Criticism | മദ്രസകൾ അടച്ചുപൂട്ടണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം കനത്തു; പ്രത്യേക അജൻഡയുടെ ഭാഗമെന്ന് ആരോപണം; കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി
● നിർദേശം ദേശീയ ബാലാവകാശ കമ്മീഷന്റേത്.
● കേരള സർക്കാരും മുസ്ലിം സംഘടനകളും ഈ നിർദേശത്തെ ശക്തമായി എതിർത്തു.
● ഭരണഘടനാ വിരുദ്ധമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: (KVARTHA) മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ (NCPCR) കത്തിനെതിരെ വ്യാപക പ്രതിഷേധം. രാഷ്ട്രീയ പാർട്ടികളും വിവിധ മുസ്ലിം സംഘടനകളും ഇതിനെതിരെ രംഗത്തുവന്നു. മദ്രസകൾക്കുള്ള ധനസഹായം നിർത്തി മദ്രസാ ബോർഡ് അടച്ചുപൂട്ടണമെന്നാണ് കമ്മീഷന്റെ ശുപാർശ. വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്ക് അനുസൃതമായാണ് മദ്രസകൾ പ്രവർത്തിക്കേണ്ടതെന്നും ചെയർമാൻ പ്രിയങ്ക് കനൂംഗോ പറയുന്നു.
അതേസമയം, കേരളത്തില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കാത്തതിനാല്‍ കേരളത്തിന് ഈ നിര്‍ദേശം ബാധകമാകില്ലെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. കേരളം മദ്രസകൾക്ക് പണം നൽകുന്നുണ്ടെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാന്റെ പ്രസ്‌താവനക്കെതിരെ മന്ത്രി വി അബ്‌ദുറഹ്‌മാൻ രൂക്ഷമായി പ്രതികരിച്ചു. കേരള സർകാർ മദ്രസകൾക്ക് ഫണ്ട് നൽകുന്നു എന്ന് ആരാണ് ബാലാവകാശ കമ്മീഷൻ ചെയർമാനോട് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു.
മദ്രസ അധ്യാപകരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ് ക്ഷേമനിധിയിലുള്ളത്. കേരളത്തിൽ മദ്രസകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ല. സർകാർ ഫണ്ട് നൽകുന്ന ഒരു മതപഠനശാലയും ഇല്ലെന്നാണ് പറഞ്ഞതെന്നും, മതപഠനത്തിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരും ഏജൻസികളും നടത്തുന്ന അജണ്ടയുടെ ഭാഗാമാണ് ഈ നിർദേശമെന്നാണ് മുസ്ലിം ലീഗ് പ്രതികരിച്ചത്. പാർലമെൻറിൽ വിഷയം ശക്തമായി ഉയർത്താനും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും മുസ്ലിം ലീഗ് നീക്കം നടത്തുന്നുണ്ട്.
മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. തെറ്റായ പ്രവണത പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേത് പോലെയല്ല മറ്റ് പല സംസ്ഥാനങ്ങളിലെയും മദ്രസ സംവിധാനം. കേന്ദ്ര ബാലാവകാശ കമീഷന്‍റെ നിലപാട് ജനാധിപത്യ വിരുദ്ധവും മതനിരപേക്ഷതയ്ക്ക് യോജിക്കാത്തതുമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിർദേശത്തെ ഭരണഘടനാവിരുദ്ധമായി വിശേഷിപ്പിച്ചു. ഇത് ഭരണഘടന ഉറപ്പാക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ നിർദേശം ഭരണഘടനയിലെ 29-ാം അനുച്ഛേദവും 30-ാം അനുച്ഛേദവും ലംഘിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസകൾ അടച്ചുപൂട്ടാനുള്ള നീക്കം സംഘ് പരിവാർ അജണ്ടയുടെ ഭാഗമാണെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘ് പരിവാർ ചിന്താഗതിയുടെ പിന്നാലെയാണ് നടക്കുന്നതെന്നും ഈ അപകടകരമായ നീക്കം പിൻവലിക്കണമെന്നും സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് സമസ്‌ത കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅതും ആരോപിച്ചു. മദ്രസകൾ തകർക്കാനുള്ള കേന്ദ്ര നീക്കം അപലപനീയമാണ്. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണിത്. ജനാധിപത്യപരമായി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവകാശം നിഷേധിക്കുന്നതാണ് കേന്ദ്രസർകാർ നീക്കം. ഇത് വിവേചനപരമാണ്. കേന്ദ്രം ഈ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും കേരള മുസ്ലിം ജമാഅത് ആവശ്യപ്പെട്ടു.
കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഏത് മതം അനുഷ്ഠിക്കുന്നതിനും ഇന്ത്യയില്‍ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിര്‍ദേശമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിദ്യാഭ്യാസ അവകാശനിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമീഷന്റെ നിർദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേത്. മറ്റിടങ്ങളിൽ മദ്രസ വിദ്യാഭ്യാസം മാത്രം എന്ന നിലപാട് ഉണ്ട്. അത് ഇല്ലാതാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദേശവുമായി കമ്മീഷൻ തലവൻ പ്രിയങ്ക് കാൻഗൊ ആണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രടറിമാർക്ക് കത്തയച്ചത്. മദ്രസബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിർദേശമുണ്ട്. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും 11 പേജുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
#SaveMadrasas #KeralaProtests #NCPCR #EducationRights #MinorityRights #India