‘കർണ്ണന് പോലും അസൂയ തോന്നുന്ന കെകെആർ കവചം’: ദിവ്യക്കെതിരെ സൈബർ ആക്രമണം; വിവാദം അനാവശ്യമെന്ന് രാഗേഷ്; വീഴ്ച സംഭവിച്ചതയി ശബരിനാഥൻ


● ദിവ്യ എസ്. അയ്യരുടെ അഭിനന്ദനം വിവാദമായി.
● കെ.കെ. രാഗേഷിനെ പ്രശംസിച്ചതാണ് പ്രശ്നമായത്.
● യൂത്ത് കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമെന്ന് രാഗേഷ്.
● വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നതെന്ന് രാഗേഷ്.
● പ്രൊഫഷണൽ അഭിനന്ദനത്തിൽ തെറ്റില്ലെന്ന്.
● അഭിനന്ദനം വീഴ്ചയാണെന്ന് ശബരിനാഥൻ്റെ പ്രതികരണം.
കണ്ണൂർ: (KVARTHA) സിവിൽ സർവീസ് ഉദ്യോഗസ്ഥയും കോൺഗ്രസ് നേതാവ് ശബരിനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യർ തന്നെ അഭിനന്ദിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെ.കെ. രാഗേഷ് രംഗത്തെത്തുന്നത്. വിവാദം അനാവശ്യമാണെന്ന് കെ.കെ. രാഗേഷ് പാറക്കണ്ടിയിലെ സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ്, നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണൽ മറ്റൊരു പ്രൊഫഷണലിനെക്കുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റെന്നും കെ.കെ. രാഗേഷ് ചോദിച്ചു. ജില്ലാ സെക്രട്ടറി അഭിവാദ്യങ്ങൾ എന്നല്ല പോസ്റ്റ് ചെയ്തതെന്നും സ്ത്രീ എന്ന പരിഗണന നൽകാതെയാണ് സൈബർ ബുള്ളിയിങ് നടത്തുന്നതെന്നും കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടി.
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരുടെ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഭർത്താവും കോൺഗ്രസ് നേതാവുമായ ശബരിനാഥൻ രംഗത്തെത്തി. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദുദ്ദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വ്യക്തമാക്കി. കർണ്ണന് പോലും അസൂയ തോന്നുന്ന കെ.കെ. ആർ. കവചം എന്നായിരുന്നു മുഖ്യമന്ത്രിയുടെ കൂടെയുള്ള രാഗേഷിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ദിവ്യ എസ്. അയ്യർ പുകഴ്ത്തിയത്. കെ. മുരളീധരനും യൂത്ത് കോൺഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിയുടെ പ്രതികരണം. ഇതോടെ ദിവ്യക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാക്കിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ, ഷെയർ ചെയ്യൂ.
Article Summary: CPM Kannur District Secretary KK Ragesh responds to the controversy over Divya S Iyer's post praising him. Ragesh criticizes the Youth Congress's stance and defends Iyer, while Sabarinath acknowledges a lapse in her remarks.
#KeralaNews, #KKRagesh, #DivyaSIyer, #Politics, #Controversy, #SocialMedia