Analysis | മഹാരാഷ്ട്രയില്‍ മുന്നണികള്‍ക്കുള്ളിലെ തമ്മിലടി ആര്‍ക്ക് ഗുണം ചെയ്യും?

 
maharashtras political turmoil who benefits
maharashtras political turmoil who benefits

Photo Credit: Facebook / Sharad Pawar, Uddhav Thackeray, Eknath Shinde

● വിദർഭ മേഖലയിലെ ഫലം മഹാരാഷ്ട്രയുടെ ഭാവി നിർണയിക്കും
● മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
● തിരഞ്ഞെടുപ്പ് കമ്മിഷൻ വൻതോതിൽ പണം പിടിച്ചെടുത്തു

അർണവ് അനിത 

(KVARTHA) രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതിവരുമാനമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈ പോലൊരു മഹാനഗരം, പൂനെ പോലെ ചരിത്രപ്രസിദ്ധമായ സ്ഥലം. വ്യവസായിക, കാര്‍ഷിക മേഖല കൊണ്ട് അനുഗ്രഹീതമായ മണ്ണ്. മതത്തേക്കളുപരി ജാതിയും ഭാഷയും തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയും കോണ്‍ഗ്രസ് പ്രധാനകക്ഷിയായ മഹാ വികാസ് അഘാഡിയും തമ്മിലാണ് പ്രധാനമത്സരം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിക്കായിരുന്നു മുന്‍തൂക്കം. അത് ഇത്തവണയും ആവര്‍ത്തിക്കാനാണ് അവര്‍ നോക്കുന്നത്. 

എന്നാല്‍ ഇരുമുന്നണികള്‍ക്കുള്ളിലും രൂക്ഷമായ അടിനടക്കുകയാണ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും കാര്യങ്ങള്‍ നേരെയായിട്ടില്ല. ഇത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി. നവംബര്‍ 20 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.  സീറ്റ് വിഭജനം സംബന്ധിച്ച ആശയക്കുഴപ്പം വലുതായിരുന്നു. നിലവില്‍, ഔദ്യോഗിക സ്ഥാനാര്‍ത്ഥികളും വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ചെറുപാര്‍ട്ടികളും സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ മഹാരാഷ്ട്രയില്‍ ത്രികോണമല്ല, അതുക്കും മേലെയുള്ള പോരാട്ടങ്ങള്‍ ഉണ്ടാകും.  ആകെ 288 സീറ്റുകളിലേക്കാണ് മത്സരം

കൗതുകമെന്നു പറയട്ടെ, കാര്‍ഷിക ദുരിതം, തൊഴിലില്ലായ്മ എന്നിവ ഉണ്ടായിരുന്നിട്ടും, അതൊന്നും വോട്ടെടുപ്പില്‍ വിഷയമായേക്കില്ല, വിദഗ്ധര്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന വിദര്‍ഭയാണ് അധികാരത്തിന്റെ താക്കോല്‍ തീരുമാനിക്കുന്നത്. വിദര്‍ഭയിലെ 62 സീറ്റുകളില്‍ ആധിപത്യം പുലര്‍ത്തുന്ന പാര്‍ട്ടിക്ക് മഹാരാഷ്ട്രയുടെ താക്കോല്‍ സ്വന്തമാക്കാം. ശിവസേനയുടെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും വിഭാഗങ്ങള്‍ തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പരസ്പരം പോരടിക്കുന്ന ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പാണിത്. 

87 സീറ്റുകളില്‍ മത്സരിക്കുന്ന ശരദ് പവാര്‍, കരിമ്പ് കൃഷിയാല്‍ സമ്പന്നമായ പടിഞ്ഞാറന്‍ മഹാരാഷ്ട്ര ബെല്‍റ്റില്‍ തന്റെ ശക്തി നിലനിര്‍ത്താന്‍ ശ്രമിക്കും. വിദ്യാഭ്യാസത്തിന്റെയും പഞ്ചസാര മുതലാളിമാരുടെയും നാട്ടില്‍ 70 സീറ്റാണുള്ളത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 53 സീറ്റുകളില്‍ മത്സരിക്കും. 

'ശരദ് പവാറിന്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ വ്യക്തമായ നേട്ടമുണ്ടെന്ന് തോന്നുന്നു. വളരെ തന്ത്രപരമായാണ് അദ്ദേഹം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. യുവജനങ്ങളില്‍ അദ്ദേഹത്തിന് നല്ല പിന്തുണയുണ്ട്. സാമുദായിക പ്രീണനവും കണക്കിലെടുത്ത്, തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ ശരിയാക്കാന്‍ അദ്ദേഹം മറാത്തകള്‍ക്കും ധന്‍ഗറുകള്‍ക്കും സീറ്റ് നല്‍കി,' രാഷ്ട്രീയ നിരൂപകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വിവേക് ഭാവസര്‍ പറഞ്ഞു.

'ഇത്തവണ മഹാരാഷ്ട്രയില്‍  ഒരു തിരഞ്ഞെടുപ്പല്ല. 288 മണ്ഡലങ്ങളിലായി 288 തെരഞ്ഞെടുപ്പുകളാണ് നടക്കുന്നതെന്ന് ലോക്‌സത്തയുടെ എഡിറ്റര്‍ ഗിരീഷ് കുബേര്‍ പറഞ്ഞു.  ഫലം പ്രവചിക്കാന്‍ ആരുമില്ലാത്തതിനാല്‍ വോട്ടര്‍മാര്‍ക്ക് പേടിസ്വപ്നമായ അഭൂതപൂര്‍വമായ തെരഞ്ഞെടുപ്പായിരിക്കും ഇത്.  1999 ലെ തിരഞ്ഞെടുപ്പിനെപ്പോലെ, നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയികളായി ഉയര്‍ന്നുവരുമെന്നാണ്. ഫലത്തിന് ശേഷം, അവര്‍ കിംഗ് മേക്കര്‍മാരാകും, ഇത് കുതിരക്കച്ചവടത്തിനുള്ള സാധ്യതയിലേക്ക് നയിക്കും. ചെറിയ ഭൂരിപക്ഷം പോലും സംസ്ഥാനത്തെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹായുതി സര്‍ക്കാര്‍ സ്ത്രീകളുടെ വോട്ടുകള്‍ നേടുന്നതിനായി മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ (അമ്മ, മകള്‍, സഹോദരി)  യോജന വിജയമായതിന്റെ സന്തോഷത്തിലാണ്. 'ഇത് പ്രാഥമികമായി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ സഹായിക്കും, അദ്ദേഹം തന്റെ പദ്ധതിയായി ഇതിനെ ഉയര്‍ത്തിക്കാട്ടി ശക്തമായി പ്രചാരണം നടത്തി,' വിവേക് ഭാവ്സര്‍ പറഞ്ഞു. ബി.ജെ.പി നിരവധി ചെറിയ സമുദായങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. പ്രത്യേകിച്ച്  കുംബികളും ഒബിസികളും. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും, പ്രത്യേകിച്ച് പ്രതിപക്ഷത്തുള്ളവര്‍, കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചോ യുവാക്കളുടെ തൊഴിലിനെക്കുറിച്ചോ സംസാരിക്കുന്നതായി തോന്നുന്നില്ല.

'നിര്‍ഭാഗ്യവശാല്‍, ഇതൊരു പ്രശ്‌നരഹിതമായ തിരഞ്ഞെടുപ്പാണെന്ന് തോന്നുന്നു. വേറിട്ടുനില്‍ക്കുന്ന ഒരു പ്രശ്‌നവുമില്ല. കാര്‍ഷിക പ്രതിസന്ധി, മൊത്തത്തിലുള്ള വ്യവസായവല്‍ക്കരണത്തിലെ ഇടിവ്, സാമൂഹിക സംഘര്‍ഷം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. എന്നാല്‍ അവയൊന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല,' ഗിരീഷ് കുബേര്‍ പറഞ്ഞു.

തങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കുതിപ്പ്  മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കോണ്‍ഗ്രസും മഹാവികാസ് അഘാഡിയും അവകാശപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ആഘാതം ഇല്ലാതായതായി തോന്നുന്നെന്ന് വിദഗ്ധര്‍ പറയുന്നു. ബി.ജെ.പിയെക്കാള്‍ മുന്നേറുമെന്ന ആത്മവിശ്വാസമുള്ള വിദര്‍ഭ മേഖലയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമെന്ന്  തോന്നുമെങ്കിലും, ഈ മേഖലയിലും തങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്ന് ബി.ജെ.പി കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഞാന്‍ കാണുന്നില്ല. ഹരിയാന തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നടന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വലിയതോതില്‍ പണം ഒഴുക്കിയാണ് ബിജെപി അധികാരം പിടിച്ചെടുക്കാന്‍ നോക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം (എസ്എസ്ടി) മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലെ ഒരു ടോള്‍ ബൂത്തിന് സമീപം ഏകദേശം 24 കോടി രൂപ വിലവരുന്ന വജ്രങ്ങളും സ്വര്‍ണ്ണവും വെള്ളിയും ആഭരണങ്ങള്‍ പിടിച്ചെടുത്തതായി നവംബര്‍ രണ്ടിന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മഹാരാഷ്ട്രയിലുടനീളം എസ്എസ്ടികളെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നാണ് വജ്രങ്ങള്‍, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തത്. 

തെക്കന്‍ മുംബൈയിലെ സവേരി ബസാറില്‍ നിന്നാണ് മൂവരും യാത്ര തുടങ്ങിയതെന്ന് സൂപ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അവ്ഹദ് പറഞ്ഞു. എസ്എസ്ടി ടീം അവരോട് രസീത് കാണിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ചില രസീതുകള്‍ കാണിച്ചു, എന്നാല്‍ അവയില്‍ പറഞ്ഞിരിക്കുന്ന തുകകള്‍ ശരിയായിരുന്നില്ല, അതോടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു, ആദായനികുതി വകുപ്പിന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു, ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഛത്രപതി സംഭാജിനഗര്‍, അഹല്യനഗര്‍, ജല്‍ഗാവ് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ആഭരണങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിച്ചതെന്ന് മൂന്ന് പേര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.  ഒക്ടോബര്‍ 31ന് ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഒരു കാറില്‍ നിന്ന് എസ്എസ്ടി സംഘവും പോലീസും ചേര്‍ന്ന് 10.8 കോടി രൂപയുടെ വിദേശ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. പണക്കൊഴുപ്പിന്റെയും കയ്യൂക്കിന്റെയും പിന്‍ബലത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട് ജനവിധി എന്താകുമെന്ന് കാത്തിരുന്ന് കാണാം.

#MaharashtraElections, #IndianPolitics, #BJP, #Congress, #ShivSena, #NCP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia