Strategy | ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ കേജ്‌രിവാള്‍ മുന്നോട്ടുവയ്ക്കുന്നത് മറ്റൊരു ഹിന്ദുത്വം?
● കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്ര സന്ദർശനവുമായി നേതാക്കൾ
● തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുള്ള നീക്കമല്ലെന്ന് വ്യക്തമാണ്.
● ആംആദ്മിയിലേക്ക് പലരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
ദക്ഷാ മനു
(KVARTHA) ആഴിമതിയില്ലാതാക്കുക എന്ന ആശയവുമായി, ഒരു പതിറ്റാണ്ട് മുമ്പ് ഉയര്‍ന്ന് വന്ന മതേതര പാര്‍ട്ടിയായിരുന്നു ആം ആദ്മി (AAP). എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷമായി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ആംആദ്മിയെ ഭൂരിപക്ഷമതവിശ്വാസവുമായി അടുപ്പിക്കുന്ന രീതികള്‍ മുന്നോട്ട് വയ്ക്കുന്നു. ബിജെപിയും ആര്‍എസ്എസും തീര്‍ക്കുന്ന പ്രതിരോധത്തെ തീര്‍ക്കുന്നതിനായിരിക്കാമെങ്കിലും അത് പാര്‍ട്ടി മുന്നോട്ട് വെച്ച ആശയത്തെ തകിടം മറിക്കുന്നതാണ്. ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന ശേഷം തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനായി രാജിവെച്ചു. പകരം അതിഷി മര്‍ലെനയ്ക്ക് ചുമതല നല്‍കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ജാമ്യം കിട്ടിയപ്പോള്‍ കെജ്‌രിവാള്‍ ആദ്യം പോയത് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്കാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അതിഷിയും പോയത് ഇതേ ക്ഷേത്രത്തിലേക്കാണ്. അവിടെ അവര്‍ പ്രാര്‍ത്ഥിക്കുകയും പൂജനടത്തുകയും ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതൊക്കെ ഭൂരിപക്ഷസമുദായത്തെ കൂടെ നിര്‍ത്താനുള്ള നീക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
നിലവിലെ സാഹചര്യത്തില്‍ ബിജെപി ഇ.ഡിയെ ഉപയോഗിച്ച് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദി എന്നിവരെ അടക്കം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ജയിലില്‍ അടച്ചതും ദ്രോഹിച്ചതും ആരോപിച്ച് പ്രചരണം നടത്തിയാല്‍ വിജയിക്കാവുന്നതേയുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാല്‍ ക്ഷേത്രദര്‍ശനങ്ങളിലൂടെ മുന്നോട്ട് വയ്ക്കുന്നത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുള്ള നീക്കമല്ലെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രിയായ ശേഷം താന്‍ അരവിന്ദ് കെജ്‌രിവാളിന് വേണ്ടിയാണ് ഭരിക്കുന്നതെന്നും നാല് മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വീണ്ടും അധികാരത്തില്‍ വരുമെന്നുമാണ് അതിഷി പ്രസ്താവിച്ചത്. കെജ്‌രിവാളിന്റെ കസേര ഉപയോഗിക്കാതെ, അതിന് തൊട്ടടുത്ത് മറ്റൊരു ഇരിപ്പിടമിട്ടാണ് അതിഷി ഇരിക്കുന്നത്. അതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. വളരെ വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഭിവാജ്യ ഘടകമായി ഭൂരിപക്ഷം പാര്‍ട്ടികളും എടുത്തുയര്‍ത്തുന്ന ശ്രീരാമനെ പോലെ കെജ്‌രിവാളിനെയും അതിഷി അവതരിപ്പിച്ചിരിക്കുകയാണ്.
ശ്രീരാമന്‍ 14 കൊല്ലത്തെ വനവാസത്തിന് പോയപ്പോള്‍ സഹോദരന്‍ ഭരതന്‍, അദ്ദേഹത്തിന്റെ സിംഹാസനത്തിന് മുന്നില്‍ പാദുകങ്ങള്‍ വെച്ച് പൂജ ചെയ്താണ് ഭരണം നടത്തിയത്. ഇക്കാര്യം അറിയാത്ത ഇന്ത്യക്കാരുണ്ടാവില്ല. അതുകൊണ്ട് അതിഷിയും ആംആദ്മിയും മുന്നോട്ടുവയ്ക്കുന്നത് ബിജെപിയുടെ രാമനെയല്ല, മറ്റൊരു രാമനെയാണെന്ന് വ്യക്തം.
താനൊരു ഹനുമാന്‍ ഭക്തനാണെന്ന് 2020ലാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താല്‍ക്കാലിക മാതൃക അന്ന് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സ്ഥാപിക്കുകയും മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രിമാരും അവിടെ പൂജ നടത്തുകയും ചെയ്തു. മാത്രമല്ല, ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദേശസ്‌നേഹത്തെ കുറിച്ചുള്ള ക്ലാസുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
അഴിമതിയില്ലാത്ത ഭരണത്തിനായി, 2012ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ബഹുജനങ്ങള്‍, ബുദ്ധിജീവികള്‍, സ്വതന്ത്രചിന്തകര്‍ എന്നിവര്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തിയത്. കാരണം രാജവംശം, കുടുംബപാരമ്പര്യം, വര്‍ഗീയ സംഘടന എന്നിവയുടെയൊന്നും ഭാരമില്ലാത്ത പുതിയൊരു സംവിധാനം ഉണ്ടാകുമെന്ന് ജനം കരുതി. എന്നാല്‍ അതിനനുസരിച്ച് ഉയരാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പാര്‍ട്ടി രൂപീകരിച്ച് അധികനാള്‍ കഴിയും മുമ്പ് ഭിന്നതകള്‍ രൂക്ഷമായി. പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് തുടങ്ങിയ പ്രമുഖരെ അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി.
ഈ സമയത്താണ് അതിഷി മര്‍ലെന മുന്‍നിരയിലേക്ക് വരുന്നത്. മര്‍ലെന എന്ന പേര് വളരെ ആകര്‍ഷകമായിരുന്നു. ഇടതുപക്ഷ വിശ്വാസികളായിരുന്നു അതിഷിയുടെ മാതാപിതാക്കള്‍. മാര്‍ക്‌സിന്റെയും ലെനിന്റെയും പേര് സംയോജിപ്പിച്ചാണ് അവര്‍ മെര്‍ലെന എന്ന പേരിട്ടത്. അങ്ങനെ അതിഷി മെര്‍ലെനയ്ക്ക് സ്വതന്ത്ര ചിന്താഗതിക്കാരുടെ ഇടയില്‍ വലിയ സ്വാധീനമുണ്ടായി. മുഖ്യധാരയില്‍ സജീവമായ ശേഷം അതിഷി തന്റെ പേരില്‍ നിന്ന് മര്‍ലെന ഒഴിവാക്കി. കുടുംബപ്പേരായ സിംഗ് സ്വീകരിച്ചു, അത് ജാതി വ്യക്തമാക്കുന്നതിനായിരുന്നു. കാരണം മര്‍ലെന എന്ന പേര് ബിജെപി രാഷ്ട്രീയമായി മുതലെടുക്കുമെന്ന് ആംആദ്മിയും അതിഷിയും തിരിച്ചറിഞ്ഞു. കെജ്‌രിവാളിന്റെ നിയന്ത്രണത്തിലുള്ള ആംആദ്മി ഹിന്ദു ചായ്‌വ് കൂടുതല്‍ കാണിക്കാന്‍ തുടങ്ങി.
താന്‍ മതവിശ്വാസിയാണെന്ന കാര്യത്തിന് കെജ്‌രിവാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ സ്വാധീനിക്കുന്നതിനാണിത്. ആധുനിക വിദ്യാഭ്യാസം, ക്ഷേമ പദ്ധതികള്‍, സാങ്കേതികവിദ്യ, സദ്ഭരണം എന്നിവ നടപ്പാക്കുന്ന സര്‍ക്കാരാണ് ആം ആദ്മിയുടേത്. എന്നാല്‍ ഇന്ത്യയുടെ ഹൈന്ദവ വേരുകള്‍ അവര്‍ ഒഴിവാക്കുന്നില്ല.
ഇത് ബിജെപിയോട് അതൃപ്തിയുള്ള വോട്ടര്‍മാരെയും കോണ്‍ഗ്രസ് മുസ്ലീം പ്രീണനത്തിന്റെ പാര്‍ട്ടിയാണെന്ന് കരുതുന്നവരെയും ആംആദ്മിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് സംഘര്‍ഷങ്ങളും കലാപങ്ങളും ആക്രമണങ്ങളും ഇല്ലാത്ത ഹിന്ദുത്വമാണ് ആംആദ്മി പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. അതൊരു വിജയകരമായ സൂത്രവാക്യമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ മനസ്സിലാക്കിയിരിക്കാനാണ് കൂടുതല്‍ സാധ്യത.
#Kejriwal #AAP #Hindutva #BJP #PoliticalStrategy #Election2024