Criticism | കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടായെങ്കില്‍ ആര്‍എസ്എസിനും അജിത് കുമാറിനും എതിരെ നടപടി വേണ്ടേ? മുഖ്യമന്ത്രി ചെയ്യേണ്ടത് 

 
kerala cm faces backlash over rss ties allegations
kerala cm faces backlash over rss ties allegations

Image Credit: Facebook / Kerala Police

● എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യം.
● പൂരം കലക്കൽ ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തൽ.
● നടപടിക്ക് മുഖ്യമന്ത്രി തയ്യാറാകാത്തതെന്ത് എന്നാണ് ഉയരുന്ന ചോദ്യം.

ആദിത്യൻ ആറന്മുള 

(KVARTHA) തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ആസൂത്രിത ശ്രമം നടത്തിയെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി കുത്സിത ശ്രമം നടന്നത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാര്‍ ശ്രമിച്ച ശക്തികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ത് എന്നാണ് ഉയരുന്ന ചോദ്യം. അതിന് ഒരു റിപ്പോര്‍ട്ടും വരേണ്ട കാര്യമില്ല. അതൊരു രാഷ്ട്രീയ തീരുമാനമായി എടുക്കാവുന്നതേയുള്ളൂ. 

പൂരംകലക്കല്‍ സംബന്ധിച്ച് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ സംഘപിവാറിനെ കുറിച്ച് ആക്ഷേപമുണ്ടെന്ന് സ്ഥിരീകരണമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നിട്ടും അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ ദുരൂഹതയുണ്ട്. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് സിപിഐയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് കൊടുത്തിട്ടുണ്ടെന്നാണ് സൂചന. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെ മുതല്‍ വത്സന്‍തില്ലങ്കേരി വരെയുള്ളവരുമായി എംആര്‍ അജിത് കുമാറിന് എന്താണ് ബന്ധമെന്നാണ് ചോദ്യം.

ആര്‍എസ്എസ് നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ ഡിജിപി അവരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നാണ് വിവരം. മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട ഒരു ആര്‍എസ്എസ് നേതാവ് എഡിജിപിയുടെ ഓഫീസില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഈ സമയം ഐപിഎസ് ഉദ്യോഗസ്ഥരെ പോലും പുറത്തിരുത്തിയെന്നും ഉള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സിപിഎം വിരുദ്ധ നിലപാട് നിരന്തരം സ്വീകരിക്കുന്ന ഉദ്യോഗസ്ഥന് പ്രത്യേക പരിഗണന നല്‍കുന്നതില്‍ പാര്‍ട്ടിയിലും മുന്നണിയിലും വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

പൂരത്തിന് പ്രശ്‌നമുണ്ടായ രാത്രി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ സേവാഭാരതി ആംബുലന്‍സിലാണ് സ്ഥലത്തെത്തിച്ചത്. രോഗികളെയും അപകടത്തില്‍ പെടുന്നവരെയും മറ്റും കൊണ്ടുപോകുന്ന ആംബുലന്‍സില്‍ സുരേഷ്‌ഗോപിയെ എത്തിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും പറയുന്നവരുണ്ട്. അതിന് സര്‍ക്കാരോ, ഇടത് പാര്‍ട്ടികളോ തയ്യാറായില്ല. പൂരം ആസൂത്രിതമായി അലങ്കോലമാക്കിയതാണെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ അന്നേ പറഞ്ഞത്. അത് ശരിവയ്ക്കുന്നതാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. 

ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ അജിത്കുമാര്‍ അഞ്ച് മാസം എടുത്തത് തന്നെ കടുത്ത അനാസ്ഥയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ത്വരിതഗതിയിലുള്ള അന്വേഷണം സര്‍ക്കാര്‍ നടത്താതിരുന്നത്. എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന കാര്യം പ്രതിപക്ഷനേതാവ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. അതുവരെ കാര്യങ്ങള്‍ മന്ദഗതിയിലാക്കിയത് എന്തിനാണ്. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. അത് ദുരൂഹരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്.

എന്നാല്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണല്ലോ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന് പങ്കുണ്ടെന്ന ആക്ഷേപം ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ അവര്‍ ആസൂത്രിതമായി ശ്രമിച്ചെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ആര്‍എസ്എസുമായി എന്തെങ്കിലും തരത്തിലുള്ള അന്തര്‍ധാരയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം മൗനംപാലിക്കുകയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറുകയോ ചെയ്യാമായിരുന്നു. 

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ, പൂരം കലക്കലില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കാരണം മുഖ്യമന്ത്രിക്കെതിരെ ആരോപണമുള്ള അതീവഗുരുതരമായ സ്വര്‍ണകടത്ത്, ലാവ്‌ലിന്‍ കേസ്, മകള്‍ക്കെതിരായ ഇഡി കേസ് എന്നിവ ആര്‍എസ്എസും ബിജെപിയും സൗകര്യപൂര്‍വം ഉപയോഗിക്കുകയും പിന്നീട് ഉപദ്രവിക്കാതെ വിടുകയുമാണ്. അതിന്റെ പ്രത്യുപകാരം ഏതെങ്കിലും തരത്തില്‍ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

#KeralaPolitics, #RSSControversy, #PuramFestival, #KeralaCM, #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia