Drug Raid | കളമശ്ശേരി ലഹരിവേട്ട: എസ് എഫ് ഐ ലഹരി ശൃംഖലയുടെ ഭാഗമെന്ന് വി ഡി സതീശൻ; ആരോപണ പ്രത്യാരോപണങ്ങൾ


● കേരളത്തിൽ ഏത് കുഗ്രാമത്തിലും പത്ത് മിനിറ്റിനുള്ളിൽ ലഹരി ലഭിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
● കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടികൂടി.
● എസ്.എഫ്.ഐ. നേതാക്കൾ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികളെ കോളജ് സസ്പെൻഡ് ചെയ്തു.
● എസ്.എഫ്.ഐ-കെ.എസ്.യു. പ്രവർത്തകരുടെ കൂട്ടുകച്ചവടമാണ് ലഹരിവേട്ടയിൽ പുറത്തുവരുന്നതെന്ന് എ.ബി.വി.പി. ആരോപിച്ചു.
കൊച്ചി: (KVARTHA) കളമശ്ശേരി പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് വൻതോതിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.എഫ്.ഐ. ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ ഒരു വിദ്യാർത്ഥി സംഘടനയ്‌ക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നുവെന്നും പൊലീസ് പിടികൂടിയത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഏത് കുഗ്രാമത്തിലും വെറും പത്ത് മിനിറ്റിനുള്ളിൽ ആവശ്യക്കാർക്ക് ലഹരി ലഭിക്കുമെന്ന അവസ്ഥയാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. എക്സൈസ് വകുപ്പ് ഈ ഘട്ടത്തിൽ ബോധവത്കരണ പരിപാടികൾ നടത്തുകയല്ല വേണ്ടത്. അത് മറ്റ് വകുപ്പുകളെ ഏൽപ്പിച്ച് നടപടികൾ എടുക്കുകയാണ് വേണ്ടതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ എം. ആകാശിനെ റിമാൻഡ് ചെയ്തു. കൊല്ലം കുളത്തുപ്പുഴ വില്ലുമല സ്വദേശിയായ ആകാശി (21)നെ 14 ദിവസത്തേക്കാണ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ആകാശ്, എസ്എഫ്ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ. അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ കോളജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അഭിരാജിനും ആദിത്യനും നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിൽ കെഎസ്‌യു, എബിവിപി സംഘടനകൾ എസ്എഫ്‌ഐക്കെതിരെ കളമശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഡാൻസഫ്, പൊലീസ് സംഘങ്ങൾ പെരിയാർ ഹോസ്റ്റൽ റെയ്ഡ് ചെയ്ത് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ആകാശിൻ്റെ മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇതു തൂക്കുന്നതിനുള്ള ത്രാസും ചെറിയ പായ്ക്കറ്റുകളിലാക്കാനുള്ള സംവിധാനവും കണ്ടെടുത്തിരുന്നു. പിന്നീട് അഭിജിത്, ആദർശ് എന്നിവരുടെ മുറിയിൽ നടത്തിയ പരിശോധനയിൽ മേശയുടെ ഡ്രോയ്ക്കുള്ളിൽ നിന്നാണ് 9.70 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വലിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങളും മുറിയിൽനിന്നു കണ്ടെടുത്തിരുന്നു.
എന്നാൽ തന്റെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചിട്ടില്ലെന്നും തന്നെ പൊലീസ് പ്രതിയാക്കുകയായിരുന്നു എന്നാണ് അഭിജിതിന്റെ വാദം. അതേ സമയം, എസ്എഫ്ഐ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടല്ല സംഘടനയുടെ സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അഭിജിത്തിന് ജാഗ്രതക്കുറവുണ്ടായെന്നും അഭിജിത്തിന്റെ ഭാഗം കൂടി കേട്ടശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കിയത്. റെയ്‌ഡിൽ കെഎസ് പ്രവർത്തകന്റെ മുറിയിൽ നിന്നാണ് 2 കിലോഗ്രാം കഞ്ചാവ് പിടിച്ചതെന്നും ഇതിനെക്കുറിച്ച് കെഎസ്‌യു നേതൃത്വം മറുപടി പറയണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. നേരത്തെ അഭിജിത്തിനെ ന്യായീകരിച്ച് എസ്എഫ്ഐ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു.
റിമാൻഡിലായ ആകാശിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഉടൻ അപേക്ഷ നൽകിയേക്കും. ആകാശിനെ ചോദ്യം ചെയ്താൽ മാത്രമേ ലഹരിയുടെ ഉറവിടമടക്കം അറിയാൻ സാധിക്കുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിക്ക് ആരംഭിച്ച റെയ്ഡ് അഞ്ച് മണിക്കുറോളം നീണ്ടു നിന്നിരുന്നു. വിദ്യാർഥികൾ അറസ്റ്റിലായ സാഹചര്യത്തിൽ കോളജ് രൂപീകരിച്ച ആഭ്യന്തര സമിതി യോഗം ചേർന്നാണ് മൂന്നു പേരെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇവർക്കു പരീക്ഷ എഴുതുന്നതിന് വിലക്കുണ്ടാകില്ല. ആഭ്യന്തര സമിതി വിഷയം പഠിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കംപ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗം മേധാവിയും മൂന്ന് അധ്യാപകരും ഉൾപ്പെട്ടതാണ് കോളജിന്റെ ആഭ്യന്തര സമിതി.
അതേസമയം കളമശ്ശേരിയിൽ പോലീസ് നടത്തിയ ലഹരിവേട്ടയിൽ പുറത്തുവരുന്നത് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകരുടെ കൂട്ടുകച്ചവടമാണെന്നു എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണണൻ ആരോപിച്ചു. കഞ്ചാവ് ശേഖരവുമായി എസ്എഫ്ഐ യുണിയൻ ജനറൽ സെക്രട്ടറി അഭിരാജും കെഎസ് പ്രവർത്തകൻ ആകാശും ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവം എസ്എഫ്ഐ - കെഎസ്‌യു -ലഹരി മാഫിയ ബന്ധം അടിവരയിടുന്നതാണ്. പകൽ വെളിച്ചത്തിൽ ലഹരിക്കെതിരെ പ്രചാരണം നടത്തുകയും രാത്രിയായാൽ ലഹരികച്ചവടം നടത്തി പൊതുജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇക്കൂട്ടരെന്നുമാണ് എബിവിപിയുടെ ആരോപണം.
VD Satheesan criticized SFI for their alleged involvement in a drug network following a ganja seizure at Kalamassery Polytechnic College. Students were suspended, and allegations of SFI-KSU collaboration in drug trade surfaced.
#Kalamassery #DrugRaid #SFI #VDSatheesan #KSU #ABVP