Criticism | പി ജയരാജനെ ഉപദേശക സമിതിയില്‍ നിന്നും പുറത്താക്കണം: മാര്‍ട്ടിന്‍ ജോര്‍ജ്
● പ്രതികളെ കണ്ണൂരില്‍ എത്തിച്ചത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗം.
● കണ്ണൂര്‍ ജയില്‍ സിപിഎം തടവുകാര്‍ക്ക് ലഭിക്കുന്നത് വിഐപി പരിഗണന.
● ജയരാജന്‍ സ്ഥാനം രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നു.
കണ്ണൂര്‍: (KVARTHA) പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഉപഹാരം സമ്മാനിച്ച പി ജയരാജനെ ജയില്‍ ഉപദേശകസമിതിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. സിപിഎം നേതാവെന്ന നിലയില്‍ പി ജയരാജന് ജയിലിലായ ക്രിമിനലുകളെ അഭിവാദ്യം ചെയ്യാനെത്താം.
എന്നാല്‍ ജയില്‍ ഉപദേശകസമിതിയംഗമെന്ന ഔദ്യോഗിക ചുമതല വഹിച്ച് ശിക്ഷിക്കപ്പെട്ട പ്രതികളെ അഭിവാദ്യം ചെയ്യാനെത്തിയത് ഒരിക്കലും നീതീകരിക്കാനവില്ല. കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂരില്‍ നിന്നും കാക്കനാട് നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത് കൃത്യമായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്.
കണ്ണൂര്‍ ജയില്‍ സിപിഎം തടവുകാര്‍ക്ക് ലഭിക്കുന്നത് വിഐപി പരിഗണനയാണ്. എല്ലാ സുഖസൗകര്യങ്ങളും സിപിഎം തടവുകാര്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ജയില്‍ ഉപദേശകസമിതിയംഗമെന്ന നിലയില്‍ ജയിലധികൃതരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് പി ജയരാജന്‍ പ്രതികളെ അഭിവാദ്യം ചെയ്യാനെത്തിയത്.
സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ക്രിമിനലുകള്‍ക്കടക്കം വിഐപി പരിഗണന നല്‍കാനുള്ള ഈ ജയില്‍മാറ്റം നീതിന്യായവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നതാണ്.
ജയില്‍ കാണിച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടേണ്ടെന്ന പി ജയരാജന്റെ പ്രതികരണം കൊലയാളികളെ ന്യായീകരിക്കുന്നതിന് തുല്യമാണ്. ജയില്‍ ഉപദേശകസമിതി അംഗമെന്ന സ്ഥാനം രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്ന പി ജയരാജനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോടതിയോടും നീതിന്യായ സംവിധാനത്തോടുമുള്ള അവഹേളനമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
#PJayarajan #MartinGeorge #JailControversy #KeralaPolitics #KannurNews #Crime