Congress | സുധാകരനെ വീഴ്ത്താൻ അണിയറ നീക്കങ്ങളുമായി കെ സി വേണുഗോപാൽ? കോൺഗ്രസ് പുന:സംഘടനയെ ചൊല്ലി അതൃപ്തി പുകയുന്നു; പാർട്ടിക്കുള്ളിൽ കൊട്ടാര വിപ്ലവത്തിന് ശംഖൊലി മുഴങ്ങി

 
K.C. Venugopal's Behind-the-Scenes Moves to Oust Sudhakaran? Dissatisfaction Brews Over Congress Reorganization
K.C. Venugopal's Behind-the-Scenes Moves to Oust Sudhakaran? Dissatisfaction Brews Over Congress Reorganization

Photo Credit: Facebook/KC Venugopal, K Sudhakaran

● പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം ശക്തം.
● കെ സുധാകരനെ മാറ്റാൻ അണിയറ പ്രവർത്തനങ്ങൾ നടത്തുന്നു.
● പാർട്ടി പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കങ്ങൾ നടക്കുന്നത്.
● സുധാകരനെ പിന്തുണച്ച് നിരവധി നേതാക്കൾ.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വീഴ്ത്താൻ കെ.സി വേണുഗോപാൽ നടത്തുന്ന അണിയറ നീക്കങ്ങൾ ഫലം കാണുന്നു. പ്രതിരോധം ഫലം കണ്ടില്ലെങ്കിൽ കെ സുധാകരൻ ഉടൻ പുറത്തുപോകുമെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നും പുറത്തുവരുന്ന വിവരം. ഇതോടെ സ്വന്തം തട്ടകമായ കണ്ണൂർ ജില്ലയിൽ മേധാവിത്വം പുലർത്തുന്ന കെ സുധാകരന് പിടി അയയുമെന്നാണ് സൂചന. സ്വന്തം ജില്ലയായ കണ്ണൂരും കേരളത്തിലെ പാർട്ടിയിലും കെ.സി വേണുഗോപാലിന് താൽപര്യങ്ങൾ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ കെ സുധാകരനെന്ന വൻ വൃക്ഷത്തെ കട പുഴക്കിയാൽ മാത്രമേ അതു സാധ്യമാവുകയുള്ളു. 

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരിക്കെ കണ്ണൂരിൽ നിന്നും സുധാകര പ്രഭാവത്തിന് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ പാലായനം ചെയ്ത ചരിത്രമാണ് കെ.സി വേണുഗോപാലിനുള്ളത്. ഇന്ന് സുധാകര വിഭാഗത്തിലുള്ള പല നേതാക്കളും കെ.സിയുടെ സഹപ്രവർത്തകർ കൂടിയാണ്. എന്നാൽ ഇവരാരും തന്നെ സുധാകരൻ്റെ പാളയം വിട്ട് കെ.സി വേണുഗോപാലിനൊപ്പം നിൽക്കാൻ തയ്യാറില്ല. കൂടാതെ, കണ്ണൂരിൽ മാത്രമല്ല കേരളത്തിൽ മുഴുവനും തന്നെ അനുകൂലിക്കുന്നവരുടെ ഒരുവൻ യുവനിര തന്നെ സുധാകരൻ ഗ്രൂപ്പായി നിലനിർത്തിയിട്ടുണ്ട്. എം ലിജു, അബിൻ വർക്കി, റിജിൽ മാക്കുറ്റി, യു ടി ജയന്ത്, മാർട്ടിൻ ജോർജ് തുടങ്ങിയ നേതാക്കൾ സുധാകരനു വേണ്ടി കൈമെയ്യ് മറന്ന് പോരാടുന്നവരാണ്.

കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കെ സുധാകരന് പിന്തുണയുമായി ഇവർ പ്രത്യക്ഷമായും പരോക്ഷമായും രംഗത്തുവന്നിട്ടുണ്ട്. ഇതോടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഗ്രസിനകത്ത് കൊട്ടാര വിപ്ലവത്തിൻ്റെ അവസ്ഥയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി കെ സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് അദ്ദേഹത്തെ അനുകുലിക്കുന്നവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം.

പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാന്‍റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പ്രസിഡന്‍റ് പദവിയില്‍ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതല്‍പ്പേര്‍ പിന്തുണയുമായി എത്തുമെന്നും പിന്നീട് ഉറപ്പിച്ചു. പിന്നാലെ കെപിസിസി ഉപാധ്യക്ഷന്‍ വിടി ബല്‍റാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി. കെ സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ മിന്നും ജയവും ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ മുന്നേറ്റവും അക്കമിട്ട് നിരത്തിയാണ് ബലറാം പിന്തുണ അറിയിച്ചത്. 

സംഘടനാതലത്തില്‍ താഴെതട്ടില്‍ വരെ പ്രവര്‍ത്തനം ശക്തമാണെന്നും സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി തലപ്പത്ത് അഴിച്ചുപണിയെന്ന സൂചന വന്നപ്പോള്‍ തന്നെ സുധാകരനുള്ള പിന്തുണ രമേശ് ചെന്നിത്തലയും നേരത്തെ പരസ്യമാക്കിയിരുന്നു. പരസ്യപ്രകടനത്തിന് ഇല്ലെങ്കിലും പ്രസിഡന്‍റ് മാറണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവിന്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സുധാകരനുമായി ഐക്യത്തോടെയാണ് പോകുന്നതെന്ന് വി ഡി സതീശന്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എ കെ ആൻ്റണിയുടെ പിൻതുണയും സുധാകരനുണ്ട്.

ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റ് ചെയ്യൂ.

Reports suggest that K.C. Venugopal is making behind-the-scenes moves to oust K. Sudhakaran from the KPCC president post. This has led to internal conflicts and dissatisfaction within the Congress party. Sudhakaran's supporters, including Shashi Tharoor and V.T. Balram, have openly voiced their support for him.

#K സുധാകരൻ #CongressKerala #Politics #KCVenugopal #KeralaPolitics #PoliticalConflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia