Crisis | ഇ പിക്ക് കെണി വെച്ചതാര്! സിപിഎം കണ്ണൂർ ലോബി പിളരുന്നു, ഇനി രാഷ്ട്രീയ ഉരുൾപൊട്ടലുകളുടെ കാലമോ?
ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് ഇ.പിയെ മുഖ്യമന്ത്രിയും കൈവിട്ടിരുന്നു
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) രണ്ടു പതിറ്റാണ്ടോളം സിപിഎമ്മിനെയും ഇടതു സർക്കാരിനെയും അടക്കിഭരിച്ചിരുന്ന കണ്ണൂർ ലോബിയുടെ ആധിപത്യത്തിന് കൊടിയിറങ്ങുന്നു. പരസ്പരം പോരടിച്ചു നിൽക്കുന്ന മൂന്ന് ഗ്രുപ്പുകളായി മാറിയിരിക്കുകയാണ് കണ്ണൂരിലെ നേതാക്കൾ. ഇതോടെ വരാനിരിക്കുന്ന നാളുകളിൽ എന്തെല്ലാം വെളിപ്പെടുത്തലുകൾ പുറത്തു വന്നേക്കുമെന്നുള്ള ആശങ്കയും പാർട്ടി നേതൃത്വത്തിൽ ഉയരുന്നുണ്ട്. ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിലും ഇപി ജയരാജനെതിരെയുള്ള നടപടി തന്നെയാണ് ചർച്ചയാകുന്നത്.
ഇ.പിയെ കെണിയിൽ വീഴ്ത്തിയതാര്?
ഇ പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തിയത് പി ജയരാജന്‍- എം.വി ഗോവിന്ദന്‍ സഖ്യമെന്ന ആരോപണമാണ് സി.പി.എമ്മിനുളളില്‍ ചര്‍ച്ചയാകുന്നത് ഇ.പിക്കെതിരെയുളള നടപടിയില്‍ കണ്ണൂരിലെ ചില നേതാക്കള്‍ക്കു അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പവര്‍ ഗ്രൂപ്പിനെതിരെ പ്രതികരിക്കാന്‍ പലര്‍ക്കും ധൈര്യമില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ എം.വി ഗോവിന്ദനും പി.ജയരാജനുമെതിരെ പാര്‍ട്ടിക്കുളളിലെ ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. ഇതിനായി അവസരം പാര്‍ത്തുനില്‍ക്കുകയാണ് ഇ.പിയെ അനുകൂലിക്കുന്ന നേതാക്കള്‍.
എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിനു ശേഷം തന്നോട് ഇടഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജനെ ഒതുക്കുന്നതിനായി പാര്‍ട്ടിയില്‍ പിണറായി കോപത്തിന് ഇരയായ പി ജയരാജനെ എം.വി ഗോവിന്ദന്‍ രഹസ്യമായി കൂട്ടുപിടിക്കുകയായിരുന്നുവെന്നാണ് ഇതേ കുറിച്ചു സംസ്ഥാനകമ്മിറ്റിയിലുളള ഒരു ഉന്നതനേതാവ് വെളിപ്പെടുത്തിയത്. ഒരുവര്‍ഷം മുന്‍പ് ആന്തൂരിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍പി.ജയരാജന്‍ ഉന്നയിച്ചത് എം.വി ഗോവിന്ദന്റെ പിന്‍തുണയോടെയാണെന്നാണ് നേതാക്കളില്‍ ചിലര്‍ പറയുന്നത്.
എന്നാല്‍ പി.ജെയുടെ പരാതിയില്‍ അന്ന് എം.വി ഗോവിന്ദന്‍ നടപടിയെടുക്കാന്‍ തുനിഞ്ഞുവെങ്കിലും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. സീനിയോറിറ്റി വിഷയത്തില്‍ തന്നെ ബഹിഷ്‌കരിക്കുന്ന ഇ പി ജയരാജനെ ഒതുക്കുന്നതിനുളള, ആസൂത്രിതമായ പദ്ധതി പി ജയരാജനെ മുന്‍നിര്‍ത്തി എം.വി ഗോവിന്ദന്‍ നടപ്പിലാക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടിക്കുളളില്‍ ഇ.പിയെ അനുകൂലിക്കുന്ന നേതാക്കള്‍ വ്യക്തമാകുന്നത്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആക്കുളത്തെ മകന്റെ ഫ്‌ളാറ്റില്‍ നിന്നും ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് ഇ.പിയെ മുഖ്യമന്ത്രിയും കൈവിട്ടിരുന്നു. പാപിയോടൊപ്പം ശിവന്‍ കൂടിയാൽ ശിവനും പാപിയായിടുമെന്നാണ് കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു പിണറായി ആര്‍.സി അമല സ്‌കൂളില്‍ നിന്നും ഇറങ്ങിവന്ന മുഖ്യമന്ത്രി പ്രതികരിച്ചത്. ദല്ലാള്‍ നന്ദകുമാറും ഇ.പി ജയരാജനും തമ്മിലുളള കൂടിക്കാഴ്ചയെ കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇ.പിയുടെ വഴിവിട്ട സൗഹൃദങ്ങളെയും വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. ഇതോടെയാണ് പാര്‍ട്ടിക്കുളളിലെ അവസാനത്തെ പിടിവളളിയും ഇ.പിക്ക് നഷ്ടമായത്. എന്നാല്‍ ഇ.പി ജയരാജന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് സി.പി.എം സംസ്ഥാന നേതാക്കളാരും കരുതുന്നില്ല. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആദായ നികുതി റെയ്ഡിന്റെ നൂലാമാലകള്‍ ഒഴിവാക്കുന്നിനാണ് ഇ.പി കേന്ദ്രസര്‍ക്കാരിലെ ചിലരുമായി ബന്ധപ്പെടുന്നത്. പയ്യന്നൂരിലെ ഒരു ജ്യോത്സൻ മുഖേനെ അമിത്ഷായുമായി ബന്ധപ്പെടുകയും അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം കേരളാപ്രഭാരിയുമായിരുന്ന പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാരനാക്കിയായിരുന്നു ഇ പിയുടെ ഓപറേഷന്‍. എന്നാല്‍ ഇ.പിയുടെ വൈദകം റിസോര്‍ട്ടിനെതിരെ പാര്‍ട്ടിക്കുളളില്‍ കടുത്ത ആരോപണങ്ങളാണ് പി.ജയരാജന്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സംസ്ഥാനകമ്മിറ്റിയില്‍ ഉന്നയിച്ചത്. വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ കളളപണം വെളുപ്പിക്കുന്നതെന്നും കമ്യൂണിസ്റ്റു നേതാവിന് ചേരുന്ന ശൈലിയിലല്ല വൈദേകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവുമെന്നാണ് പി.ജയരാജന്റെ ആരോപണം.
പാര്‍ട്ടി സംസ്ഥാനസെക്രട്ടറി തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി നടപ്പിലാക്കാന്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതു പ്രകാരം പി ജയരാജന്‍ അതു എഴുതി നല്‍കുകയും ചെയ്തു. വൈദേകവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ നിന്നും ഇ.പിയും കുടുംബവും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നിരാമയക്ക് കൈമാറി ഒഴിഞ്ഞുവെങ്കിലും വിവാദങ്ങള്‍ പാര്‍ട്ടിക്കുളളില്‍ പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതാണ് ഒടുവില്‍ എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
മൗനം പാലിച്ച് ജയരാജൻ
തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ ഇതുവരെ ഇ.പി ജയരാജന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ മടങ്ങിയ ഇ.പി. കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടന്നൊരു പ്രതികരണത്തിന് ഇ.പി. ജയരാജന്‍ തയ്യാറല്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇപിയെ മാറ്റുമോ എന്ന ചര്‍ച്ചകളും സജീവമാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയില്‍ നടന്ന തിരുത്തല്‍ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സൂചിപ്പിച്ചെങ്കിലും പെട്ടന്നൊരു പ്രതികരണത്തിന് ഇ പി തയ്യാറല്ല. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്രകമ്മിറ്റിയില്‍ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന ചര്‍ച്ചകളും സജീവമാണ്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പാര്‍ട്ടിയെ അറിയിക്കാതിരുന്നതും വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയതും വീഴ്ചയാണെന്ന നിലപാടിലാണ് നേതൃത്വം. പദവികള്‍ ഇല്ലാതായതോടെ സജീവ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് ഇ പി ജയരാജന്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. നേതൃത്വത്തിന് അവധി അപേക്ഷ നല്‍കാനും സാധ്യതയുണ്ട്. ഇ പിയെ നീക്കിയത് സി.പി.എമ്മിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഇപി ബിജെപി നേതാക്കളെ കാണില്ലെന്നും ഇപിയെ ബലിയാടാക്കുന്നുവെന്നുമുള്ള വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചത്.
#KeralaPolitics #CPIM #EPJayarajan #IndiaPolitics #PoliticalCrisis