KT Jaleel | 'അരങ്ങേറ്റം ഗംഭീരം, പക്ഷെ..'; പാർലമെന്റിൽ ഇതൊന്നും രാഹുൽ എന്തുകൊണ്ടാണ് മിണ്ടാത്തതെന്ന് കെ ടി ജലീൽ
'ഉപ്പ് തൊട്ട് കർപ്പൂരം വരെ എണ്ണിയെണ്ണി പറഞ്ഞ പ്രതിപക്ഷ നേതാവിന് സിഎഎ തൻ്റെ കന്നിപ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമായി എന്തേ തോന്നാതിരുന്നത്'
മലപ്പുറം: (KVARTHA) രാജ്യത്തെ പ്രബല ന്യൂനപക്ഷ ജനവിഭാഗമായ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിൽ കഷായത്തിൽ ചേർക്കാൻ പോലും പ്രതിഫലിച്ചില്ലെന്ന് കെ ടി ജലീൽ എംഎൽഎ. രാഹുൽ പ്രതിപക്ഷ നേതാവായ ശേഷം ആദ്യം നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ മാത്രം തിരഞ്ഞുപിടിച്ച് രാജ്യത്ത് നിന്ന് ആട്ടിയോടിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ (CAA) കുറിച്ച് ഒരു വാചകമെങ്കിലും പറയാതിരുന്നത് അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിച്ച വലിയൊരു സമൂഹത്തെയാണ് വേദനിപ്പിച്ചതെന്നും ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ഉപ്പ് തൊട്ട് കർപ്പൂരം വരെ എണ്ണിയെണ്ണി പറഞ്ഞ പ്രതിപക്ഷ നേതാവിന് സിഎഎ തൻ്റെ കന്നിപ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമായി എന്തേ തോന്നാതിരുന്നത്? പൗരത്വ റജിസ്റ്ററിനെ പറ്റിയോ (NRC), ഏക സിവിൽ കോഡിനെ കുറിച്ചോ അദ്ദേഹം ഒരു വാക്ക് മിണ്ടിയത് കണ്ടില്ല. ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് രാഹുൽഗാന്ധി ശ്രമിക്കുന്നത്? കോൺഗ്രസിനെ ക്ഷണിക്കാത്തതിൻ്റെ പേരിൽ വെള്ളി ഇഷ്ടിക ഏതൊരു ക്ഷേത്രത്തിൻ്റെ നിർമാണത്തിനാണോ കോൺഗ്രസ് നേതാക്കൾ അയച്ചു കൊടുത്തത്, അതേ രാമക്ഷേത്രം പണിത അയോദ്ധ്യ ഉൾകൊള്ളുന്ന ഫൈസാബാദിൽ ബിജെപി തോറ്റമ്പി.
സംഘ്പരിവാറുകാരുടെ മാത്രമല്ല രാമക്ഷേത്ര നിർമണത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്തതിൻ്റെ പേരിൽ വ്യസനം രേഖപ്പെടുത്തിയ കോൺഗ്രസിൻ്റെയും കണ്ണു തുറപ്പിക്കേണ്ട പരാജയമാണത്. കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിച്ചതിനെ സംബന്ധിച്ച് ഒരു വാക്കെങ്കിലും രാഹുലിന് പറയാമായിരുന്നില്ലെ? ഏകസിവിൽകോഡ് കോടിക്കിന് മനുഷ്യരുടെ ആത്മാഭിമാനത്തിലാണ് തീ കോരിയിട്ടിരിക്കുന്നത്? അതും രാഹുൽഗാന്ധിയുടെ ഓർമ്മയുടെ റഡാറിൽ എന്തേ പതിയാതിരുന്നതെന്നും ജലീൽ ചോദിച്ചു.
ഇൻഡ്യാ മുന്നണിക്ക് വോട്ട് ചെയ്തു എന്ന ഏക കാരണത്താൽ നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളുടെ കൂരകളും കടകളുമാണ് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. അവിടങ്ങളിൽ എവിടെയെങ്കിലും രാഹുൽ ഒന്ന് സന്ദർശിച്ചോ? അവരെ ഒന്നുപോയി സമാശ്വസിപ്പിച്ചോ? അക്കാര്യങ്ങൾ സഭയിൽ ഒന്നോർമ്മിപ്പിച്ചോ? വരുംനാളുകളിലെങ്കിലും രാഹുൽഗാന്ധിയുടെ ഓർമ്മപ്പുറത്ത് ഇവയെല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുമോ? ഇന്ത്യൻ ജനത അതാണ് ഉറ്റുനോക്കുന്നതെന്നും എംഎൽഎ കുറിച്ചു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം