● കമല ഹാരിസ് പാർട്ടിയിലെ ജനകീയ നേതാവായിരുന്നില്ല.
● അതിർത്തി പ്രശ്‌നങ്ങളിൽ കമല ഹാരിസ് വലിയ പരാജയമായിരുന്നു.
● പരമ്പരാഗത ഡെമോക്രാറ്റിക് വോട്ടർമാർ കമലയെ തള്ളി.
അർണവ് അനിത
(KVARTHA) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് തുടക്കംമുതലേ വലിയ സ്വീകാര്യതയാണ് മാധ്യമങ്ങളും സര്‍വേകളും നല്‍കിയത്. ട്രംപിന്റെ ആദ്യ ഭരണത്തിലെ തീവ്രനിലപാടുകളും എടുത്തുചാട്ടവും ഏറ്റവും അവസാനം ക്യാപിറ്റോള്‍ ഹില്‍സിലെ സംഘര്‍ഷവും ജനം മറന്നിരുന്നില്ല. അതുകൊണ്ട് ട്രംപിന് രണ്ടാമൂഴം നല്‍കുന്നത് ആപത്തായിരിക്കുമെന്ന് ഭൂരിപക്ഷവും വിശ്വസിച്ചു. ജോബൈഡന്‍ മാറി കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ അമിത പ്രതീക്ഷയാണ് ഡെമോക്രാറ്റിക് ക്യാമ്പിലുണ്ടായത്.
എന്നാല്‍ നാമനിര്‍ദ്ദേശപത്രിക കമലഹാരിസ് വൈകി സമര്‍പ്പിച്ചത് അവരുടെ വിജയത്തെ സാരമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയിലൂടെയല്ല കമല ഹാരിസ് സ്ഥാനാര്‍തഥിയായതെന്ന വിമര്‍നവും ഉയര്‍ന്നിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജനകീയ നേതാവായിരുന്നില്ല അവര്‍. വൈസ്പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനം അത്ര മെച്ചമായിരുന്നില്ല. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമല വലിയ പരാജയമായിരുന്നു. ഒന്നേകാല്‍ കോടി അനധികൃത കുടിയേറ്റക്കാരാണ് നാല് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെത്തിയത്.
ഇത് ട്രംപ് ആയുധമാക്കി. മാത്രമല്ല നിയമപരമായി കുടിയേറിയവരെ അംഗീകരിക്കാനും തയ്യാറായി. ബൈഡന്‍ ഭരണം ഒട്ടും ജനക്ഷേമകരമായിരുന്നില്ല. യുവാക്കളും സാധാരണക്കാരും വലിയ നിരാശയിലായിരുന്നു. സര്‍ക്കാരില്‍ നിന്ന് അകന്ന് നില്‍ക്കാനും കമലയ്ക്ക് കഴിഞ്ഞില്ല. ബൈഡന്റ് ജനപിന്തുണ 15 ശതമാനമായിരുന്നു. രാജ്യത്തെ ഏകദേശം 36 ശതമാനവും രാജ്യം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് വിശ്വസിച്ചില്ല.
പരമ്പരാഗത വോട്ടര്‍മാര്‍ കമലയെ തള്ളി
പരമ്പരാഗത ഡെമോക്രാറ്റിക് വോട്ടര്‍മാരായ ആഫ്രിക്കന്‍ അമേരിക്കന്‍ പുരുഷന്മാരുടെ പിന്തുണ നേടാന്‍ പോലും കമല ഹാരിസിനായില്ല. 'ഒരു വനിത പ്രസിഡന്റാകുക എന്നത് തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല' എന്നാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒക്‌ടോബറില്‍ കറുത്തവര്‍ഗക്കാരായ പുരുഷന്മാരോട് പെന്‍സല്‍വാനിയയില്‍ പറഞ്ഞത്. സംസ്ഥാനത്ത് അവര്‍ ജയിക്കില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
മറ്റൊരു പരമ്പരാഗത വോട്ടര്‍മാരായ അറബ് അമേരിക്കക്കാരെയും വിശ്വാസത്തിലെടുക്കാനായില്ല. പ്രത്യേകിച്ച് മിഷിഗണ്‍ പോലുള്ള സംസ്ഥാനങ്ങളില്‍. ഗസ്സയിലെ ബൈഡന്റെ നിലപാടും ഇവരെ ട്രംപ് അനകൂലികളാക്കി. രണ്ട് ലക്ഷത്തിലധികം മുസ്‌ലിം വോട്ടുള്ള മിഷിഗണില്‍ ഫലസ്തീനികളെ അനുകൂലിച്ചും പെന്‍സില്‍വാനിയയില്‍ ഇസ്രാഈൽ അനുകൂല പരസ്യങ്ങളും നല്‍കി കമല ഇരട്ട നാടകം കളിക്കാന്‍ ശ്രമിച്ചു. ഇത് രണ്ടിടത്തും ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അതോടൊപ്പം ബൈഡന്‍ ഇസ്രയേലിന് പൂര്‍ണപിന്തുണയും ആയുധങ്ങളും നല്‍കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഇസ്രാഈൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു സംസാരിച്ചു. അവര്‍ക്ക് വേണ്ട ആയുധങ്ങളും മറ്റ് സഹായവും അമേരിക്ക നല്‍കി. ഇറാന്‍ ഇസ്രാഈലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അമേരിക്ക പക്ഷെ, ഫലസ്തീനിലെ ജനങ്ങളുടെ ദുരിതമകറ്റാന്‍ ഒന്നും ചെയ്തില്ല.
ട്രംപ് വിജയിച്ചാല്‍ ജനാധിപത്യത്തിനുണ്ടാകുന്ന അപകടത്തെ കുറിച്ചുള്ള ഡെമോക്രാറ്റുകളുടെ വിശദീകരണം സ്വന്തം പാര്‍ട്ടിക്കാരെ പോലും ആകര്‍ഷിക്കാവുന്ന തരത്തിലുള്ളത് ആയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദവി മാത്രമല്ല സെനറ്റും സഭയും അവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. 2028ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുന്നതിന് ഡെമോക്രാറ്റുകള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
യുഎസ് രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറവാണ്. പ്രചാരണത്തിനിടെ കമലഹാരിസിന് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത അവഹേളനം നേരിട്ടു. അവരുടെ ഡീപ് ഫേക്ക് വീഡിയോകള്‍ വൈറലായി, മുന്‍കാല ബന്ധങ്ങളും ചികഞ്ഞെടുത്ത് ചര്‍ച്ചയാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ് എന്നീ നേതാക്കളുമായി ഇടപെടാന്‍ കമലയ്ക്ക് പ്രാപ്തിയില്ലെന്നും അവര്‍ക്ക് കഴിവില്ലെന്നും ട്രംപ് ആക്ഷേപിച്ചിരുന്നു. അതെല്ലാം ജനം കാര്യമായെടുത്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
അമേരിക്കക്കാര്‍ ഇതുവരെ ഒരു വനിതയെ പ്രസിഡന്റായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ കമാന്‍ഡറായി ഒരു വെള്ളക്കാരിയല്ലാത്ത വനിത എത്തുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രത്യാശയുടെയും വെളിച്ചം വീശുകയും ലോകമെമ്പാടും അതേക്കുറിച്ച് പൊങ്ങച്ചം പറയുകയും ചെയ്ത ഒരു രാജ്യത്തിന് ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കഴിയാത്തത് വിരോധാഭാസമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ളപ്പോള്‍. അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് എന്ന സ്വപ്‌നം അവിടെ മാത്രമല്ല, ലോകമെമ്പാടും പലരും കണ്ടിരുന്നു. അത്തരത്തിലുള്ള പ്രവചനങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ അതിനെയൊക്കെ തള്ളി, 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമെന്ന് ഉറപ്പായി. 2016ല്‍ ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തി വെറ്റ്ഹൗസിലെത്തിയ ട്രംപ് ഇക്കുറി കമലഹാരിസിനെ പിന്നിലാക്കി. രണ്ട് തവണയും വനിതകളെ തോല്‍പ്പിച്ചു എന്ന ചരിത്രം ആവര്‍ത്തിച്ചു. മറ്റൊരു പ്രധാന കാര്യം യുഎസിലെ സ്ത്രീകള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാര സാഹചര്യമുണ്ടെങ്കിലും രാജ്യത്തിന് ഇതുവരെ ഒരു വനിതാ ചീഫ് ജസ്റ്റിസിനെയോ, സെനറ്റില്‍ ഭൂരിപക്ഷമുള്ള വനിതാ നേതാവിനെയോ സംഭാവന നല്‍കാനായിട്ടില്ല എന്നതാണ്.
സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളില്‍ അമേരിക്കന്‍ സ്ത്രീകള്‍ മുന്‍നിരയിലുള്ളവരാണ്. എന്നിട്ടും പ്രസവാവധിക്ക് പണം അടയ്ക്കണം. ഈ അവധിക്ക് നിയമപരമായ അവകാശമില്ലാത്ത ഏക വികസിത രാജ്യമാണ് അമേരിക്ക. 2022ലെ വിധിക്ക് ശേഷം ഗര്‍ഭഛിദ്രത്തിനുള്ള നിയമപരമായ അവകാശം യുഎസില്‍ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഡെമോക്രാറ്റുകള്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തെ പിന്തുണച്ചു. എന്നാല്‍ റിപ്പബ്ലിക്കന്‍സ് കര്‍ക്കശമായ നിലപാട് സ്വീകരിച്ചു. പക്ഷെ, രാജ്യവ്യാപകമായി ഗര്‍ഭഛിദ്ര നിരോധന നിയമം നടപ്പാക്കരുതെന്നായിരുന്നു ട്രംപിന്റെ വാദം.
കടപ്പാട്: ഡെക്കാണ്‍ ഹെറാള്‍ഡ്
#KamalaHarris #USElection #USPolitics #WomenInPolitics #ElectionAnalysis