Congress | സുധാകരനുമായി അടുക്കാന്‍ കെ മുരളീധരന്‍; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു?
ലീഡര്‍ കെ കരുണാകരന്‍ ജന്മദിന അനുസ്മരണത്തില്‍ കെ സുധാകരനെ മാത്രമാണ് മുരളീധരന്‍ ക്ഷണിച്ചതെന്ന വിഷയം കോണ്‍ഗ്രസില്‍ പുകയുന്നുണ്ട്
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസിനുളളില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അണിയറ നീക്കങ്ങള്‍ സജീവമായി. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനുമായി, തൃശൂരില്‍ തോറ്റ കെ മുരളീധരന്‍ നടത്തുന്ന രഹസ്യധാരണയുടെ നീക്കങ്ങള്‍ വരുംദിനങ്ങളില്‍ കോണ്‍ഗ്രസില്‍ പുതിയ ധുവ്രീകരണത്തിന് വഴിതുറയ്ക്കുകയാണ്. ലീഡര്‍ കെ കരുണാകരന്‍ ജന്മദിന അനുസ്മരണത്തില്‍ കെ സുധാകരനെ മാത്രമാണ് മുരളീധരന്‍ ക്ഷണിച്ചതെന്ന വിഷയം കോണ്‍ഗ്രസില്‍ പുകയുന്നുണ്ട്.
കെ മുരളീധരന്റെ നേതൃത്വത്തില്‍ ജൂലായ് അഞ്ചിന് തിരുവനന്തപുരത്താണ് ലീഡര്‍ അനുസ്മരണ സമ്മേളനം നടക്കുന്നത്. ഈ പരിപാടിയില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയോ എം.എം ഹസനെയോ ക്ഷണിച്ചിട്ടില്ലെന്നതാണ് ചര്‍ച്ചയാകുന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിക്ക് ശേഷം മുരളീധരനെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ച ഒരേയൊരു നേതാവ് കെ സുധാകരന്‍ മാത്രമായിരുന്നു.
കോഴിക്കോടുള്ള വീട്ടില്‍ച്ചെന്നായിരുന്നു സുധാകരന്‍ മുരളീധരനെ കണ്ടത്. ശേഷം താന്‍ മാറിനിന്ന് മുരളീധരന് കെപിസിസി അധ്യക്ഷസ്ഥാനം നല്‍കാനും തയ്യാറെന്ന തരത്തിലുള്ള പ്രതികരണവും കണ്ണൂരില്‍ സുധാകരന്‍ നടത്തിയിരുന്നു. എന്തുകൊണ്ട് മറ്റ് നേതാക്കള്‍ കാണാന്‍ വന്നില്ലെന്ന ചോദ്യത്തിന് പല നേതാക്കളും തിരക്കുള്ളവരല്ലേ, അവരൊക്കെ അങ്ങ് പൊയ്‌ക്കോട്ടേയെന്ന തരത്തിലുള്ള പ്രതികരണമാണ് മുരളീധരന്‍ നല്‍കിയത്.
മുരളീധരന്റെ നേതൃത്വത്തിലുളള കരുണാകരന്‍ സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ക്ഷണമില്ലാത്തതോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്ന ആളുകളൊക്കെ തനിക്ക് മതിയെന്ന നിലപാടാണ് മുരളീധരന്റേതെന്നാണ് വ്യാഖ്യാനിക്കുന്നത്. പാര്‍ട്ടിയില്‍ ദുര്‍ബലമാണ് കെ സുധാകരന്റെ സ്ഥാനം. അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കുപ്പായമിടാന്‍ സുധാകരനും ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐ വിഭാഗത്തില്‍ നിന്നും ഒരുവിഭാഗത്തെ മുരളീധരന്റെ സഹായത്തോടെ അടര്‍ത്തി മാറ്റി കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്.