Criticism | വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്നു; സിനിമാ മേഖലയിലെ പുഴുക്കുത്തുകൾ ചർച്ച ചെയ്യാൻ പോകുന്ന കോൺക്ലേവിൽ വിശ്വാസമില്ലാതെ പീഡിതർ
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണങ്ങൾ
മാധവ് കൃഷ്ണ
കണ്ണൂർ: (KVARTHA) മലയാള ചലച്ചിത്ര രംഗത്ത് മാഫിയ സംഘം പോലെ കാൽ നൂറ്റാണ്ടോളം അടക്കിവാണ 'പവർ ഗ്രൂപ്പിനെതിരെ' പ്രത്യക്ഷത്തിൽ പരാതി നൽകാൻ നടീനടൻമാർ ഭയക്കുന്നു. പരാതി ലഭിച്ചാൽ ഏതു ഉന്നതനായാലും പൊലീസ് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചുവെങ്കിലും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും സർക്കാരിന് ലഭിച്ചിട്ടില്ല. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയും എംഎൽഎയും പവർ ഗ്രൂപ്പിൻ്റെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചുവെന്ന ആരോപണം നിലനിൽക്കവെ പരാതി നൽകിയിട്ടു കാര്യമില്ലെന്നാണ് പീഢനത്തിനിരയായ നടീ- നടൻമാർ പറയുന്നത്.
മാത്രമല്ല രാഷ്ട്രീയ ഭരണരംഗത്ത് നിർണായക സ്വാധീനമുള്ള ഇവർക്കെതിരെ പരാതി നൽകിയാൽ തങ്ങൾ വേട്ടയാടപ്പെടുമോയെന്ന ഭയം ഇവരിൽ പലർക്കുമുണ്ട്. ഹേമാ കമ്മിറ്റി പരാമർശിക്കുന്ന സൂപ്പർ താരങ്ങളിൽ പലരും സർക്കാരുമായി ഏറെ അടുപ്പം പുലർത്തുന്നവരാണ്. ഇവർക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാരിനും താൽപ്പര്യമില്ലെന്നാണ് വിവരം. പേരെടുത്തു പറയാതെ ക്രിമിനൽ കുറ്റമടക്കം ചെയ്തുവെന്ന് പവർ ഗ്രൂപ്പിനെ ഹേമാ കമ്മിറ്റി പവർ ഗ്രൂപ്പിനെ പ്രതിക്കുട്ടിൽ നിർത്തിയത് ഇവർക്ക് മറ്റൊരു അർത്ഥത്തിൽ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
ഇരവാദം ഉന്നയിച്ചു രക്ഷപ്പെടാൻ മന്ത്രി കെ ബി ഗണേഷ് കുമാർ ഉൾപ്പെടെ രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നാണ് ആക്ഷേപം. ഗണേഷ് കുമാർ കൂടി ഭാഗമായ രണ്ടാം പിണറായി സർക്കാർ സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ പീഢനത്തിന് ഇരയായ നടീനടൻമാർക്ക് താൽപര്യമില്ലെന്നാണ് വിവരം.മലയാള സിനിമയിൽ വിചിത്രമായ ഒരു രീതി നിലനിൽക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശങ്ങൾ അതീവ ഗൗരവമാണെങ്കിലും ആഴത്തിലുള്ള പരിശോധന ഈ കാര്യത്തിൽ ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
10 മുതൽ 15 പ്രമുഖർ ഉൾപ്പെട്ട പവർ ഗ്രൂപ്പാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻഡസ്ട്രിയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നവർക്ക് അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടനു പോലും ഈ ദുരനുഭവം ഉണ്ടായതായും റിപ്പോർട്ട് പറയുന്നു. ഇതോടെ മലയാള സിനിമ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിൽ ആരൊക്കെയാണുള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. പ്രൊഡ്യൂസർമാർ ക്രിമിനൽ പശ്ചാത്തലം ഉളളവരെ ഡ്രൈവർമാരായി നിയമിക്കരുതെന്ന ശുപാർശ ഹേമകമ്മിറ്റി റിപ്പോർട്ടിലുണ്ട്.
നടിമാർക്ക് ടോയ്ലറ്റും വസ്ത്രം മാറാൻ മുറിയും നിർബന്ധമായും ഉണ്ടായിരിക്കണം. സെറ്റിൽ മദ്യവും മറ്റ് ലഹരികളും വിലക്കണമെന്നും ഹേമ കമ്മിറ്റി നിർദേശിക്കുന്നു. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്.
വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് പോക്സോ-സ്ത്രീ പീഢനനിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നുവെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻമാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും, ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽ പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി.
സിനിമാ മേഖലയിലെ നടന്‍മാരും നടിമാരും ഐസിസി രൂപീകരിക്കുന്നത് ഗുണകരമാണെന്ന് കമ്മീഷനെ അറിയിച്ചു. അമ്മ, ഫെഫ്ക എന്നിവയിൽനിന്ന് രണ്ടുപേർ വീതവും സിനിമാ മേഖലയിലെ മറ്റ് സംഘടനകളിൽനിന്നുള്ള പ്രതിനിധികളും ഈ കമ്മിറ്റിയിൽ ഉണ്ടാകണമെന്ന് നിർദേശം ഉയർന്നിരുന്നു. ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഒന്നാം പിണറായി സർക്കാർ ഹേമാ കമ്മിറ്റിയെ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ചത്. എന്നാൽ കഴിഞ്ഞ നാലു വർഷമായി റിപ്പോർട്ടിൻ മുകളിൽ അടയിരുന്ന സർക്കാർ ഇനിയെന്ത് നടപടിയെടുക്കാനാണെന്നാണ് ഉയരുന്ന ചോദ്യം.
#MalayalamCinema #PowerGroup #CastingCouch #HemaCommittee #Kerala