Analysis | കേരളത്തിലേക്ക് സഹായിക്കാൻ എത്തും മുമ്പ് നിങ്ങൾ ആദ്യം അർജുനെ കണ്ടെത്തൂ! രക്ഷാപ്രവർത്തനത്തിലെ ഏകോപനം, രണ്ട് സംസ്ഥാനങ്ങളുടെ രണ്ട് മുഖങ്ങൾ
അർജുനെ കാത്ത് ഇപ്പോഴും വിഷമിച്ചിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന് മറക്കാതിരിക്കുക. അർജുനെ കണ്ടെത്തും വരെ ഒരിക്കലും അവരുടെ കണ്ണുനീര് തോർന്നെന്നും വരില്ല.
മിന്റാ മരിയ തോമസ്
(KVARTHA) കർണാടകയിലെ ഷിരൂറിൽ ദിവസങ്ങൾ കഴിഞ്ഞു കണ്ടവർ ഇപ്പോൾ വയനാട്ടിൽ. നല്ലത് തന്നെ വരുന്നത്. പക്ഷേ, അത് അർജുനെ കണ്ടിട്ട് പോരെ. സ്വന്തം നാട്ടിൽ മരിച്ച കേരളക്കാരനെ രക്ഷിക്കാൻ കഴിഞ്ഞില്ല, എന്നിട്ടാ വയനാട്ടിലേക്ക് എന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ അവരോട് നിങ്ങൾക്ക് എന്ത് ഉത്തരം പറയാൻ കഴിയും. മലയാളിയായ അർജുൻ എന്ന സഹോദരനെ കർണ്ണാടകയിലെ ഷിരൂരിൽ കാണാതായിട്ട് ദിവസങ്ങൾ ഏറെയായി. ഇപ്പോഴും ഒരു വിവരവും ഇല്ല. അവിടെ ഒരു സർക്കാർ സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലും തോന്നുകയില്ലാത്ത രീതീയിലായിരുന്നു അവിടുത്തെ ഒരോ നീക്കങ്ങളും കാര്യങ്ങളും.
ഇപ്പോൾ വയനാട് ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഇവർ വരുന്നുവെന്ന് കേൾക്കുമ്പോൾ എന്താണ് പറയാൻ പറ്റുക. ചിലരൊക്കെ ഇത് കേട്ട് ചിരിക്കുന്നും ഉണ്ടാവും. ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യർത്ഥിച്ചത്.
ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയിൽ സഹായം നൽകാൻ എത്തുന്നുണ്ട്. കർണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാൻ നാളെ വയനാട്ടിലേക്ക് എത്തും. ബാംഗ്ലൂർ - വയനാട് ദേശീയ പാത 766-ൽ ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കുള്ള യാത്ര തത്കാലം കര്‍ണാടക നിരോധിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിലാണ് തീരുമാനം. പകരം യാത്രക്കാർ ഗുണ്ടൽപേട്ട് - ബന്ദിപ്പൂർ - ഗൂഡലൂർ വഴി പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തേക്ക് രണ്ട് ഐഎഎസ് ഓഫീസർമാരെ നിയോഗിച്ചു. മലയാളികളായ പി സി ജാഫർ, ദിലീഷ് ശശി എന്നിവരെയാണ് നിയോഗിച്ചത്. രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായം കർണാടകയിൽ നിന്ന് എത്തിക്കും. ബന്ദിപ്പൂർ വഴി രാത്രി യാത്രാ നിരോധനം ഉണ്ടെങ്കിലും സഹായത്തിന് പോകുന്ന സർക്കാർ വാഹനങ്ങളെ കടത്തി വിടും, നിയന്ത്രണം ഉണ്ടാവില്ല. എല്ലാ സഹായത്തിനും കർണാടക തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
അർജുൻ എന്ന സഹോദരനെ കണ്ടെത്തു, അതിന് ശേഷം മതി കേരളത്തിലേക്ക് വരുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട പ്രതികരണം. കർണാടകയിൽ 15 ദിവസത്തിലധികമായി മണ്ണിനടിയിൽ പെട്ട ജീവനുകൾ മണ്ണ് നീക്കി പുറത്തെടുക്കാൻ സാധിക്കാത്ത എന്ത് സംവിധാനമാണ് വയനാട്ടിലേക്ക് കർണ്ണാടകയിൽ നിന്നും കൊണ്ടുവരാനുള്ളത് എന്ന് ആരെങ്കിലും അല്ലെങ്കിൽ അർജുൻ്റെ കുടുംബം തന്നെ ചോദിച്ചാൽ അവരോട് കർണാടക സർക്കാരിന് എന്ത് ഉത്തരം പറയാൻ സാധിക്കും. അതുംകൂടി ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം. നിങ്ങൾ ആദ്യം ആ അർജുനനെ കണ്ട് പിടിക്കാൻ നോക്കുക. ഇവിടെത്തെ കാര്യം നോക്കാൻ ഇവിടെ ഒരു മന്ത്രിസഭയും മുഖ്യമന്ത്രിയും ഉണ്ട്.
ഇപ്പോൾ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ കേന്ദ്ര സർക്കാർ എല്ലാം കാര്യം നോക്കാൻ ചുമതല കൊടുത്തു കഴിഞ്ഞു. എത്ര പെട്ടന്നാണ് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് എന്ന് നോക്കൂ. ഫയർഫോഴ്സ്, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, കരസേന, ഫയർഫോഴ്സ്, നാവിക സേന, ആരോഗ്യ പ്രവർത്തകർ, ഇലക്ട്രിസിറ്റി വിഭാഗം, റവന്യൂ വിഭാഗം, കേരളത്തിന്റെ സ്വന്തം സിവിൽ ഡിഫൻസ് ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങി രാജ്യത്ത് ലഭ്യമായ എല്ലാം കൂട്ടിയോജിപ്പിച്ച് പറ്റാവുന്ന അവസാന ജീവനും രക്ഷിച്ചെടുക്കാനുള്ള അസാമാന്യ ശ്രമമാണ് അപകട വിവരം അറിഞ്ഞ ആദ്യ നിമിഷം തന്നെ സാധ്യമാക്കിയിരിക്കുന്നത്. കേരളത്തിന്റെ അതിജീവനശ്രമങ്ങളും അതിന് നേതൃത്വം നൽകുന്നവരും അഭിമാനകരമാണ്. ഇതാണ് കർണാടക സർക്കാർ മാതൃകയാക്കേണ്ടത്.
സഹായിക്കണം ചേർത്തു പിടിക്കണം. അവർ നമ്മുടെ കൂടെ പിറപ്പുകൾ ആണ്. ഇത് കർണാടകയിൽ ദുരന്തത്തിൽ അകപ്പെട്ട അർജുൻ എന്ന സഹോദരനും ബാധകമായിരുന്നെന്ന് കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമൊക്കെ മനസിലാക്കിയാൽ നന്ന്. അർജുനെ കാത്ത് ഇപ്പോഴും വിഷമിച്ചിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന് മറക്കാതിരിക്കുക. അർജുനെ കണ്ടെത്തും വരെ ഒരിക്കലും അവരുടെ കണ്ണുനീര് തോർന്നെന്നും വരില്ല.
കോൺഗ്രസിൻ്റെ അനിഷേധ്യനായ നേതാവ് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച ലോക് സഭാ മണ്ഡലം ആണ് വയനാട്. ഇനി വരുന്ന ഉപതെരഞ്ഞെടുപ്പിൽ രാഹുലിൻ്റെ സഹോദരി പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുന്നതെന്നും വ്യക്തമാണ്. അപ്പോൾ തങ്ങളുടെ നേതാവിൻ്റെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള തന്ത്രമല്ലേ കർണാടക സർക്കാരിൻ്റെ മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രിയ്ക്കുമൊക്കെ ഉള്ളതെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. നിങ്ങളോട് വീണ്ടും ആവർത്തിച്ചു പറയുന്നു. നിങ്ങൾക്ക് അല്പമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ആദ്യം അർജുൻ എന്ന സഹോദരനെ കണ്ടെത്തു. അതിന് ശേഷം മതി കേരളത്തിലേക്ക് വരുന്നത്.