Leadership Crisis | കെ സുരേന്ദ്രനെ വീണ്ടും അദ്ധ്യക്ഷ പദവിയിലിരുത്താൻ കച്ചകെട്ടിയിറങ്ങി കേന്ദ്ര നേതൃത്വം; 'കെജെപി'യിലെ കസേരക്കളികളിൽ ആര് ജയിക്കും?

 
 K. Surendran’s continued leadership in Kerala BJP faces opposition.
 K. Surendran’s continued leadership in Kerala BJP faces opposition.

Photo Credit: Facebook/ BJP Keralam

● വിഭാഗീയതയും ചേരിപ്പോരും കൊണ്ടു മുഖരിതമായ കേരള ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സുരേന്ദ്രൻ്റെ നേതൃത്വത്തിൽ നിരാശരാണ്. 
● കെ സുരേന്ദ്രൻ പ്രസിഡന്റായി തുടരുന്നതിനോട്‌ യോജിപ്പില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. 
● അഞ്ച് വർഷം പൂർത്തിയായ സംസ്ഥാന, ജില്ലാ, മണ്ഡലം പ്രസിഡന്റുമാർക്ക്‌ ഇത്‌ ബാധകമാണ്‌. 

ഭാമനാവത്ത് 

(KVARTHA) കേരള ബിജെപിയിൽ (കെജെപി!) നേതൃമാറ്റം നടത്താൻ കേന്ദ്ര നേതൃത്വത്തിന് താൽപര്യമില്ലാത്തത് നിലവിലുള്ള സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും വഴിയൊരുക്കുമോയെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. വിഭാഗീയതയും ചേരിപ്പോരും കൊണ്ടു മുഖരിതമായ കേരള ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സുരേന്ദ്രൻ്റെ നേതൃത്വത്തിൽ നിരാശരാണ്. സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പുതിയ സസ്ഥാന നേതൃത്വമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. 

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ പുതിയ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്ഥാനത്തായതെന്ന് അവർ പറയുന്നു. സംസ്ഥാന നേതൃത്വത്തിന്റെ മികവുകൊണ്ട്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു നേട്ടവും ബിജെപിക്ക്‌ ഉണ്ടായിട്ടില്ലെന്നാണ് സുരേന്ദ്രനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. കെ സുരേന്ദ്രൻ പ്രസിഡന്റായി തുടരുന്നതിനോട്‌ യോജിപ്പില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. 

എന്നാൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദേശം വ്യാഖ്യാനിച്ച്‌, കെ സുരേന്ദ്രന്‌ പ്രസിഡന്റായി തുടരാൻ തന്ത്രം മെനയുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള വാനതി ശ്രീനിവാസന്റെ സാന്നിധ്യത്തിൽ നടന്ന നേതൃത്വത്തിൻ്റെ ഓൺലൈൻ യോഗത്തിൽ തൻ്റെ സ്ഥാനം നിലനിർത്താനുള്ള കരുക്കളാണ് സുരേന്ദ്രൻ നീക്കിയത്. അഞ്ച്‌ വർഷം ഭാരവാഹിയായവർക്കും മത്സരിക്കാമെന്നും സ്ഥാനങ്ങളിൽ തുടരാൻ പ്രായപരിധി ബാധകമാക്കില്ലെന്നുമുള്ള കേന്ദ്രനിർദേശമാണ് വാനതി ശ്രീനിവാസൻ മുന്നോട്ടുവച്ചത്. അഞ്ച് വർഷം പൂർത്തിയായ സംസ്ഥാന, ജില്ലാ, മണ്ഡലം പ്രസിഡന്റുമാർക്ക്‌ ഇത്‌ ബാധകമാണ്‌. 

ഇതോടെ പി കെ കൃഷ്ണദാസ്‌ പക്ഷത്തിന്‌ അപകടം മണക്കുകയായിരുന്നു.. മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസും എ എൻ രാധാകൃഷ്ണൻ, എം ടി  രമേശ്‌, ജി കാശിനാഥൻ തുടങ്ങിയ നേതാക്കൾ ഇതിൽ പ്രതിഷേധിച്ചുയോഗം ബഹിഷ്കരിച്ചതായാണ് വിവരം. കേന്ദ്ര നേതാക്കളിലെ ചിലരുടെ ഒത്താശയിൽ സുരേന്ദ്രൻ അദ്ധ്യക്ഷ പദവിയിൽതുടരുന്നത്‌ പാർടിക്ക്‌ ഗുണംചെയ്യില്ലെന്ന നിലപാടിലാണ്‌ ഇവർ.
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായ കാലാവധി രണ്ട് ടേമായി കണക്കാക്കാനാകില്ലെന്നും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാമെന്നുമാണ്‌ വാനതി ശ്രീനിവാസൻ അറിയിച്ചത്‌. 

2020 തുടക്കം മുതൽ സുരേന്ദ്രൻ പ്രസിഡന്റാണെന്നും അഞ്ചുവർഷം പൂർത്തിയാക്കിയത്‌ രണ്ട്‌ ടേമായി കാണാനാകില്ലെന്ന നിലപാട്‌ ശരിയല്ലെന്നുമാണ്‌ മറുപക്ഷത്തിന്റെ വാദം. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലടക്കം വോട്ട്‌ കുറയുകയും സന്ദീപ് വാര്യർ ഉൾപ്പെടെ പ്രധാനപ്പെട്ട നേതാക്കളടക്കം പാർടി വിടുകയും ചെയ്യുന്ന ഘട്ടത്തിൽ സുരേന്ദ്രന്‌ ഇളവ്‌ ആവശ്യമില്ലെന്നാണ്‌ വിമത വിഭാഗം നേതാക്കളുടെ നിലപാട്. കെ സുരേന്ദ്രന് പകരം സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ആരെന്നത്‌ സംബന്ധിച്ച ചർച്ചകളാണ്‌ കഴിഞ്ഞ കുറച്ചുദിവസമായി ബിജെപിയെ പിടിച്ചുകുലുക്കുന്നത്‌. 

പദവിയിൽ തുടരണമെന്നാണ്‌ കെ സുരേന്ദ്രന്റെ മോഹമെങ്കിലും ഒപ്പമുണ്ടായിരുന്ന വി മുരളീധരൻ പോലും കൈവിട്ടതോടെ അദ്ദേഹം ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. താനില്ലെങ്കിൽ തന്റെ വിശ്വസ്‌തരെ പ്രധാനപദവികളിൽ എത്തിക്കുകയെന്നതാണ്‌ സുരേന്ദ്രന്റെ മറ്റൊരു നീക്കം. തന്റെ വിശ്വസ്‌തനായ വി വി രാജേഷിനെ ജനറൽ സെക്രട്ടറിയാക്കുന്നതിന്‌ സുരേന്ദ്രൻ നീക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. അഴിച്ചു പണിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ ജോർജ്‌ കുര്യനെയും ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറ്റിയേക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പദവികളിലും ആധിപത്യം ഉറപ്പാക്കാനാണ്‌ സുരേന്ദ്രൻപക്ഷത്തിന്റെ പരിശ്രമം. 

പി കെ കൃഷ്‌ണദാസ്‌ പക്ഷക്കാരനും മുതിർന്ന നേതാവുമായ എം ടി രമേശ്‌ പ്രസിഡന്റാകുന്നത്‌ തടയുന്നത്‌ വി മുരളീധരൻ ഉൾപ്പെയുള്ളവരുടെ ആവശ്യമാണ്‌. ഇതിനായി കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻ്റായി നിലനിർത്താനുള്ള അണിയറനീക്കങ്ങളാണ് ഡൽഹിയിൽ നിന്നും വി മുരളീധരൻ നടത്തുന്നത്. എന്നാൽ ബിജെപിയുടെ മാതൃ സംഘടനയായ ആർ.എസ്.എസിന് കെ സുരേന്ദ്രനെ പാർട്ടി അദ്ധ്യക്ഷ പദവിയിൽ നിലനിർത്തുന്നതിന് താൽപര്യമില്ല. കൊടകര കുഴൽപണ കേസിൽ കെ. സുരേന്ദ്രൻ പ്രതിയായത് ആർ.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവി സംസ്ഥാനനേതൃത്വത്തിൻ്റ പിടിപ്പു കേടാണെന്നാണ് ആർ.എസ്.എസിൻ്റെ നിലപാട്. ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തേക്ക് ആർ.എസ്.എസുമായി നല്ല ബന്ധം പുലർത്തുന്ന എം ടി രമേശ് വരണമെന്ന താൽപ്പര്യം അവരും മറച്ചുവയ്ക്കുന്നില്ല. എന്നാൽ പാർട്ടി ദേശീയ നേതൃത്വം ഇതു കൂടി പരിഗണിച്ചു കൂടി തീരുമാനമെടുത്തില്ലെങ്കിൽ കേരളാ ജനതാ പാർട്ടിയുടെ വരും നാളുകളിലെ പ്രയാണം അത്ര സുഖകരമായിരിക്കില്ല. സുരേന്ദ്രനെന്ന വ്യക്തിക്ക് വേണ്ടി പാർട്ടിയുടെ കൂമ്പ് നുള്ളുമോയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

 #KSurendran #BJPLeadership #KeralaPolitics #BJPInternalConflict #PKKrishnadas #MTRemesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia