Kerala Floods | വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരും; വീട് നഷ്ടമായവര്‍ക്ക് വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ നടപടി
തിരുവനന്തപുരം: (KVARTHA) വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇനിയും നിരവധി പേരെ കണ്ടെത്തേണ്ടതുണ്ട്. ദുരന്തം നടന്ന് ഒമ്പതാം ദിവസവും തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.
വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ മന്ത്രിസഭ ഉപസമിതിക്ക് നിര്‍ദേശം നല്‍കി. നിലവില്‍ വീട് നഷ്ടപ്പെട്ടവര്‍ ക്യാംപുകളില്‍ കഴിയുകയാണ്. നിരവധി പേര്‍ വീട് നിര്‍മിക്കാനാവശ്യമായ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍കാരിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടത്തോടും നിര്‍ദേശിച്ചു.
മന്ത്രിസഭാ ഉപസമിതി നല്‍കുന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച് സൈന്യത്തിന്റെ അഭിപ്രായവും തേടാനാണ് തീരുമാനം.