Analysis | ആയിരം അൻവറിന് അര ജലീൽ; യൂടേണടിച്ചതിൻ്റെ രാഷ്ട്രീയ കാരണങ്ങളെന്ത്? 

 
A photograph of KT Jaleel and PV Anvar
A photograph of KT Jaleel and PV Anvar

Photo Credit: Facebook/ PV Anvar, Dr KT Jaleel

● പി വി അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ശ്രമിക്കുന്നു.
● ന്യൂനപക്ഷ വോട്ടുകൾ കൈവിടാതിരിക്കാൻ തന്ത്രങ്ങളുമായി സിപിഎം.
● വെല്ലുവിളികളെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും പാർട്ടിക്കുണ്ട്.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) പി വി അൻവറിനെപ്പോലെയല്ല കെ ടി ജലീൽ. രംഗ ബോധത്തോടെ കളിക്കാൻ ഈ പഴയ സിമിക്കാരന് അറിയാം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ കൈത്തഴമ്പുമുണ്ട്. അതാണ് ആദ്യം അൻവർ ഉയർത്തിയ ആരോപണങ്ങൾക്കൊപ്പം കട്ടയ്ക്ക് നിൽക്കുകയും പിന്നീട് പാർട്ടിയും മുഖ്യമന്ത്രിയും അൻവറിനെതിരെ പോരിനിറങ്ങിയപ്പോൾ നിഴലുപോലെ കൂടെ നിന്ന ജലീൽ യൂടേണടിച്ചത്.
ഇപ്പോൾ തന്നെ വെടിവെച്ചു കൊന്നാലും പാർട്ടിയെയും സി.പി.എമ്മിനെയും തള്ളിപ്പറയില്ലെന്ന മാസ് ഡയലോഗടിച്ച് ജലീൽ സിപിഎം പ്രവർത്തകരുടെ കയ്യടിയും നേടിയിരിക്കുകയാണ്. 

അൻവർ പുതിയ പാർട്ടിയുണ്ടാക്കിയാൽ താൻ അതിലുണ്ടാവില്ലെന്ന് ജലീൽ അസന്നിഗ്ദ്ധമായി തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല അൻവറിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാനും ജലീൽ മുൻപോട്ടു വന്നിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന അൻവർ സിപിഎമ്മിനും സർക്കാരിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തുവരികയാണെങ്കിൽ പ്രതിരോധിക്കാൻ കെ.ടി ജലീൽ മുൻപന്തിയിലുണ്ടാകുമെന്നത് സർക്കാരിനും മുഖ്യമന്ത്രിക്കും ആശ്വാസകരമാണ്. 

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും പൊലീസിൻ്റെ വഴിവിട്ട പോക്കിനെയും ജലീലും എതിർക്കുന്നുണ്ടെങ്കിലും പാർട്ടി ലൈനിൽ സപ്പോർട്ടുമായി കട്ടയ്ക്ക് നിൽക്കാനാണ് തീരുമാനം. പാർട്ടിയെയും മുഖ്യമന്ത്രിയെയും തന്നെ വെടിവെച്ചു കൊന്നാൽ പോലും തള്ളി പറയില്ലെന്ന ജലീലിൻ്റെ പ്രഖ്യാപനം ഇടതു ക്യാംപുകളിൽ വലിയ ആശ്വാസമേകിയിട്ടുണ്ട്. എഡിജിപി വിഷയത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐ കടുംപിടിത്തവുമായി മാറ്റി നിർത്തണമെന്ന ആവശ്യവുമായി ഉറച്ചുനിൽക്കുന്ന പ്രതിസന്ധിക്കിടെയിലാണ് ജലീലിൻ്റെ നയം വ്യക്തമാക്കൽ പുറത്തുവന്നിരിക്കുന്നത്. 

സ്വർണക്കടത്ത് ഏറെയുള്ള ജില്ലയെന്ന ആക്ഷേപം മലപ്പുറത്തെ അവഹേളിക്കാനാണ് മുഖ്യമന്ത്രി നടത്തിയതെന്ന ആരോപണവുമായി മുസ്ലിം ലീഗും കോൺഗ്രസും രംഗത്തുവന്നിരിക്കെ ഇതിനെ പ്രതിരോധിക്കാൻ ജലീലിലൂടെ കഴിയുമെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പ്രതീക്ഷിക്കുന്നത്. പാർട്ടിയും സർക്കാരും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന പ്രചരണം തെറ്റാണെന്ന് സമർത്ഥിക്കാൻ കൂടിയാണ് നിയമസഭാ സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാർ ഒരുങ്ങുന്നത്. ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീണൽ വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ അതു എൽഡിഎഫിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. 

ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് വരുത്തി തീർക്കാൻ കെ ടി ജലീൽ - മന്ത്രി വി അബ്ദുറഹിമാൻ - കാരാട്ട് റസാഖ് ത്രയത്തെ കളത്തിലിറക്കി കളിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ഇടതുസഹയാത്രികരായ ഇവരെ മുൻ നിർത്തി അൻവർ ഉയർത്തിയ വെല്ലുവിളികളെ വരുംകാലങ്ങളിൽ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും പാർട്ടിക്കുണ്ട്. പി വി അൻവർ പൊതുയോഗങ്ങളിലൂടെ നടത്തിയ വെല്ലുവിളികൾക്കും ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുകയെന്ന രാഷ്ട്രീയ തന്ത്രമാണ് വരും നാളുകളിൽ സ്വീകരിക്കുക. അൻവറിന് പിന്നിൽ സ്വർണ കടത്തു മാഫിയയാണെന്ന ഗൗരവകരമായ ആരോപണം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു മുഖ്യമന്ത്രി തന്നെ അതിനു തുടക്കമിട്ടിട്ടുണ്ട്. 

പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റു നേതാക്കളും ഇതുതന്നെയാണ് ആവർത്തിക്കുന്നത്. ഇതിനിടെയിൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞു പോവുകയാണ് കെ.ടി ജലീൽ. ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട്‌ ഇല്ലെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും കെ ടി ജലീൽ ചൂണ്ടിക്കാണിക്കുന്നു. ജലീലിന്‌ ഒറ്റയ്‌ക്ക്‌ നിൽക്കാനാവില്ലെന്ന പി വി അൻവറിന്റെ വിമർശത്തിന്‌ സമൂഹമാധ്യമത്തിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുടുംബസ്വത്തുപോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനിയൊരു തെരഞ്ഞെടുപ്പ്‌ അങ്കത്തിനില്ലെന്ന് അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്റെ കാലുകൾ വേണ്ട. ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണംവരെ അങ്ങനെതന്നെയാകും. അത് സ്നേഹം കൊണ്ടാണ്. വമ്പന്മാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടയ്‌ക്കിറങ്ങി പരിശോധിച്ചിട്ടും തൊടാൻ പറ്റിയിട്ടില്ല.  സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളേക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യതയുണ്ടാകുമെന്നു ജലീൽ സമൂഹമാധ്യമത്തിൽ മുന്നറിയിപ്പു നൽകുന്നു. 

കഴിഞ്ഞ ഒക്ടോബർ രണ്ടിന് മലപ്പുറത്ത് നടന്ന തൻ്റെ പുസ്തക പ്രകാശന ചടങ്ങിലാണ് അൻവർ ഉയർത്തിയ വിവാദങ്ങൾക്ക് കെ ടി ജലീൽ തൻ്റെ നയം വ്യക്തമാക്കിയത്. കേരളത്തിൽ സിപിഎമ്മിൻ്റെ ന്യൂനപക്ഷ മുഖങ്ങളിലൊന്നാണ് കെ ടി ജലീൽ. പാലോളിയും എളമരം കരീമും പാർട്ടി നേതാക്കളായി ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ജലീലിന് ലഭിക്കുന്ന പിൻതുണ അവർക്കില്ല. താൻ ഇനി അധികാരസ്ഥാനങ്ങളിലേക്ക് ഇല്ലെന്ന ജലീലിൻ്റെ പ്രഖ്യാപനം ആദർശരാഷ്ട്രീയത്തിൻ്റെ മേമ്പൊടി കൂടി ചേർന്നതാണ്.

മഹാത്മ ഗാന്ധിയെ മാതൃകയാക്കുകയും പുരോഗമന രാഷ്ട്രീയത്തിൻ്റെ കൊടി ഉയർത്തി പിടിക്കുകയും ചെയ്യുന്ന താൻ പക്വതയില്ലാത്ത രാഷ്ട്രീയം കളിക്കുന്ന അൻവറല്ലെന്ന വ്യക്തമായ സന്ദേശമാണ് ജലീൽ
പൊതുസമൂഹത്തിന് നൽകുന്നത്.

#KeralaPolitics #KTJaleel #PVAnvar #CPM #Uturn #PoliticalAnalysis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia