Joe Biden | ദൈവം പറഞ്ഞാലേ മത്സരരംഗത്ത് നിന്നും പിന്മാറുകയുള്ളൂ; ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ള വാദത്തെ തള്ളി ജോ ബൈഡന്‍
ക്ഷീണം മറികടക്കാന്‍ ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാര്‍ടി ഒരുക്കിയത് വിവിധ അഭിമുഖ പരമ്പരകള്‍
ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യനായ മറ്റൊരാളില്ലെന്നും വാദം
വാഷിങ് ടന്‍: (KVARTHA) ദൈവം പറഞ്ഞാലേ താന്‍ മത്സരരംഗത്തുനിന്നും പിന്മാറുകയുള്ളൂവെന്ന് വ്യക്തമാക്കി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ള വാദത്തെ തള്ളിയ അദ്ദേഹം താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണമായും തയാറെടുത്തുവെന്നും വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അറ്റ് ലാന്റയില്‍ റിപബ്ലികന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപുമായുള്ള ആദ്യ ടിവി സംവാദത്തില്‍ ബൈഡന്‍ മോശം പ്രകടനം നടത്തിയെന്ന വിലയിരുത്തല്‍ പൊതുവെ ഉയര്‍ന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റ് പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന ആവശ്യവുമായി പാര്‍ടി അണികളും നേതാക്കളും രംഗത്തെത്തി.
ജനങ്ങള്‍ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനല്‍ സംവാദം പരാജയപ്പെട്ടതാണ് ബൈഡനെയും ഡെമോക്രാറ്റുകളെയും ആശയ കുഴപ്പത്തിലാക്കുന്നത്. അതിന്റെ ക്ഷീണം മറികടക്കാന്‍ ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാര്‍ടി വിവിധ അഭിമുഖ പരമ്പരകള്‍ ഒരുക്കുകയും ചെയ്തു.
പാര്‍ടിയില്‍ ബൈഡനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പ് ഇല്ലാതാക്കാന്‍ കൂടിയാണ് എബിസി ന്യൂസിന്റെ 22 മിനുറ്റ് ദൈര്‍ഘ്യം വരുന്ന അഭിമുഖത്തിലൂടെ ഡെമോക്രാറ്റ് പാര്‍ടി കാംപ് ശ്രമിക്കുന്നത്. ട്രംപുമായുള്ള ആദ്യ സംവാദ ദിവസം ക്ഷീണിതനായിരുന്നുവെന്നും അസുഖബാധിതനായിരുന്നുവെന്നും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പുതിയ അഭിമുഖത്തില്‍ ബൈഡന്‍ വിശദീകരിക്കുന്നുണ്ട്. ഒരു സംഘം ഡോക്ടര്‍മാര്‍ എപ്പോഴും തനിക്കൊപ്പമുണ്ടെന്നും അവരോട് കോവിഡ് പരിശോധന നടത്തിയിരുന്നോ എന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യനായ മറ്റൊരാളില്ലെന്നും ബൈഡന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നു. സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞുവെന്നും ബൈഡന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതേസമയം, മാനസിക ആരോഗ്യത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ബൈഡന്‍ തയാറായില്ല.
ബൈഡന്റെ വാക്കുകള്‍:
ട്രംപുമായുള്ള സംവാദത്തിന്റെ തലേന്ന് ക്ഷീണിതനായിരുന്നു. സംവാദത്തിന് തയാറാകുന്നതിനെ അതു ബാധിച്ചു. ഡോക്ടര്‍മാര്‍ എനിക്കൊപ്പം എപ്പോഴുമുണ്ട്. കോവിഡ് പരിശോധന നടത്തിയോ എന്നും ഞാന്‍ അവരോട് ചോദിച്ചിരുന്നു. അണുബാധയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അതു വൈറസ് കാരണമായിരുന്നില്ല. കടുത്ത ജലദോഷം ഉണ്ടായിരുന്നു.
ഡെമോക്രാറ്റ് പാര്‍ടിയിലെ പ്രമുഖ നേതാക്കന്മാര്‍ ആരും മത്സരത്തില്‍നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. ദൈവം വന്നു പറഞ്ഞാല്‍ മാത്രമേ മത്സരത്തില്‍നിന്നു പിന്മാറൂ- എന്നും അദ്ദേഹം പറഞ്ഞു. സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.