Internal Conflict | സതീശൻ - സുധാകരപ്പോരിൽ അന്തിമ വിജയം ആർക്ക്, ഹൈക്കമാൻഡിന് മുൻപിൽ ഒതുങ്ങുമോ സുധാകര ഗ്രൂപ്പ്? കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് തർക്കം കടുക്കുമ്പോൾ
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രഹസ്യപിൻതുണയുമായി എത്തിയതോടെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്നു. പാർട്ടിയിൽ തനിക്കെതിരെയുള്ള നീക്കങ്ങൾക്കു പിന്നിൽ സുധാകര ഗ്രൂപ്പ് നേതാക്കളാണെന്ന പരസ്യ വിമർശനമാണ് വി.ഡി സതീശൻ ഹൈക്കമാൻഡിന് മുൻപിൽ ഉന്നയിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കുന്നില്ല. പാർട്ടിക്കുള്ളിൽ താൻ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾക്ക് അതത് സമയം ചോർത്തി നൽകാൻ കോക്കസ് തന്നെ പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം.
സുധാകരവിഭാഗം നേതാക്കളായ യു.ടി ജയന്ത്, എം ലിജു തുടങ്ങിയ നേതാക്കളെ ലക്ഷ്യമിട്ടു കൊണ്ടാണ് വി.ഡി സതീശൻ ആരോപണം ഉയർത്തുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പാര്‍ട്ടി നേതൃയോഗങ്ങളില്‍ നടത്തുന്ന വിമര്‍ശനങ്ങളും അതിനുള്ള മറുപടികളും കോണ്‍ഗ്രസില്‍ ഒരുകാലത്തും രഹസ്യമേയല്ലെന്നാണ് സുധാകര അനുകൂലികൾ പറയുന്നത്. കാഡർ പാർട്ടികളായ സി.പി എമ്മിൽ നിന്നും ബി.ജെ.പിയിൽ നിന്നും വാർത്തകൾ ചോരാറുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പരസ്യപ്രതികരണത്തിന് പോലും നേതാക്കള്‍ മടികാണിക്കാത്ത സംഘടനാസംവിധാനവുമാണ്. എന്നിട്ടും ഇപ്പോള്‍ എഐസിസി നേതൃത്വം അച്ചടക്കത്തിന്‍റെ വാളെടുക്കാന്‍ പ്രധാനകാരണം വിഡി സതീശന്‍റെ ഉറച്ചനിലപാട് തന്നെയാണെന്നാണ് സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും കരുതുന്നത്. മിഷന്‍ 2025ന്‍റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തവര്‍ ഇരുട്ടിന്‍റെ സന്തതികളാണെന്ന് സതീശന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
അത്തരക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഏറ്റെടുക്കില്ലെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചതോടെയാണ് എഐസിസി നേതൃത്വം സമ്മര്‍ദത്തിലായത്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്ന പരാതി കെ സുധാകരനും കേന്ദ്രനേതാക്കളെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. സതീശന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പരസ്യപ്രസ്താവനയിലും എഐസിസിക്ക് അതൃപ്തിയുണ്ട്.
കെപിസിസി കേന്ദ്രീകരിച്ചുള്ള ഒരു കോക്കസാണ് കെ സുധാകരനെ നിയന്ത്രിക്കുന്നതെന്ന വാദത്തിന് ബലം പകരുന്നതാണ് വാര്‍ത്ത ചോര്‍ത്തല്‍ വിവാദം. കെപിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലെ ചര്‍ച്ച അപ്പാടെ പുറത്തുപോയത് സതീശനെതിരെ നീങ്ങുന്ന ഇതേ സംഘം വഴിയാണെന്ന സൂചനകളാണ് കേന്ദ്രനേതാക്കള്‍ക്ക് മുന്നിലുള്ളത്. പലകുറി ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടും സുധാകരന്‍-സതീശന്‍ സഖ്യം വിജയം കാണാത്തതിന് പിന്നില്‍ ഒപ്പമുള്ള നേതാക്കളുടെ ഇടപെടലാണെന്ന വിവരങ്ങളും കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ട്.
ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സതീശനെ അനുനയിപ്പിക്കാനാണ് നീക്കം. അതില്‍ പ്രധാനം അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കുന്ന റിപ്പോര്‍ട്ട് തന്നെയാവും. എന്തു തന്നെയായാലും സതീശൻ - സുധാകരപ്പോരിൽ സുധാകരന് പാർട്ടിക്കുള്ളിൽ നിന്നു പ്രതീക്ഷിച്ച പിൻതുണ ലഭിച്ചിട്ടില്ല. കെ മുരളീധരനെ പോലുള്ള ചുരുക്കം ചില നേതാക്കളാണ് സുധാകരനോട് അനുഭാവം കാണിക്കുന്നത്. രമേശ് ചെന്നിത്തല വിഭാഗമോ എ ഗ്രൂപ്പോ വിഷയത്തിൽ ഇടപെടാതെ കളി ഗ്യാലറിയിലിരുന്ന് കാണാമെന്ന നിലപാടിലാണ്.