Allegation | കണ്ണൂര്‍ സര്‍വകലാശാലയിലെ വ്യാജ കോഴ്‌സിലെ അഡ്മിഷന്‍; ഗവര്‍ണര്‍ക്ക് മുഹമ്മദ് ഷമ്മാസ് പരാതി നല്‍കി
● കെഎസ്യു, കണ്ണൂർ സർവകലാശാലയിൽ വ്യാജ അഡ്മിഷൻ നടന്നെന്ന് ആരോപിച്ചു.
● കെ-റീപ് സോഫ്റ്റ്‌വെയറിലെ അഴിമതിയിൽ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം.
● ഗവർണറോട് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു.
കണ്ണൂര്‍: (KVARTHA) വിസിയും രജിസ്ട്രാറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള ക്രമക്കേടിന് പിന്നിലെ സര്‍വകലാശാലയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു കെ എസ് യു സംസ്ഥാന നേതൃത്വം രംഗത്തെത്തി. കെ-റീപ് സോഫ്റ്റ്വെയറിന്റെ മറവില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന വ്യാജ കോഴ്‌സിലെ വ്യാജ അഡ്മിഷന്‍ സംബന്ധിച്ച് ചാന്‍സലര്‍ക്ക് കെ എസ് യു പരാതി നല്‍കി.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിന് പരാതി നല്‍കിയത്. വിസിയും രജിസ്ട്രാറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ വ്യാജ അഡ്മിഷന്‍ ക്രമക്കേടിന് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ഷമ്മാസ് പരാതിയില്‍ ആവശ്യപ്പെട്ടു.
കെ-റീപ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ ആരംഭ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നുവന്നിരുന്നുവെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നാലുവര്‍ഷ ഡിഗ്രി കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം സര്‍വകലാശാല ഔദ്യോഗികമായി പുറത്ത് വിടുന്നതിന് മുമ്പ് കെ-റീപ് സോഫ്റ്റ്വെയറിലൂടെ ചോരുന്ന സാഹചര്യവുമുണ്ടായി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അംഗീകാരമില്ലാത്ത വ്യാജ കോഴ്‌സിന്റെ പരീക്ഷ ഫലം ഔദ്യോഗികമായി സര്‍വകലാശാല തന്നെ പ്രസിദ്ധീകരിച്ചത് ഞെട്ടിക്കുന്നതാണെന്നും വിഷയം പുറത്തുവന്നപ്പോഴുള്ള സര്‍വകലാശാല വൈസ് ചാന്‍സലറുടെയും രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനത്തിന്റേയും ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ ആശങ്കാജനകവും സംശയാസ്പദവുമാണെന്നും ഷമ്മാസ് നല്‍കായ പരാതിയില്‍ പറയുന്നു.
അംഗീകാരമില്ലാത്ത കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കിയ സംഭവത്തില്‍ പലതും മറച്ചുപിടിച്ച് വഴിവിട്ട നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമീപനമാണ് വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു വരുന്നതെന്നും ഒരു വശത്ത് കെ-റീപ് സോഫ്റ്റ്വെയറിന്റെ നിലവാരവും വിശ്വാസ്യതയും ചോദ്യചിഹ്നമാകുമ്പോള്‍ മറുവശത്ത് ഈ ക്രമക്കേടിന് ഒത്താശ ചെയ്യുന്ന സര്‍വ്വകലാശാല നടപടികളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും മുഹമ്മദ് ഷമ്മാസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
#KannurUniversity #KSU #Kerala #fakeAdmissions #corruption #higherEducation #India