Leadership Shift | കോൺഗ്രസിൽ നേതൃമാറ്റം വരുന്നു; സുധാകരൻ പുറത്തേക്ക്?

 
Kerala Congress Leadership, Sudhakaran, Leadership Change
Kerala Congress Leadership, Sudhakaran, Leadership Change

Image Credit: Facebook/ K Sudhakaran

● പുതിയ അധ്യക്ഷനെ മാർച്ചിൽ പ്രഖ്യാപിക്കും.
● കെ. സുധാകരന് പകരം ബെന്നി ബഹനാനെ പരിഗണിച്ചേക്കും.
● സുനിൽ കനുഗോലു സമർപ്പിച്ച റിപ്പോർട്ട് നിർണായകമായി 

നവോദിത്ത് ബാബു 


കണ്ണൂർ: (KVARTHA) കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന മാർച്ചിൽ നടക്കാൻ സാധ്യതയേറി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹനാനെ പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അടൂർ പ്രകാശ്, അഡ്വ. സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേര് ഉയർന്നിട്ടുണ്ടെങ്കിലും അടൂർ പ്രകാശും കൊടിക്കുന്നിലും എം.പിമാരായതിനാലും സണ്ണി ജോസഫ് എം.എൽ.എയായതിനാലും പരിഗണിക്കാൻ സാധ്യത കുറവാണ്. 

തഴക്കവും പഴക്കവുമുള്ള നേതാവെന്ന നിലയിൽ കെ മുരളീധരനും, യുവ നേതൃത്വം വരട്ടെയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാൽ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബലറാമിനും നറുക്ക് വീണേക്കാം. തന്നെ മാറ്റുകയാണെങ്കിൽ കണ്ണൂരിൽ നിന്നുള്ള തൻ്റെ വിശ്വസ്തരിലൊരാളായ സണ്ണി ജോസഫിനെ പരിഗണിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തു തന്നെയായാലും മാർച്ച് മാസം തന്നെ പുതിയ കെ.പി.സി.സി അധ്യക്ഷൻ്റെ പ്രഖ്യാപനം ഉണ്ടാകും. 

കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലുവാണ് സമർപ്പിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നിറം കുറഞ്ഞ പ്രകടനവും ശശി തരൂർ ഉയർത്തുന്ന വെല്ലുവിളികളും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന ആശങ്കയും നേതൃമാറ്റം ത്വരിതഗതിയിലാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരൻ്റെ യോജിപ്പില്ലായ്മയും പ്രായാധിക്യവും നേതൃമാറ്റം അനിവാര്യമാണെന്ന റിപ്പോർട്ട് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് നൽകിയിരുന്നു. കേരളത്തിലെ മുതിർന്ന നേതാക്കളിൽ എ.കെ ആൻ്റണി, ശശി തരൂർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ മാത്രമേ സുധാകരൻ തുടരട്ടെയെന്ന് പറഞ്ഞിട്ടുള്ളൂ. ബഹുഭൂരിപക്ഷം നേതാക്കളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപായി നേതൃമാറ്റം വേണമെന്ന അഭിപ്രായക്കാരാണ്. 

പാർട്ടി നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളികളും അതിജീവനത്തിൻ്റെ പ്രസക്തിയും കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കനഗേലുവിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കന​ഗോലു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന കേരള നേതാക്കളുടെ യോഗത്തിൽ യോജിച്ച പ്രവർത്തനത്തിന് തയ്യാറല്ലാത്ത നേതാക്കൾക്ക് പുറത്തേക്ക് പോകാമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഹൈക്കമാൻഡ് നൽകുക.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Leadership change is expected in Kerala Congress with Sudhakaran possibly being replaced by Benny Bahnan. The change follows party challenges and internal disagreements.

#CongressLeadership, #KeralaCongress, #Sudhakaran, #BennyBahnan, #PoliticalChange, #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia