Revelation | ജയരാജന്മാർ ആത്മകഥയെഴുതുമ്പോൾ പാർട്ടിയിൽ പ്രകമ്പനമുണ്ടാകുമോ? ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

 
EP Jayarajan and P Jayarajan, prominent political figures
EP Jayarajan and P Jayarajan, prominent political figures

Photo Credit: Facebook/ P Jayarajan, E.P Jayarajan

● ഇ.പി ജയരാജനും പി. ജയരാജനും തങ്ങളുടെ ആത്മകഥകൾ എഴുതുന്നു.
● പാർട്ടിയിലെ ആന്തരിക കലഹങ്ങളും വിവാദങ്ങളും ആത്മകഥയിൽ ഉൾപ്പെടും.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ജില്ലയിലെ രണ്ട് രാഷ്ട്രീയ അതികായകൻമാരായ ആത്മകഥയെഴുതുമ്പോൾ അതു പ്രകമ്പനം തന്നെ സൃഷ്ടിച്ചേക്കാം. പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുകയും എന്നാൽ ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കണ്ണൂരിലെ ജയരാജൻമാർ ആത്മകഥയിൽ എന്തൊക്കെ തുറന്നു പറയുമെന്ന ആകാംക്ഷ രാഷ്ട്രീയ കേരളത്തിനുണ്ട്.

EP Jayarajan and P Jayarajan, prominent political figures

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ് ഇപി ജയരാജൻ. പാർട്ടി പരിപാടികളിലോ പൊതു പരിപാടികളിലോ അദ്ദേഹം പങ്കെടുക്കുന്നില്ല സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കുടിയായ ഇ.പി ജയരാജൻ രാഷ്ട്രീയ ജീവിതത്തിൽ നിന്നും റിട്ടയർമെൻ്റ് സ്വയം പ്രഖ്യാപിച്ച നേതാവ് കൂടിയാണ്. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് കഴിഞ്ഞു വരവെ ആന്ധ്രയിൽ ട്രെയിൻ എത്തിയപ്പോൾ രാഷ്ട്രീയ എതിരാളികളുടെ വധശ്രമമത്തിന് ഇരയായ സി.പി.എം നേതാവ് കൂടിയാണ് ഇ.പി ജയരാജൻ. 

ആ വെടിയുണ്ട ഇപ്പോഴും തൻ്റെ പിൻകഴുത്തിൽ അലിയാതെ കിടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തനിക്കെതിരെ നടന്ന അക്രമത്തിൻ്റെ തിക്തഫലങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇ.പി ജയരാജൻ എംഎൽഎയും മന്ത്രിയുമൊക്കെയായി നിറഞ്ഞുനിന്ന വ്യക്തിത്വം കൂടിയാണ്. എന്നാൽ ഇപ്പോൾ പാർട്ടിക്കുള്ളിൽ കഷ്ടകാലമാണ് ഇപിക്ക്. തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയും പി.ബിയുമൊക്കെയായി പാർട്ടി തലപ്പത്ത് എത്തിയത് ഇ പിയെ വ്രണപ്പെടുത്തിയിരുന്നു. 

ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി മകൻ്റെ ആക്കുളത്തെ ഫ്ളാറ്റിൽ നടത്തിയ കൂടിക്കാഴ്ച്ച എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്തേക്ക് വഴി തെളിയിച്ചതോടെ പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ് ഇ.പി ജയരാജൻ. പാർട്ടിയിൽ വിഭാഗീയതയുടെ നിഴൽ യുദ്ധം നടന്ന കാലത്ത് പിണറായി വിജയൻ്റെ കൂടെ തോളോട് തോൾ ചേർന്ന് യുദ്ധം ചെയ്ത ഇ.പിയെ എല്ലാവരും കൈയ്യൊഴിഞ്ഞിരിക്കുകയാണ്. കഷ്ടക്കാലം വരുമ്പോൾ കൂട്ടത്തോടെയെന്നതുപോലെ പാർട്ടിയിൽ തൻ്റെ അപ്രാമാദിത്വവും സ്വാധീനവും വിലപ്പോവില്ലെന്ന സ്വയം തിരിച്ചറിവിലാണ് കണ്ണൂരിലെ അതികായകനിപ്പോൾ. 

കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന ചടയൻ അനുസ്മരണ പരിപാടിയിൽ നിന്നും ഇ.പി ജയരാജൻ വിട്ടു നിന്നത് ബോധപൂർവമാണെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹം ആയുർവേദ ചികിത്സയിലായതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വിശദീകരണം ഇപിയുമായി അടുത്ത വൃത്തങ്ങൾ തള്ളിക്കളയുകയാണ്.

ആത്മകഥയിലെ കഥാപാത്രങ്ങൾ

നീണ്ട അൻപതു വർഷത്തെ രാഷ്ട്രീയജീവിതത്തിൽ തനിക്കുണ്ടായ നല്ലതും മോശവുമായ അനുഭവങ്ങൾ ഇ.പി തുറന്നെഴുതുമ്പോൾ ആരൊക്കെ കഥാപാത്രങ്ങളായി വരുമെന്ന ചോദ്യം ഉയരുന്നുണ്ട്. കെ.എസ്.വൈ.എഫ് കാലം മുതൽ പാർട്ടിയിലെ രാഷ്ട്രീയ ഗുരുവായ എം.വി രാഘവൻ, ഒരുമിച്ചു പോരാടിയ പിണറായി വിജയൻ, ആദ്യം അടുക്കുകയും പിന്നെ അകലുകയും ചെയ്ത വി.എസ് അച്യുതാനന്ദൻ, യുവജന പ്രസ്ഥാനത്തിൽ ഒരുമിച്ചു പ്രവർത്തിച്ച പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവർ ആത്മകഥയിൽ ഇടം പിടിക്കുന്ന പേരുകളാണ്. 

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന വേളയിൽ നടന്ന രാഷ്ട്രീയ കലാപങ്ങൾ, അതിജീവിച്ച മൂന്ന് വധശ്രമങ്ങൾ, കോൺഗ്രസ് നേതാവ് കെ സുധാകരനുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം, ആന്ധ്രയിലെ വാറംഗലിൽ നിന്നും ട്രെയിനിൽ നിന്നുള്ള വധശ്രമം ഇതൊക്കെ ആത്മകഥയിലെ സ്തംഭജനക മായ അധ്യായങ്ങളായി അവതരിപ്പിച്ചേക്കാം. പാർട്ടിയിലെ സഹയാത്രികയായ പി.കെ ശ്രീമതിയുടെ സഹോദരി പി.കെ ഇന്ദിരയുമായുള്ള വിവാഹവും കുടുംബ ജീവിതവും ആത്മകഥയിൽ ഉൾക്കൊള്ളിച്ചേക്കാം.

കേരളത്തെ പിടിച്ചു കുലുക്കിയ ലോട്ടറി മാഫിയാ തലവൻ സാൻഡിയാഗോ മാർട്ടിനിൽ നിന്നും കോടികൾ ബോണ്ടായി വാങ്ങിയ വിവാദവും ബന്ധുനിയമന ആരോപണത്തെ തുടർന്ന് മന്ത്രി പദവി നഷ്ടപ്പെട്ടതുമായ കാര്യങ്ങളിൽ ഉള്ളുതുറന്ന ഏറ്റുപറച്ചിലിന് ഇപി ജയരാജൻ തയ്യാറെയേക്കും. ഏറ്റവും ഒടുവിൽ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവേദക്കറുമായി നടത്തിയ കൂടിക്കാഴ്ചയും അവസാന അധ്യായങ്ങളിൽ ഇടം പിടിച്ചേക്കും.

തുറന്നു പറച്ചിലുകൾ പ്രകമ്പനമാവും

തനിക്ക് സമകാലികനായിരുന്ന മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്തും അകന്നുമായിരുന്നു ഇ പിയുടെ രാഷ്ട്രീയ ജീവിതം എങ്കിലും ഇരുവരും പരസ്പരം ഒളിയുദ്ധങ്ങൾ നടത്തിയില്ല. പലപ്പോഴും ഇ.പിയെ കൈവിടേണ്ട നിസഹായതയും കോടിയേരിക്കുണ്ടായി. എതിർപ്പുണ്ടായിരുന്നുവെങ്കിലും കോടിയേരിയുടെ മക്കൾക്കെതിരെ കേസുകളും ആരോപണങ്ങളും ഉയർന്നപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ജയരാജൻ വിമർശകർക്കൊപ്പം ചേരാതെ മൗനം പാലിക്കുകയായിരുന്നു.

എന്നാൽ പിന്നീട് തൽസ്ഥാനത്ത് വന്ന എം.വി ഗോവിന്ദനുമായുള്ള ബന്ധം അത്തരത്തിൽ ഒന്നായിരുന്നില്ല. ഉഷ്മളത കുറയുകയും പരസ്പരം സംശയത്തോടെ വീക്ഷിക്കുകയും ചെയ്ത രണ്ട് ഉന്നത നേതാക്കളെയാണ് രാഷ്ട്രീയ കേരളം കണ്ടത്. നിർത്താതെയുള്ള കടന്നാക്രമണങ്ങളും പ്രതിരോധവുമാണ് പാർട്ടിക്കുള്ളിൽ ഇരുനേതാക്കളും നടത്തിയത്. ഒടുവിൽ ഒളിയമ്പു കൊണ്ടു മുറിവേറ്റ ജയരാജന് സ്ഥാനചലനമുണ്ടാവുകയും ചെയ്തു. പാർട്ടിയിൽ തനിക്കേറ്റ തിരിച്ചടിയും മോഹഭംഗങ്ങളും ഇ.പി തുറന്നെഴുതുമ്പോൾ അതിൽ പ്രതി നായകകഥാപാത്രമായി എം.വി ഗോവിന്ദനും മാറിയേക്കാം.

ബദൽ ആത്മകഥയുമായി പി ജെയും

കണ്ണൂരിലെ പാർട്ടി അണികളുടെ ചെന്താരകമായ പി ജയരാജനും ആത്മകഥയെഴുതുമെന്ന് പ്രഖ്യാപിച്ചതോടെ സി.പി.എമ്മിനുള്ളിൽ സന്ദേഹമുയരുന്നുണ്ട്. ഇപിക്ക് ബദലായി ഒരുങ്ങുന്ന ആത്മകഥയിൽ പാർട്ടിയിൽ തന്നെ ഒതുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന കഥാപാത്രമായി മാറുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇ പി ജയരാജനെപ്പോലെ രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിന് ഇരയായ നേതാവാണ് പി ജയരാജനും കിഴക്കെ കതിരൂരിലെ വീട്ടിൽ വെച്ചാണ് തിരുവോണ നാളിൽ അദ്ദേഹം ആർ.എസ്.എസുകാരാൽ വധശ്രമത്തിന് ഇരയായത്. 

തലനാരിഴയ്ക്കു രക്ഷപ്പെട്ട പി. ജയരാജൻ കൈപ്പത്തിയില്ലാത്ത ഒരു കയ്യുമായാണ് ജീവിക്കുന്നത്. കുത്തുപറമ്പ് മണ്ഡലം എം.എൽ.എസി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പി ജയരാജന് ചുറ്റും വിവാദങ്ങളുടെ പ്രഭാവലയം നിലനിന്നിരുന്നു. വ്യക്തി പൂജ വിവാദമുയർന്നതിനെ തുടർന്നാണ് അണികൾ പി.ജെ യെന്നു വിളിക്കുന്ന പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താവുന്നത്. 

വടകര പാർലമെൻ്റ് മണ്ഡലത്തിൽ 2019 ൽ മത്സരിച്ചു തോറ്റ അദ്ദേഹത്തിന് പാർട്ടി മുഖ്യധാരയിലേക്ക് തിരിച്ചു വരാനെ കഴിഞ്ഞിട്ടില്ല. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി വഹിക്കുന്ന ജയരാജൻ എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതു മുതൽ തിരിച്ചുവരവിൻ്റെ പാതയിലാണ്. ഇ പിയെന്ന അതികായകനെ പാർട്ടിക്കുള്ളിൽ വീഴ്ത്തിയത് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണങ്ങളാണ്. ഇതിന് പിന്നിൽ എം.വി ഗോവിന്ദൻ്റെ പിൻതുണയുണ്ടെന്നത് രഹസ്യമല്ലെന്നാണ് പറയുന്നത്.

വെളിച്ചം വീശുന്ന ആത്മകഥകൾ

കമ്യുണിസ്റ്റ് നേതാക്കൾ രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന കാലങ്ങളിൽ ആത്മകഥയെഴുതുന്നത് അസ്വാഭാവികമല്ല. എ.കെ ജിയും ഇ.എം.എസും നായനാരും എം.വി.ആറുമെല്ലാം ആത്മകഥയെഴുതിയവരാണ്. ഏറ്റവും ഒടുവിൽ കെ കെ ശൈലജയുടെ ആത്മകഥയും പുറത്തിറങ്ങി. കെ.പി.ആർ ഉൾപ്പെടെയുള്ള തീപ്പൊരി നേതാക്കളുടെ ആത്മകഥാഖ്യാനങ്ങളും കേരളം ശ്വാസമിടിപ്പോടെ വായിച്ചിരുന്നു. കെ.ആർ ഗൗരിയമ്മയും സി അച്യുതമേനോനുമൊക്കെ ആത്മകഥയിൽ തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ ഇരുളും വെളിച്ചവും തുറന്നു പറഞ്ഞിട്ടുണ്ട്. 

എന്നാൽ ബർലിൻ കുഞ്ഞനന്തൻ നായരെഴുതിയ പൊളിച്ചെഴുത്തെന്ന ആത്മകഥ മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധികരിക്കുമ്പോൾ തന്നെ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. അതിൻ്റെ അലയൊലികൾ രാഷ്ട്രീയ കേരളത്തിൽ തങ്ങി നിൽക്കുകയും ചെയ്തിരുന്നു സഖാക്കളെ മുന്നോട്ടെന്ന പി കൃഷ്ണപിള്ളയുടെ ആത്മകഥാംശങ്ങൾ ചേർന്ന ജീവ ചരിത്രം ഇന്നും ഇടതു മനസുള്ളവർക്ക് ആവേശമാണ്.

#KeralaPolitics #CPI(M) #autobiography #EPJayarajan #PJayarajan #controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia