Manmohanomics | രാജ്യത്തിൻ്റെ സീൻ മാറ്റിയോ മൻമോഹണോമിക്സ്; ആധുനിക ഇന്ത്യ രാഷ്ട്രീയക്കാരനല്ലാത്ത പ്രധാനമന്ത്രി കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെ വിലയിരുത്തും?
● ആധുനിക ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് അലക്കും പിടിയുമിടാൻ മൻമോഹൻ സിങ്ങെന്ന സാമ്പത്തിക വിദഗ്ദ്ധന് കഴിഞ്ഞു.
● വിദേശ നാണ്യ ശേഖരത്തിൽ ഇന്ത്യ ഏറെ താഴേക്ക് പതിക്കുകയും, രാജ്യത്തിന്റെ പൊതു കടം മൊത്തം ജിഡിപിയുടെ അമ്പത് ശതമാനത്തോളമായി ഉയരുകയും ചെയ്തു.
● രാജ്യത്തെവിലക്കയറ്റം അതിരൂക്ഷമായി. നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ചുതുടങ്ങി.
ഭാമനാവത്ത്
(KVARTHA) ഇന്ത്യാ മഹാരാജ്യത്തെ രണ്ടുതവണ നയിച്ച മൻമോഹൻ സിങ് ഒരിക്കലും രാഷ്ട്രീയക്കാരനായിരുന്നില്ല അദ്ദേഹത്തിൻ്റെ കർമ്മമേഖല സാമ്പത്തിക രംഗമായിരുന്നു. എന്നാൽ നട്ടെല്ല് തകർന്നു തുടങ്ങിയ ഇന്ത്യാ മഹാരാജ്യത്തിൻ്റെ ചികിത്സകനായിരുന്നു അദ്ദേഹം. മൻമോഹൻ വഴി സ്വീകരിക്കുക മാത്രമേ രാജ്യത്തിന് വഴിയുണ്ടായിരുന്നുള്ളു. തന്നിൽ കോൺഗ്രസും രാജ്യവും ഏൽപ്പിച്ച വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിച്ചു.
ആക്സിഡൻ്റൽ പ്രൈം മിനിസ്റ്റർ, ദുർബലനായ പ്രധാനമന്ത്രിയെന്നൊക്കെ മാധ്യമങ്ങളും മറ്റു പാർട്ടി നേതാക്കളും വിളിക്കുമ്പോഴും സ്വന്തം കർമപഥങ്ങളിൽ ഏകാഗ്രമായി മുന്നേറുകയായിരുന്നു. മൻമോഹണിക്സ് രാജ്യത്തിന് എന്തു തന്നുവെന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെപ്പോലെയോ പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളെപ്പോലെയോ തകർന്നില്ലെന്നത്. ഭാവിയിൽ രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക ദുരന്തങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് പ്രതിരോധത്തിൻ്റെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് അലക്കും പിടിയുമിടാൻ മൻമോഹൻ സിങ്ങെന്ന സാമ്പത്തിക വിദഗ്ദ്ധന് കഴിഞ്ഞു. മാറ്റത്തിന്റെ സമയമടുത്താൽ അതിനെ തടുക്കാൻ ഒരു ശക്തിക്കുമാകില്ലെന്നായിരുന്നു
ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റിയ 1991ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് ഡോ. മൻമോഹൻ സിംഗ് പറഞ്ഞത്. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്ന സമയമായിരുന്നു അത്. വിദേശ നാണ്യ ശേഖരത്തിൽ ഇന്ത്യ ഏറെ താഴേക്ക് പതിക്കുകയും, രാജ്യത്തിന്റെ പൊതു കടം മൊത്തം ജിഡിപിയുടെ അമ്പത് ശതമാനത്തോളമായി ഉയരുകയും ചെയ്തു.
രാജ്യത്തെവിലക്കയറ്റം അതിരൂക്ഷമായി. നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ചുതുടങ്ങി. എങ്ങിനെയെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗിനെ ഈ ദൗത്യം ഏൽപിക്കുകയായിരുന്നു.
അന്നുവരെ രാജ്യം കൈകൊണ്ട എല്ലാ സാമ്പത്തിക നയങ്ങളെയും തകിടം മറിച്ചുകൊണ്ടായിരുന്നു മൻമോഹൻ സിംഗ് രാജ്യത്തെ സാമ്പത്തികമുറിവുകളിൽ മരുന്ന് പുരട്ടിയത്.
‘മാറ്റത്തിന്റെ സമയമടുത്താൽ അതിനെ തടുക്കാൻ ഒരു ശക്തിക്കുമാകില്ല' എന്നുപറഞ്ഞ് സിങ് അവതരിപ്പിച്ച ആ ബജറ്റ് ഇന്ത്യയെന്ന വിപണിയെ ലോകത്തിനുമുൻപിൽ വിശാലമായി തുറന്നുവെച്ചു. ലോകത്തെ സുപ്രധാന ശക്തിയായി ഇന്ത്യ മാറുമെന്ന് ഉറപ്പിച്ച് പറഞ്ഞ്, രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മൻമോഹൻ സിങ് സ്വന്തം കാലിൽ ഭദ്രമാക്കി നിർത്തി മൻമോഹൻ സിങ്ങ് പ്രഖ്യാപിച്ചത്. തുടർന്ന് സിംഗ് ഇന്ത്യയെ ലോകത്തിന് മുൻപാകെ തുറന്നുവെച്ചു. പൊതുമേഖലയെ സ്വകാര്യവത്കരിക്കാൻ ആരംഭിച്ചു.
വിദേശ കുത്തകകൾക്കായി ഇന്ത്യൻ വിപണി തുറന്നിട്ടു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ആധുനിവത്കരിക്കാനുള്ള ശ്രമങ്ങൾ എന്ന നിലയിലാണ് കോൺഗ്രസും ഇതിനെ വിശദീകരിച്ചത്. അപ്പോഴും മൻമോഹൻ സിങ്ങിന്റെ ഈ നടപടികളിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ശക്തമായിരുന്നു. പാർട്ടിയിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ നേതാക്കൾ സിങ്ങിനെതിരെ രംഗത്തെത്തി. സിങ്ങിന് രാഷ്ട്രീയ പശ്ചാത്തലമില്ല എന്നത് കോൺഗ്രസിൽ കോലാഹലത്തിനിടയാക്കി. ഇതിനിടെ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നയങ്ങളാണ് ബജറ്റിലുണ്ടായതെന്ന വിമർശനവും മൻമോഹൻ സിംഗിനെ തേടിയെത്തി.
കരാറിൽനിന്ന് ഒരടി പിന്നോട്ടുപോകില്ലെന്ന് തറപ്പിച്ചുപറഞ്ഞ സിങ് ഒടുവിൽ രാജിഭീഷണി വരെ മുഴക്കിയിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത മൻമോഹൻ സിങ് നേരിട്ട ആദ്യത്തെ ബലപരീക്ഷണമായിരുന്നു 2008ലെ വിശ്വാസവോട്ടെടുപ്പ്. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയിൽ സർക്കാർ ഭൂരിപക്ഷം തെളിയിച്ചെങ്കിലും വലിയ വെല്ലുവിളി മൻമോഹൻ സിംഗിന് നേരിടേണ്ടി വന്നിരുന്നു. പിന്നീട് 2009ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഒന്നാം യുപിഎ സർക്കാരിൻ്റെ ഖ്യാതിയിൽ മൻമോഹൻ സിങ്ങിന് രണ്ടാം അവസരം ലഭിച്ചു. ഒന്നാം യുപിഎ സർക്കാരിനുണ്ടായ സൽപ്പേര് രണ്ടാം യുപിഎ സർക്കാരിന് കാത്തുസൂക്ഷിക്കാനായില്ല എന്നതായിരുന്നു രാഷ്ട്രീയമായി മൻമോഹൻ സിങ്ങിനെ ദുർബലമാക്കിയ മറ്റൊരു കാര്യം.
കോമൺവെൽത്ത്, ടൂ ജി, കൽക്കരി കുംഭകോണം തുടങ്ങിയ നിരവധി അഴിമതികളിൽ രണ്ടാം യുപിഎ സർക്കാർ മുങ്ങി. എന്നാൽ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിൻ്റെ കുപ്പായത്തിൽ അഴിമതിയുടെ ഒരു കറ പോലുമുണ്ടായില്ല.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങൾ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഇതിൽ ഭൂരിപക്ഷം ജനപ്രിയമായ നിയമങ്ങളും രൂപമെടുത്തത് ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്തായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (2005), വിവരാവകാശ നിയമം(2005), സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിർമ്മാണം (2005), ആദിവാസി വനാവകാശ നിയമം (2006), വിദ്യാഭ്യാസ അവകാശ ബിൽ(2008), ഭക്ഷ്യ സുരക്ഷാ നിയമം(2013), നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (2013) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്കവിഭാഗങ്ങൾക്ക് 27 ശതമാനം റിസർവേഷൻ തുടങ്ങിയവ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പാസാക്കപ്പെട്ടവയാണ്.
നിശ്ശബ്ദനായിരുന്ന് പഠിച്ച്, ഫുൾ മാർക്കും വാങ്ങിപ്പോകുന്ന ഒരു കുട്ടിയെപോലെയായിരുന്നു മൻമോഹൻ സിംഗ്. താൻ ആക്‌സിഡന്റൽ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, ഒരു ആക്‌സിഡന്റൽ ധനമന്ത്രി കൂടിയായിരുന്നുവെന്ന് സിംഗ് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ പ്രവർത്തനങ്ങൾ ആക്‌സിഡന്റൽ ആയിരുന്നില്ല എന്ന് സിംഗ് എപ്പോഴും ഉറപ്പുവരുത്തി. മൗനിബാബ, പാവ പ്രധാനമന്ത്രി എന്നെല്ലാം പ്രതിപക്ഷം ആക്ഷേപിച്ചുകൊണ്ടിരുന്നപ്പോൾ മൻമോഹൻ സിങ് തന്റെ കർമങ്ങളിൽ മാത്രം വ്യാപപൃതനായ ഒരാളായിരുന്നു.
2014-ൽ രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതി കുംഭകോണങ്ങൾ വാതിൽ തുറന്നത് വർഗീയ ശക്തികൾ അധികാരമേൽക്കുന്നതിലേക്കാണ് എന്ന ആരോപണം മൻമോഹൻ സിംഗിന്റെ മേലുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അഴിമതി സർക്കാരിന്റെ തലവനെന്ന ആരോപണം അദ്ദേഹത്തെ തേടിയെത്തി. എന്നാൽ തന്നെ പൊതിഞ്ഞ ഈ വിവാദങ്ങളിൽ അദ്ദേഹത്തിന് നിശബ്ദത മാത്രമായിരുന്നു മറുപടി.
വരും കാലം തന്നെ എങ്ങനെ ഓർക്കുമെന്നും, എങ്ങനെ തന്നെ വിലയിരുത്തുമെന്നതും ദൃഢനിശ്ചയമുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
പിന്നീട് അതു തന്നെ സംഭവിച്ചു. നോട്ടുനിരോധനവും അശാസ്ത്രീയമായ സാമ്പത്തിക പരിഷ്‌കരണങ്ങളുമെല്ലാമായി ഇന്ത്യൻ സാമ്പത്തിക രംഗം ചക്രശ്വാസം വലിക്കുകയും അടിസ്ഥാന തൊഴിൽ മേഖലകൾ താറുമാറാകുകയും ചെയ്ത സമീപ കാലത്തെ നിരവധി സാഹചര്യങ്ങളിൽ രാജ്യം പല തവണ മൻമോഹൻ സിംഗിനെ ഓർത്തിട്ടുണ്ട്. ധിഷണാപരമായി ഈ രാജ്യത്തെ നയിക്കാൻ ഒരു മൻമോഹൻ സിംഗ് ഉണ്ടായിരുന്നെങ്കിലെന്ന് പലരും പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിട്ടുമുണ്ട്.
മൻമോഹൻ സിംഗിനെ അടയാളപ്പെടുത്തേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ തർക്കവിതർക്കങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ ഒന്നുറപ്പാണ്. പരമ്പരാഗത പാതയിൽ നിന്ന് രാജ്യത്തെ വഴിമാറ്റിക്കൊണ്ടുപോയ ആ 'മൻമോഹണോമിക്‌സ്' രാജ്യത്തിന്റെ സീൻ മാറ്റിയ ഒന്നായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ധനമന്ത്രിയുടെയും തുടർന്ന് ഒരു പ്രധാനമന്ത്രിയുടെയും തുടക്കം അവിടെ നിന്നായിരുന്നു. പ്രസംഗമല്ല, വാചാടോപങ്ങളല്ല, പ്രവർത്തനമാണ് വലുതെന്ന് കാണിച്ചുതന്ന, ഇന്ത്യയുടെ തലവര മാറ്റിയ രാജ്യത്തിന്റെ സ്വന്തം സിങാണ് മൻമോഹൻ സിങ്ങെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമുണ്ടാകില്ല.
#ManmohanSingh #IndianEconomy #EconomicReforms #Manmohanomics #IndianPolitics #UPA