Political Invitation | തെറ്റുതിരുത്തി മുൻപോട്ടു വന്നാൽ സിപിഐയെ യുഡിഎഫ് മുന്നണിയിലെടുക്കുമെന്ന് കെ.സുധാകരൻ
● 'പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്'
● 'പി ശശിക്കും എ.ഡി.ജി.പിക്കും വേണ്ടിയാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്'
● 'സിപിഐ മുന്നണിക്കുള്ളിൽ അടിമകളെപ്പോലെ നിൽക്കാതെ സ്വതന്ത്രമായി നിൽക്കണം'
കണ്ണൂർ: (KVARTHA) സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. തെറ്റുതിരുത്തി മുൻപോട്ടു വന്നാൽ സി.പി.ഐയെ മുന്നണിയിലെടുക്കാനുള്ള കാര്യം പരിശോധിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പി വി അൻവർ എം.എൽ.എ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. അൻവർ ഭീഷണിപ്പെടുത്തുന്നതു കൊണ്ടാണ് മുഖ്യമന്ത്രി അൻവറിനെതിരെ ഒന്നും പറയാത്തതെന്നും സുധാകരൻ ആരോപിച്ചു.
പി ശശിക്കും എ.ഡി.ജി.പിക്കും വേണ്ടിയാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്. അവർ ചെയ്യുന്നതിൻ്റെ ബെനിഫിഷ്യറി മുഖ്യമന്ത്രിയാണ്. ഓരോ ദിവസവും അൻവർ മുഖ്യമന്ത്രിയെയും ഓഫീസിനിയെയും ഭീഷണിപ്പെടുത്തുകയാണ്. അൻവറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണ്. കോൺഗ്രസ് എംഎൽഎ ആയിരുനെങ്കിൽ താൻ പുറത്താക്കിയേനെയെന്നും സുധാകരൻ പറഞ്ഞു.
അൻവർ ഗാന്ധിയനാണെന്നാണ് ഇപ്പോൾ പറയുന്നത്. അൻവർ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്. എന്തൊക്കെയോ പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നതുപോലെ തങ്ങൾക്ക് പറയാനുള്ള കാര്യം വ്യക്തമായി പറയാൻ സി.പി.ഐക്ക് കഴിയുന്നില്ല. സിപിഐ മുന്നണിക്കുള്ളിൽ അടിമകളെപ്പോലെ നിൽക്കാതെ സ്വതന്ത്രമായി നിൽക്കണം. സിപിഐ തെറ്റു തിരുത്തി മുൻപോട്ടു വന്നാൽ യുഡിഎഫിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നും സുധാകരൻ പറഞ്ഞു.
#CPI #UDF #KeralaPolitics #Sudhakaran #Anwar #Congress