Criticism | കേരളത്തിന് നേരത്തെ തന്നെ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; കുറ്റപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ജൂലൈ 23നും 26നും മുന്നറിപ്പ് നല്‍കി.
കനത്ത മഴ പ്രവചിച്ചതിനെത്തുടര്‍ന്ന് കേന്ദ്രം ഒമ്പത് എന്‍ഡിആര്‍എഫ് ടീമുകളെയും കേരളത്തിലേക്ക് നേരത്തെതന്നെ അയച്ചിരുന്നു.
ന്യൂഡെല്‍ഹി: (KVARTHA) കേരളത്തിന് ഉരുള്‍പൊട്ടല്‍ (Landslide) സാധ്യതയെക്കുറിച്ച് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് (Warning) നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ Union Minister Amit Shah) പാര്‍ലമെന്റില്‍ (Parliament) പറഞ്ഞു. പ്രളയ മുന്നറിയിപ്പ് സംബന്ധിച്ച് നടപടികളുണ്ടായില്ലെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് അമിത് ഷാ രംഗത്ത് വന്നത്.
വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഒരാഴ്ച മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി, തെക്കന്‍ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടര്‍ന്ന് കേന്ദ്രം ഒമ്പത് എന്‍ഡിആര്‍എഫ് ടീമുകളെ കേരളത്തിലേക്ക് നേരത്തെ അയച്ചിരുന്നെന്നും കേരള സര്‍കാര്‍ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ പ്രളയ മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ല. പ്രളയ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തേ നല്‍കുന്ന മുന്നറിയിപ്പുകള്‍ കേരളം ഗൗരവത്തില്‍ പരിഗണിക്കണമായിരുന്നുവെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
പിന്നീട് 20 സെന്റീ മീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് 26ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് ലഭിച്ചിട്ടും ആളുകളെ മാറ്റി പാര്‍പിക്കുന്നതില്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് നിസ്സംഗത സംഭവിച്ചുവെന്നാണ് അമിത് ഷായുടെ വിമര്‍ശനം. ഏഴ് ദിവസം മുമ്പ് ഉരുള്‍പൊട്ടലും പ്രളയവും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന സംവിധാനമുള്ള നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യയെന്നും വയനാട് ദുരന്തത്തില്‍ കേരളത്തിനൊപ്പം കേന്ദ്രമുണ്ടെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ചൊവ്വാഴ്ച (30.07.2024) രാത്രി വയനാട് സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി ഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.
ലോക്സഭയില്‍ വയനാട് ദുരന്തത്തെ ചൊല്ലി ബഹളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ ആണ് അപകടങ്ങള്‍ക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. എന്നാല്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. വയനാട് ഉരുള്‍ പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയിരുന്നു. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാകേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാജ്യസഭയിലും എംപിമാര്‍ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയില്‍ സിപിഎം ഉപനേതാവ് ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍, ജോസ് കെ മാണി തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ നോടീസ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ നിരാകരിക്കുകയായിരുന്നു.
അതിനിടെ, വയനാട് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 175 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 89 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുള്‍ പൊട്ടലില്‍ 225പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 191 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇതിനായി ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമായിരുന്നു. ബെയ്‌ലി പാലം വ്യാഴാഴ്ച (01.08.2024) പൂര്‍ത്തിയാക്കുമെന്നാണ് സൈന്യം അറിയിച്ചത്. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.