Ambedkar's Legacy | മഹാപരിനിർവ്വാൺ ദിവസ്: അംബേദ്കർ വിടവാങ്ങിയിട്ട് 68 വർഷം; മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ ശിൽപി
● ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാംവാർഷികത്തിലൂടയണ് നാം ഇപ്പോൾ കടന്നുപോകുന്നത്.
● മഹർ സമുദായത്തിൽ ആദ്യമായി ഒരു കുട്ടി മെട്രിക്കുലേഷൻ പാസായത് അംബേദ്കറാണ്.
● 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്കൃത് ഭാരതം' എന്നതായിരുന്നു പത്രത്തിൻ്റെ പേര്.
ന്യൂഡൽഹി: (KVARTHA) സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയും ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപിയുമായ ഡോ. ഭീംറാവു റാംജി അംബേദ്കറുടെ ഓർമ്മകൾ ഇന്നും രാജ്യത്തിന് പ്രകാശം പകരുന്നതാണ്. നമ്മുടെ രാജ്യം മഹത്തായ ജനാധിപത്യ റിപ്പബ്ളിക്കായി നിലകൊള്ളുന്നതിന് കാരണമായത് അംബേദ്ക്കറുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭരണഘടനയുടെ കരുത്തിലാണ്.
തന്റെ അറുപത്തിയഞ്ചാമത് വയസിൽ അംബേദ്ക്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 68 വർഷം തികയുമ്പോഴും ഇപ്പോഴും ചർച്ചയാവുകയാണ് അദ്ദേഹത്തിൻ്റെ ജീവിതവും ദർശനവും. ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാംവാർഷികത്തിലൂടയണ് നാം ഇപ്പോൾ കടന്നുപോകുന്നത്. സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തിനുശേഷം ഭരണഘടന എന്നത് ഇത്രയും സജീവ ചർച്ചയ്ക്ക് വിധേയമായ കാലഘട്ടം വേറെയുണ്ടോയെന്ന് സംശയമാണ്.
ഈ സാഹചര്യത്തിൽ അംബേദ്കറുടെ ചരമ ദിനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. മഹാരാഷ്ട്രയിൽ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ
അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു.
ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്ന ആ കാലഘട്ടത്തിൽ താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.
ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു. മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല.
മഹർ സമുദായത്തിൽ ആദ്യമായി ഒരു കുട്ടി മെട്രിക്കുലേഷൻ പാസായത് അംബേദ്കറാണ്. പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗക്കാരിൽ ഒരാളായിരുന്നു.
ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു.
1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്കൃത് ഭാരതം' എന്നതായിരുന്നു പത്രത്തിൻ്റെ പേര്.
അനുഭവ കരുത്തിന്റെ തീച്ചൂളയിൽ വളർന്നുവന്ന അംബേദ്കർ ക്ക് ഇന്ത്യയിലെ ജനങ്ങളെ ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഒറ്റചരടിൽ കോർത്തിണക്കാൻ സാധിക്കും എന്ന ദേശീയ നേതാക്കളുടെ ദീർഘവീക്ഷണമാണ് ഭരണഘടന നിർമ്മാണ ചുമതല അംബെദ്ക്കറിലേക്ക് വരാൻ കാരണം.
562 നാട്ടുരാജ്യങ്ങൾ, ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും വർഗീയ കലാപങ്ങൾ, കടുത്ത സാമ്പത്തിക കുഴപ്പങ്ങൾ, ജനങ്ങളിൽ പരസ്പരം അവിശ്വാസം വളരുന്ന സാഹചര്യം. ഇവ ഒക്കെ അതിജീവിക്കാൻ പ്രാപ്തിയുള്ള പുത്തൻ ആദർശങ്ങളും ഭാവി ഭാരതത്തെ മുന്നോട്ടു നയിക്കുന്നതും ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായതുമായ ഭരണഘടന രൂപപ്പെടുത്തിയാൽ മാത്രമേ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയുള്ളൂ എന്ന അന്നത്തെ രാഷ്ട്രീയ ചിന്തയുടെ അടിസ്ഥാനത്തിലാണ് അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീ കൃതമായത്.
141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു.
ഇന്ത്യയെ ഒരു പരമാധീകാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡമായ തീരുമാനം-അതാണ് ഈ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു. ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ലെന്ന് പ്രഖ്യാപിച്ചു.സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന അടിസ്ഥാന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്ക്കർ വിഭാവനം ചെയ്തത്.
ഭാരതത്തെ മുന്നോട്ടു നയിക്കാൻ ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒറ്റ ചരടിൽ കോർത്തിണക്കിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന സമ്മാനിച്ച മഹാനായ ഭരണഘടന ശില്പി 68 വർഷം മുമ്പ് ഈ ലോകത്തോട് വിടവാങ്ങിയത്.
#Ambedkar, #IndianConstitution, #SocialJustice, #Republic, #Democracy, #DalitRights