Allegations | 'സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

 
K Surendran Offers to Resign as BJP Kerala President, Accuses Party Members of Sabotage
K Surendran Offers to Resign as BJP Kerala President, Accuses Party Members of Sabotage

Screenshot from a Facebook Video by K Surendran

● ശോഭാ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് വിമര്‍ശനം.
● ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചു.
● നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു.

കോഴിക്കോട്: (KVARTHA) ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍. കേന്ദ്രനേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം, രാജി സന്നദ്ധത കേന്ദ്രനേതൃത്വം തള്ളിയതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെട്ടു. 

പാലക്കാട്ടെ തോല്‍വിയില്‍ പഴിചാരല്‍ തുടരവെ കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചു. നാളെ പാര്‍ട്ടി നേതൃയോഗം ചേരാനിരിക്കെയാണ് നീക്കം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞതിന് കാരണം നഗരസഭാഭരണത്തിന്റെ പിടിപ്പുകേടെന്നാണ് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമര്‍ശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മികച്ച സാധ്യതയുള്ള ശോഭാ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമര്‍ശനം. 2016 ല്‍ ശോഭ സുരേന്ദ്രന്‍ നേടിയ നാല്‍പ്പതിനായിരം വോട്ട് ഇപ്രാവശ്യം മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങുകയായിരുന്നു.  

അതിനിടെ, ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു. 

സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

അതിനിടെ, കെ. സുരേന്ദ്രന്റെ രാജിവാര്‍ത്ത നിഷേധിച്ച് പ്രകാശ് ജാവഡേക്കര്‍. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും കുപ്രചാരണം നടത്തുകയാണ്. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ജാവഡേക്കര്‍ പറഞ്ഞു. കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തിയെന്നും വിശദീകരണം.

#BJPKerala #KSurendran #ShobhaSurendran #KeralaPolitics #IndianPolitics #Election #BJP


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia