Criticism | ഇനി നടൻ മുകേഷോ, കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് വരുമോ? സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനം കേരളത്തിന് സമ്മാനിച്ചത്
സിനിമാക്കാരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇത് വലിയ പ്രതിസന്ധിയാണ്.
സോണി കല്ലറയ്ക്കൽ
(KVARTHA) സിനിമക്കാർ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ഒട്ടും നല്ലതല്ലെന്ന് കണ്ടവരായിരുന്നു മലയാളികളിൽ ഭൂരിപക്ഷം പേരും. തമിഴ് നാട്ടിൽ സ്ഥിതി അങ്ങനെയല്ല. അവിടെ രാഷ്ട്രീയത്തിൽ വളർന്ന് വന്നിട്ടുള്ളത് സിനിമക്കാർ തന്നെയായിരുന്നു. എം.ജി.ആറും ജയലളിതയും ഒടുവിൽ വിജയിൽ വരെ എത്തി നിൽക്കുന്നു ആ നിര. ആ സങ്കല്പം അല്ലായിരുന്നു മലയാളികളുടെ പഴയകാല സങ്കല്പം. സിനിമാക്കാർ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും വിജയിക്കില്ലെന്ന് ചിന്തിച്ചവരാണ് മലയാളികളിൽ അധികം പേരും. അത് സത്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടും ഇരിക്കുന്നു.
സിനിമക്കാർ കേരള രാഷ്ട്രീയത്തിൽ എന്ന് പിടിമുറുക്കി തുടങ്ങിയോ അന്ന് മുതൽ ചീഞ്ഞ് നാറാൻ തുടങ്ങി ഇവിടുത്തെ രാഷ്ട്രീയവുമെന്നും ആക്ഷേപമുണ്ട്. ഒരു സിനിമാക്കാരനിലൂടെയാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ഉമ്മൻ ചാണ്ടി എന്ന നേതാവ് സമൂഹമധ്യത്തിൽ ഏറ്റവും കൂടുതൽ അധിഷേപിക്കപ്പെട്ടത് എന്നോർക്കണം. അതിൻ്റെ പേരിൽ അദ്ദേഹം മരണം വരെ പല പീഡനങ്ങൾ സഹിക്കുകയും ചെയ്തു. സിനിമാക്കാരുടെ പണം കണ്ട് സിനിമക്കാരെ വല്ലാതെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറി. അതൊക്കെ തന്നെയാണ് ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീർണതയ്ക്ക് കാരണവും.
ഈ അപവാദങ്ങളൊന്നും സിനിമാക്കാർക്ക് വലിയ സംഭവം ആയിരിക്കില്ല. ഇവരെ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ആകും ഇത് വലിയ തോതിൽ ബാധിക്കുക. ഉദാഹരണമായി പറഞ്ഞാൽ സിപിഎമ്മിൻ്റെ പേരിൽ മത്സരിച്ചു വിജയിച്ച് കൊല്ലത്ത് നിന്ന് എംഎൽഎ ആയ ആളാണ് സിനിമാ നടൻ കൂടിയായ എം മുകേഷ്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഇദ്ദേഹത്തെക്കുറിച്ച് വളരെ ഗുരുതരമായ ആരോപണം ആണ് ഒരു നടി ഉയർത്തിയിരിക്കുന്നത്. മുൻപും മുകേഷിനെക്കുറിച്ച് സ്ത്രീകളുടെ ഭാഗത്തുനിന്ന് വലിയ രീതിയിൽ ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായിരുന്നു. അന്നൊക്കെ മുകേഷിനെ സംരംക്ഷിക്കേണ്ടവർ ഒക്കെ സംരക്ഷിച്ചു എന്നതാണ് സത്യം.
ഇപ്പോൾ ആ രീതിയിലേയ്ക്ക് ആവില്ല കാര്യങ്ങളുടെ പോക്ക്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നമ്മൾ ആരാധിച്ചിരുന്ന പല നടന്മാരുടെയും സംവിധായകരുടെയും ഒക്കെ മൂഖം മൂടി വലിച്ചു കീറി സാമൂഹ്യമധ്യത്തിലേയ്ക്ക് അവരെ വലിച്ചിടുന്ന നിലയിലേയ്ക്കാണ് ഒരോ നടിമാരും ദിനം തോറും എത്തിക്കൊണ്ടിരിക്കുന്നത്. പല ഉന്നത സ്ഥാനത്തിരിക്കുന്ന നടന്മാർക്കും തൽ സ്ഥാനങ്ങൾ രാജിവെയ്ക്കേണ്ടതായും വരുന്നു. ആ സാഹചര്യത്തിൽ എം.എൽ.എ കൂടിയായ മുകേഷിനും രാജിവെക്കേണ്ടി വരുക സ്വഭാവികമല്ലെ എന്നൊരു ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്. അങ്ങനെ വന്നാൽ തീർച്ചയായും കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വരും.
മുകേഷ് ഇപ്പോൾ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനമായ സി.പി.എമ്മിന് എന്ത് പറഞ്ഞ് ആ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ പറ്റും? തീർച്ചയായും മുകേഷ് ആയിരിക്കില്ല. പാർട്ടിയും നേതാക്കളും ആകും ഈ സാഹചര്യത്തിൽ നാണം കെടുക. ഇതുപോലെയുള്ള ആളുകളെ വെറുതെ എടുത്ത് വെച്ച് പണം മാത്രം നോക്കി സ്ഥാനാർത്ഥികളാക്കുന്നവർക്ക് ഇനിയെങ്കിലും ഇതൊരു പാഠമാകട്ടെ. ഒരുപാട് പേർ പാർട്ടിക്ക് വേണ്ടി വിദ്യാർത്ഥി കാലഘട്ടം മുതൽ അധ്വാനിച്ച് വന്നിട്ടുണ്ട്. അവരെയൊക്കെ തഴഞ്ഞ് ഇതുപോലെയുള്ള മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെ സ്ഥാനാർത്ഥികളായി കൊണ്ടുവരുന്നതിൻ്റെ ഫലം ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയം തന്നെ ആയിരിക്കും.
മുകേഷിനെ കൊല്ലത്തു നിന്ന് ആദ്യം മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അന്ന് ധാരാളം എതിർപ്പ് ഉണ്ടായിരുന്നതാണ്. എൽ.ഡി.എഫിൻ്റെ ശക്തികേന്ദ്രമായ കൊല്ലത്തു നിന്ന് മത്സരിച്ചതുകൊണ്ട് മാത്രം എം.എൽ.എ ആയ വ്യക്തിയാണ് നടൻ മുകേഷ്. മറ്റ് എവിടെയെങ്കിലും മത്സരിച്ചിരുന്നെങ്കിൽ തോൽവി മാത്രം ആയേനെ ഫലമെന്നും വിമർശിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവരെ ഇനിയെങ്കിലും പൊക്കികൊണ്ടുവരുന്നത് നിർത്തിയാൽ അത് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നല്ലത്. ഈ പോക്ക് ഇങ്ങനെയാണെങ്കിൽ എന്തായാലും കൊല്ലത്ത് ഒരു ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. അതിലേയ്ക്ക് തന്നെയാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.
നമ്മൾ ഒരു സിനിമ കാണുമ്പോൾ മനസ്സിലുണ്ടാകുന്ന വിഷമങ്ങളെല്ലാം മാറി വളരെ സന്തോഷത്തോടുകൂടിയാണ് തിയേറ്ററുകളിൽ നിന്നും പോകുന്നത്. എന്നാൽ അതിന്റെ ഉള്ളറയിൽ നിന്ന് വരുന്ന വാർത്തകൾ കേൾക്കുമ്പോൾ വളരെ മോശം പ്രവർത്തനമാണ് ഈ മേഖലയിൽ നടക്കുന്നത് എന്ന് മനസ്സിലാകും. ഇത് തിരുത്തപ്പെടേണ്ടതുണ്ട്. ഇനിയുള്ള തലമുറകൾക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാകരുത്. ഒരുപാട് കലാകാരന്മാർ വളർന്നുവന്ന സ്ഥലമാണ് കേരളം. ഇനിയും നല്ല കലാകാരന്മാർ ഇവിടെ ജനിക്കണം. അതിന് ഇതുപോലെയുള്ളവർ തടസ്സമാകരുത്. താമസിച്ചാണെങ്കിലും എല്ലാം തുറന്ന് പറയാൻ ധൈരൃം കാണിച്ച എല്ലാ നടിമാരും അഭിനന്ദനങ്ങള്‍ അർഹിക്കുന്നു.
ഇവരൊക്ക ഇതുവരെ എല്ലാം സഹിച്ച് കഴിഞ്ഞുവെന്നത് അത്ഭുതം തന്നെ. ഏറ്റവും കൂടുതൽ സ്ത്രീകൾ പറയുന്ന പേരുകാരന് അവാർഡ് കൊടുക്കണം എന്ന് പോലും ഇനി ചിന്തിച്ചാൽ അതിശയമില്ല. അത്രമാത്രം നാണംകെട്ട അവസ്ഥയിലൂടെയാണ് നമ്മുടെ സിനിമാ മേഖല ഇന്ന് കടന്നുപോകുന്നതെന്നതാണ് സത്യം. ഹേമാ കമ്മീഷൻ റിപ്പോർട്ട് വന്നതിനു പിന്നാലെ പല നടിമാരും പല നടന്മാർക്കെതിരെയും രംഗത്ത് എത്തിയിട്ടും വലിയ വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൽപ്പെട്ട യുവജന സംഘടനകൾ എന്ത് കൊണ്ട് ഇതിൽ കാര്യക്ഷമമായി ഇടപെടാതെ മൗനം പാലിക്കുന്നുവെന്നത് തിരിച്ചറിയേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.
#MalayalamCinema #KeralaPolitics #Corruption #HemaCommittee #Mollywood