K Sudhakaran | സുധാകരന് മുന്‍പില്‍ ഇരുട്ടോ, വെളിച്ചമോ? പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന ട്രോജന്‍കുതിരയായി കണ്ണൂരിലെ കരുത്തന്‍
![k sudhakaran as trojan horse of congress](https://www.kvartha.com/static/c1e/client/115656/uploaded/dfc35d7135449ecd99e7540a6f91d24f.webp?width=730&height=420&resizemode=4)
![k sudhakaran as trojan horse of congress](https://www.kvartha.com/static/c1e/client/115656/uploaded/dfc35d7135449ecd99e7540a6f91d24f.webp?width=730&height=420&resizemode=4)
* പാര്‍ട്ടിയില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഒന്നാകെ സുധാകരനെതിരെ
കണ്ണൂര്‍: (KVARTHA) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിച്ചില്ലെങ്കില്‍ കെ സുധാകരന്റെ സ്ഥിതി അവതാളത്തിലാകും. പാര്‍ട്ടിയില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഒന്നാകെ സുധാകരനെതിരെ തിരിഞ്ഞതും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇടഞ്ഞു നില്‍ക്കുന്നതുമാണ് സുധാകരനെ പത്മവ്യൂഹത്തിലാക്കിയിരിക്കുകയാണ്. ഇതുകൂടാതെ നെയ്യാര്‍ ഡാമില്‍ കെ എസ് യു ക്യാംപിലുണ്ടായ കയ്യാങ്കളിയില്‍ സംസ്ഥാന അധ്യക്ഷനെതിരെ നടപടിക്ക് സുധാകരന്‍ ശുപാര്‍ശ ചെയ്തതും കോണ്‍ഗ്രസില്‍ അടിയൊഴുക്ക് ശക്തമാക്കിയിട്ടുണ്ട്.
നെയ്യാര്‍ ഡാമില്‍ നടന്ന കയ്യാങ്കളിയില്‍ സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തന്നെ അപമാനിച്ചുവെന്നു കാണിച്ചു സുധാകരന്‍ എന്‍ എസ് യുവിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃക്യാംപില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചില്ലെന്നാണ് സുധാകരന്റെ ആരോപണം. ഗുരുതരമായ വീഴ്ചകള്‍ ക്യാംപ് സംഘടിപ്പിക്കുന്നതില്‍ സംഭവിച്ചിട്ടുണ്ടെന്നും കെ.പി.സി.സി നിയോഗിച്ച നിയാസ് അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് വി ഡി സതീശനെ അനുകൂലിക്കുന്ന കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിക്കാന്‍ സുധാകരന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിക്കുളളില്‍ കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ കെ സുധാകരന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഗ്രൂപ്പില്ലെന്നു പറഞ്ഞു കെ.പി.സി.സി അധ്യക്ഷനായ കെ സുധാകരന്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണവും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കാന്‍ പാര്‍ട്ടിക്കുളളില്‍ ചരടുവലി നടന്നിരുന്നു.
എ.ഐ.സി.സി സംഘം കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ കെ സുധാകരനെ തിരിച്ചു കൊണ്ടുവരേണ്ടതില്ലെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ എ കെ ആന്റണിയാണ് പാര്‍ട്ടിക്കുളളില്‍ സുധാകരന് രക്ഷയായത്. സോണിയാഗാന്ധിയോട് എ.കെ ആന്റണി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് സുധാകരനെ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവി തിരിച്ചു കിട്ടിയത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുധാകരന്‍ ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ ഭാവി ഇരുളടയും.
സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെ കെ.പി.സി.സി അധ്യക്ഷനായി നിലനിര്‍ത്താന്‍ ദേശീയ നേതൃത്വം താല്‍പര്യപ്പെടില്ല. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം രാജ്യവ്യാപകമായി പരാജയം സംഭവിക്കുന്ന സംസ്ഥാനങ്ങളിലെ പി.സി.സികള്‍ പുന:സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കേരളത്തിലും മാറ്റമുണ്ടാവുകയാണെങ്കില്‍ കെ സുധാകരന്റെ കെ.പി.സി.സി അധ്യക്ഷ പദവിയെന്ന റോള്‍ അവസാനിക്കുമെന്നാണ് സൂചന.