് ബോധ്യപ്പെട്ടിട്ടും നഗരസഭ പ്രതിപക്ഷം ആയ ബിജെപിയും കോൺഗ്രസും മിണ്ടുന്നില്ല എന്നതും ആരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഇനി ഇങ്ങനെ നഗരത്തിൽ ഓടയിൽ ഒക്കെ മാലിന്യ കൂമ്പാരം വന്നു കഴിഞ്ഞാൽ, ആളുകളെ എങ്ങനെ ഇറക്കണമെന്നും, എന്ത് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നുള്ള. കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടതുണ്ട്.
സാങ്കേതികവിദ്യ ഉപയോഗിക്കണം ഈ പുതിയ ഹൈടെക് യുഗത്തിൽ. എന്തുകൊണ്ട് എ ഐ ടെക്നോളജി ഉപയോഗിക്കാത്തത്? അതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി കോർപറേഷനെയും മേയറെയും പഴിചാരുന്നവരോട് ഒരു ചോദ്യം ചോദിക്കുകയാണ്. ഈ കാണാതെ ആയ ആൾ ആരുടെ കരാറുകാരൻ ആണ്? റെയിൽവേയുടെ ഭൂമിയിൽ മാലിന്യം നീക്കാൻ റെയിൽവേ കരാർ ഏറ്റെടുത്ത് റെയിൽവേ ഏർപ്പെടുത്തിയ റെയിൽവേയുടെ താത്കാലിക ജീവനക്കാരനാണ് ജോയി. ഇത്ര നേരം റെയിൽവേയുടെ ഒരു ഉദ്യേഗസ്ഥരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന ആക്ഷേപവുമുണ്ട്.
റെയിൽവേയുടെ ഭാഗം ശുചീകരണം നടത്തുന്നത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്. പലതവണ നോട്ടീസ് കൊടുത്തതിനുശേഷം ആണ് റെയിൽവേ കരാറുകാരെ നിയമിച്ചത്. റെയിൽവേ കരാറുകാരന്റെ തൊഴിലാളിയെ ആണ് കാണാതായത്. ഇതിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്കും ഉണ്ട്. പകൽ മുഴുവനും ഇത്രയും വലിയ സംഭവമുണ്ടായിട്ടും റെയിൽവേ ഉദ്യോഗസ്ഥർ അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നതും പൊതുസമൂഹം കണ്ണുതുറന്ന് കാണേണ്ടതു തന്നെയാണ്. റെയിൽവേ പ്ലാറ്റ് ഫോമിന് അടിയിൽ കൂടി ഒഴുകുന്ന സാമാന്യം വലിയ ഒരു തോട്. അതിനെ ഒരു കലുങ്ക് രൂപത്തിൽ ആക്കി തോടിൻ്റെ സ്വാഭാവിക ഒഴുകിന് തടസം സൃഷ്ടിച്ചു. ഇത് പൊളിച്ചു തോടിൻ്റെ വലിപ്പത്തിൽ പണിതാൽ തമ്പാനൂരും പരിസര പ്രദേശത്തും വെള്ളം കയറുന്നത് തടയാം. അങ്ങനെയുള്ള വഴികളാണ് ഇനി നോക്കേണ്ടത്.
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ തെക്ക് വശം റോഡിൽ നോക്കിയാൽ കാണാം ടണലിന്റെ മുകൾ തട്ടുവരെ കുപ്പിയും പ്ലാസ്റ്റിക്കും മറ്റുള്ള സകല മാലിന്യങ്ങളും മുട്ടി മുട്ടിനിൽക്കുന്നത്. മഴക്കാലമല്ല, വലിയ വറുതി സമയം പോലും ഈ കാഴ്ച കാണാം. ആമയെന്നല്ല ഒരു ജീവിയും ഈ തോടിൽ കാണില്ല. അത്രയ്ക്ക് വിഷമാണ് ആ വെള്ളത്തിൽ. പവർ ഹൗസ് റോഡിൽ ചെന്നാലും കാണാം കുഴമ്പ് പരുവത്തിലുള്ള ഈ വിഷത്തോട്. എന്നിട്ടും മേയറും മന്ത്രിയുമൊക്കെ അതിനെ ലാഘവത്തോടെ കാണുന്നു എന്നാണ് ആക്ഷേപം, അവർ പറയുന്നു ഈ മാലിന്യം മൊത്തം റയിൽവേയുടെ വകയാണെന്ന്. ഇത് ആരെ ബോധ്യപ്പെടുത്താൻ. ഇനിയും നിങ്ങൾ പലരെയും ഇങ്ങനെ ന്യായീകരിച്ച് ന്യായീകരിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടുന്നത് മനുഷ്യ ജീവനാണെന്ന് മറക്കേണ്ട.
സ്ഥിരം നടക്കുന്ന നാടകം. ഒരു ദുരന്തം സംഭവിച്ചു കഴിയുമ്പോ, ഞെട്ടി, ആഞ്ഞടിച്ചു. പിന്നെ ഒരു അന്വേഷണം. എല്ലാം ശുഭം. ഈ അവസരത്തിൽ ഈ വിഷയത്തെ ബന്ധപ്പെടുത്തി ഒരു പ്രവാസി സഹോദരൻ ഇട്ട ഒരു കമൻ്റ് ശ്രദ്ധയാകർഷിക്കുന്നു. മനേഷ് തമ്പലക്കാട് എന്ന ഉപയോക്തവാവ് പറയുന്നത് ഇങ്ങനെ,'ഞാൻ ബാഡ് ആയിട്ടു പറയുകയല്ല. അതൊക്കെ യുഎഇയെ കണ്ടുപഠിക്കു. ഇവിടെ ഞങ്ങൾക്ക് സുഖം ആണ്. അതുകൊണ്ടാണ് എല്ലാവരും ഇങ്ങോട്ട് പോരുന്നത്. ഇവിടെ മതം ഇല്ല ജാതി ഇല്ല. ഇവിടെ ഞങ്ങൾ സുരക്ഷിതരാണ്'.