Education Bandh | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ചൊവ്വാഴ്ച സംസ്ഥാന വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു; സമരത്തിനിറങ്ങിയ എസ് എഫ് ഐയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി
![Plus 1 seat row: KSU announces state-wide education bandh tomorrow, Thiruvananthapuram, News, Plus 1 seat row, Education bandh, Education, Minister V Sivan Kutty, Assembly, Politics, Kerala News](https://www.kvartha.com/static/c1e/client/115656/uploaded/91cf0275afe773528e6e4bf8187dda01.webp?width=730&height=420&resizemode=4)
![Plus 1 seat row: KSU announces state-wide education bandh tomorrow, Thiruvananthapuram, News, Plus 1 seat row, Education bandh, Education, Minister V Sivan Kutty, Assembly, Politics, Kerala News](https://www.kvartha.com/static/c1e/client/115656/uploaded/91cf0275afe773528e6e4bf8187dda01.webp?width=730&height=420&resizemode=4)
കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് എഫ് ഐക്ക് മന്ത്രിയുടെ മറുപടി
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി
തിരുവനന്തപുരം: (KVARTHA) പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ച് കെ എസ് യു. പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കെ എസ് യുവും എ എസ് എഫും. തിങ്കളാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കെ എസ് യു പ്രതിഷേധം സംഘടിപ്പിച്ചു.
പ്ലസ് വണ്‍ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ചില്‍ ഉന്തും തളളും ഉണ്ടായി. മാര്‍ച് പൊലീസ് ബാരികേഡ് നിരത്തി തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരികേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായത്. കൊല്ലം കലക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കലക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കോഴിക്കോട് ആര്‍ഡിഡി ഓഫീസും കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഓഫീസിന് അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥയായി.
തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയ ശേഷം ജില്ലാ പ്രസിഡന്റ് വി ടി സൂരജ് ഉള്‍പെടെയുള്ള ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എം എസ് എഫ് പ്രതിഷേധം നടന്നു. ഹയര്‍സെകന്‍ഡറി റീജിയനല്‍ ഡെപ്യൂടി ഡയറക്ടറേറ്റ് ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിനിറങ്ങിയ എസ് എഫ് ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റിലേക്കാണ് എസ് എഫ് ഐ പ്രതിഷേധ മാര്‍ച് സംഘടിപ്പിച്ചത്.
മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാചുകള്‍ അനുവദിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം.
സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എസ് എഫ് ഐ പറഞ്ഞത്. അതിനിടെയാണ് സമരത്തിനിറങ്ങിയത്. സീറ്റ് വിഷയത്തില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.