Criticism | 'ഈ സാധാരണ മനുഷ്യരോ അനധികൃത കുടിയേറ്റക്കാര്‍'; കേന്ദ്രവനം മന്ത്രിക്ക് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി

 
kerala cm criticizes central ministers comments on wayanad
kerala cm criticizes central ministers comments on wayanad

Photo Credit: Facebook /Pinarayi Vijayan

'പരിസ്ഥിതി ഗൗരവമായി സംരക്ഷിക്കപ്പെടുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ അനധികൃത ഖനനം നടക്കില്ല എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ. ഇതറിഞ്ഞിട്ടും അനധികൃത ഖനനം മൂലമാണ് ഉരുള്‍പൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികള്‍ക്ക് മനസ്സിലാകും'

തിരുവനന്തപുരം: (KVARTHA) വയനാട് ദുരന്തത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക ഭരണസംവിധാനത്തിന്‍റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്‍റെ കാരണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ദുരന്തത്തിനിരയായവരെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അനേകം മനുഷ്യരുടെ ജീവിതമെടുത്ത, അതിലുമേറേ പേരുടെ ജീവിതങ്ങളെ അസന്നിഗ്ധതയിലോട്ട് തള്ളിവിട്ട, ഒരു പ്രദേശത്തെ നാമാവശേഷമാക്കിയ പ്രകൃതി ദുരന്തമേല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്നും കേരളം ഇതുവരെ മോചിതരായിട്ടില്ല. ഇതുപോലൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ ആലോചനയിലൂടെ ശാസ്ത്രീയമായ സമീപനത്തിലൂടെ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കണം. അതാണ് ഭൗമതാപനവും തത്ഫലമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുന്ന ഇക്കാലഘട്ടത്തിന്‍റെ ആവശ്യം. മനുഷ്യരാശിയുടെ ഏറ്റവും പ്രധാനപ്പെട്ട അതിജീവന പ്രശ്നമാണിത്. 

ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കുമുമ്പുള്ള ഘട്ടമാണിത്. ഈ സന്ദര്‍ഭത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അക്കൂട്ടത്തില്‍ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ ഉള്‍പ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്. ബഹുമാനപ്പെട്ട കേന്ദ്ര വനം  പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന്‍റെ പ്രസ്താവന നിർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. ഇത്തരം ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. 

ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാര്‍? ഈ ദുരന്തത്തില്‍ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ? അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയില്‍ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ല. 

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്. ദുഷ്കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവര്‍ പടുത്തുയര്‍ത്തിയ ജീവിതത്തിനും സംസ്കാരത്തിനും സുദീര്‍ഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചില്‍ ഒതുക്കുന്ന പ്രചരണങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട കേന്ദ്ര മന്ത്രി തയറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല. 

അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയ്യില്‍ ഉരുള്‍പൊട്ടിയതെന്നാണ് അദ്ദേഹത്തിന്‍റെ മറ്റൊരു വിചിത്രവാദം. എന്നാല്‍, മുണ്ടക്കൈ ലാന്‍ഡ്സ്ലൈഡ് ഏരിയയില്‍ നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റര്‍ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. വയനാട് ദുരന്തത്തില്‍ കേരളത്തിനെതിരെയെഴുതാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നു  എന്ന വാര്‍ത്ത നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകാം. 

ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നല്‍കാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ വഴിയാണ് കേരള സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോള്‍ ഈ മാധ്യമ വാര്‍ത്തകള്‍ ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയിഡ് ലേഖന പരിപാടി നിങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്ന് അവർ തന്നെ ആലോചിക്കേണ്ടതാണ്. 

പരിസ്ഥിതി ഗൗരവമായി സംരക്ഷിക്കപ്പെടുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ അനധികൃത ഖനനം നടക്കില്ല എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ. ഇതറിഞ്ഞിട്ടും അനധികൃത ഖനനം മൂലമാണ് ഉരുള്‍പൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികള്‍ക്ക് മനസ്സിലാകും. ഓല മടക്കിവെച്ച് കൂര കെട്ടിയ തോട്ടം തൊഴിലാളികള്‍ അനധികൃത കയ്യേറ്റകാരാണ് എന്നല്ലേ കേന്ദ്ര മന്ത്രി പറഞ്ഞു വരുന്നത്? ഉരുള്‍പൊട്ടലിന്‍റെ ഉത്തരവാദിത്വം പാവപ്പെട്ട തൊഴിലാളികളുടെ ഉള്‍പ്പെടെ തലയില്‍ ചാര്‍ത്തുകയല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia