Shift | നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറുമ്പോൾ പറഞ്ഞു നിൽക്കാനാവാതെ സിപിഎം; കേരളത്തിൽ വരാൻ പോകുന്നത് തൂവാല രാഷ്ട്രീയത്തിൻ്റെ വസന്തകാലമോ?
● കസേരയിളകുന്നതും കസേര കിട്ടാത്തതുമൊക്കെ കാരണം.
● നേതൃപദവികളിലിരുന്നവരാണ് മറുകണ്ടം ചാടുന്നത്
● സിപിഎമ്മിന് ഏറെ തലവേദന
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലഭിച്ച ആത്മവിശ്വാസത്താൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളം ഭരിക്കുമ്പോഴും കഴിഞ്ഞ 20 വർഷം ചാലകശക്തിയായി മുൻപോട്ടു നയിച്ചിരുന്ന പിണറായിസം പാർട്ടിയിൽ ദുർബലമാകുന്നു. പാർട്ടിയിലും സർക്കാരിലും തിരുവായ്ക്ക് എതിർ വായയില്ലാത്ത പിണറായിയുടെ അധീശത്വത്തിൻ്റെ പ്രഭാവം ക്ഷയിച്ചു തുടങ്ങിയെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.
പാർട്ടിയിൽ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കൾ കൂടുമാറുന്നത് അടിത്തട്ടിൽ വേരുകൾ പൊട്ടുന്നതിൻ്റെ ലക്ഷണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സംസ്ഥാനത്തെ ഏറ്റവും വലുതും ജനകീയതയുമുള്ള പാർട്ടിയായ സി.പി.എമ്മിൻ്റെ തകർച്ച പാർട്ടിയെ കഠിനമായി എതിർക്കുന്നവർ പോലും ആഗ്രഹിക്കുന്നതല്ല. എന്നാൽ ഒരു കമ്യുണിസ്റ്റ് പാർട്ടി ഒരിക്കലും ബാഹ്യ ശത്രുക്കളുടെ അക്രമണം കാരണം തകരാറില്ല. അതു ജൈവികമായി കരുത്താർജ്ജിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ആന്തരികമായ പ്രത്യയശാസ്ത്ര വ്യതിയാനങ്ങളും മൂല്യച്യുതികളും നേതാക്കളുടെ വഴിപിഴച്ച പോക്കും ആഡംബര ജീവിത ഭ്രമങ്ങളും പാർട്ടിയെ അതിൻ്റെ ഭ്രമണപഥത്തിൽ നിന്നും അകറ്റുന്നു. വളരെ പെട്ടെന്ന് ഇതു തിരിച്ചറിയാൻ കഴിയില്ലെങ്കിലും ക്രമേണ കമ്യുണിസ്റ്റ് പാർട്ടിയിൽ തകർച്ചയുടെ ലക്ഷണങ്ങൾ പുറത്തുവരും. പാർട്ടി പ്രത്യയശാസ്ത്രത്തിൻ്റെ അലകും പിടിയും മാറ്റിയതാണ് സി.പി.എം ഇപ്പോൾ നേരിടുന്ന ആന്തരിക പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. ബംഗാളിലും ത്രിപുരയിലും കണ്ടതുപോലെ ബിജെപിയിലേക്ക് പോലും ചേക്കേറാൻ മടിയില്ലാത്തവരായി മാറിയിരിക്കുന്നു നേതാക്കളും പ്രവർത്തകരും.
തങ്ങളുടെ പാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് ആരും പോകുകയില്ലെന്ന സിപിഎമ്മിൻ്റെ ആത്മവിശ്വാസമാണ് ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും നേതാക്കളുടെ പരിവാർ പാളയത്തിലേക്കുള്ള ഒഴുക്കിലൂടെ തകർന്നടിഞ്ഞത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേക്കേറുമെന്ന പ്രചണ്ഡ പ്രചരണം അഴിച്ചു വിട്ട സിപിഎമ്മിന് മുഖത്തേറ്റ പ്രഹരമാണ് സ്വന്തം പാളയത്തിൽ നിന്നും കാവി കൂടാരത്തിലേക്കുള്ള കുത്തിയൊലിക്കൽ.
സമാനതകളില്ലാത്ത വിഭാഗീയതയാണ് ഈ സമ്മേളനകാലത്ത് സിപിഎം അഭിമുഖീകരിക്കുന്നത്.
സംഘടിത സ്വഭാവമില്ലെങ്കിലും നേതൃത്വത്തെപ്പോലും വെല്ലുവിളിക്കുന്ന വിഭാഗീയത ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കുന്നതോടെ രൂക്ഷമാവുകയാണ്. മുമ്പൊക്കെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഒതുങ്ങിയ ചേരിപ്പോര് ഇത്തവണ ലോക്കല്‍ സമ്മേളനങ്ങളും കടന്ന് ഏരിയാ സമ്മേളനങ്ങളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. ചേരിപ്പോരും വിഭാഗീയതയും വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എം വി ഗോവിന്ദനെപ്പോലും വെല്ലുവിളിച്ചാണ് പ്രാദേശികനേതാക്കളുടെ തമ്മിലടിയും പോര്‍വിളിയും. നയവ്യതിയാനത്തിന്റെയോ ഭരണവീഴ്ചയുടേയോ പേരിലല്ല പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങളെന്നതു ശ്രദ്ധേയം.
മുമ്പ് വി.എസ്-പിണറായി പക്ഷങ്ങൾ തമ്മിലെ പോരിന് അത്തരം കാരണങ്ങളുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ കസേരയിളകുന്നതും കസേര കിട്ടാത്തതുമൊക്കെയാണ് പാര്‍ട്ടി വിടാനും തള്ളിപ്പറയാനുമൊക്കെ കാരണം. തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും പാലക്കാട്ടുമൊക്കെ തെരുവിലേക്കു നീണ്ട വിഭാഗീയതയുടെ പിന്നാമ്പുറം ഇതൊക്കെത്തന്നെ. ഇക്കാലമത്രയും നേതൃപദവികളിലിരുന്നവരാണ് പുതിയ നേതൃത്വം വരുന്നതില്‍ അസഹിഷ്ണുത മൂത്ത് ചേരിതിരിവുണ്ടാക്കുന്നതും മറുകണ്ടം ചാടുന്നതും. ബിജെപിയിലേക്കാണ്, ഒരു രാഷ്ട്രീയ ധാര്‍മികതയുമില്ലാതെ വിമതരില്‍ മിക്കവരുടെയും കൂടുമാറ്റമെന്നതാണ് സി.പി.എമ്മിന് ഏറെ തലവേദനയാകുന്നത്.
ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ ബിപിന്‍ സി ബാബു കഴിഞ്ഞദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് രണ്ടുതവണ ഏരിയാ സെക്രട്ടറി കസേരയിലിരുന്ന മധു മുല്ലശ്ശേരിയും ബിജെപിയില്‍ ചേക്കേറി. സിപിഎമ്മിലെ അസംതൃപ്തരെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പണി ബിജെപി ദേശീയ നേതൃത്വത്തിൻ്റെ ഒത്താശയോടെയാണ് നടക്കുന്നത്.
സന്ദീപ് വാര്യർ കോൺഗ്രസ് പാളയത്തിൽ ചേക്കേറിയതിൻ്റെ ക്ഷീണം ബിജെപിക്ക് ഇതുവരെ മാറിയിട്ടില്ല. അതിനിടെയാണ് സിപിഎമ്മിലെ അതൃപ്തരെ പാർട്ടിയിലെത്തിച്ചു ക്ഷീണം മറക്കാൻ ശ്രമിക്കുന്നത്. ഒരു തോളിൽ നിന്നും മറ്റൊരു തോളിലേക്ക് തൂവാല മാറ്റിയിടുന്ന ലാഘവത്തോടെയാണ് നേതാക്കൾ പാർട്ടികൾ മാറുന്നത്. അക്കര പച്ച തേടിയാണ് അവരുടെ പോക്ക്. ഇത്തരം തൂവാല രാഷ്ട്രിയം വ്യക്തികളുടെയും സമൂഹത്തിൻ്റെയും ധാർമ്മിക നിലവാരം കുറച്ചേക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.
#KeralaPolitics, #BJPShift, #CPMcrisis, #PoliticalDefections, #KeralaLeadership, #InternalCrisis