Controversy | മാടായി കോളജ് നിയമന വിവാദം: കെപിസിസി അന്വേഷണ സമിതി തീരുമാനം നീളുന്നു; കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി; നിയമനം നടത്തിയത് പിന്‍വലിക്കില്ലെന്ന് എം കെ രാഘവന്‍
● മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായുളള മൂന്നംഗ സമിതിയാണ് കണ്ണൂരിലെത്തിയത്.
● പയ്യന്നൂര്‍ മേഖലയില്‍ എം കെ രാഘവനെ പിന്‍തുണച്ചു കൊണ്ടു ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അച്ചടക്ക സമിതിയുടെ വിലക്കിനെ മറികടന്നുകൊണ്ടു ഉയര്‍ന്നിട്ടുണ്ട്.
● എം കെ രാഘവന്റെ കുഞ്ഞിമംഗലം മൂശാരി കൊവ്വലിലുളള വീട്ടിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുളള നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്.
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) മാടായി കോളജ് നിയമനവിവാദത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവിലെത്തിയത് പറഞ്ഞു തീര്‍ക്കാനായി എത്തിയ കെപിസിസി അന്വേഷണസമിതി മടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായുളള മൂന്നംഗ സമിതിയാണ് കണ്ണൂരിലെത്തിയത്. സമിതിക്ക് വെട്ടൊന്നു മുറിരണ്ടെന്ന രീതിയിലുളള നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത കീറാമുട്ടിയായി പാര്‍ട്ടിക്കുളളിലെ തര്‍ക്കം മാറിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെ പയ്യന്നൂരില്‍ എം കെ രാഘവന്‍ എം.പിക്ക് അനുകൂലമായി ഫ്‌ലക്‌സ് ബോര്‍ഡ് പ്രചാരണവുമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നത് നിയമന വിവാദം കലുഷിതമാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ മേഖലയില്‍ എം കെ രാഘവനെ പിന്‍തുണച്ചു കൊണ്ടു ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അച്ചടക്ക സമിതിയുടെ വിലക്കിനെ മറികടന്നുകൊണ്ടു ഉയര്‍ന്നിട്ടുണ്ട്.
നിയമന നടപടികള്‍ ആരംഭിച്ചതുമുതല്‍ തുടങ്ങിയ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂ ദിവസം കോളജിലെത്തിയ എം.കെ രാഘവന്റെ വാഹനം തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും കോലംകത്തിക്കുകയും പ്രാദേശിക നേതൃത്വം നടത്തിയിരുന്നു. എം കെ രാഘവന്റെ കുഞ്ഞിമംഗലം മൂശാരി കൊവ്വലിലുളള വീട്ടിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുളള നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്.
എം കെ രാഘവന്റെ അനുകൂലികളായ അഞ്ച് കോളജ് ഡയറക്ടര്‍മാരെ ഡി.സി.സി അന്വേഷണവിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ ജയരാജനും കയ്യേറ്റത്തിനിരയായി. ഇതോടെ ജയരാജനും കോളജ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് പഴയങ്ങാടിയിലും പയ്യന്നൂരിലും ഇരുവിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.
ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തുന്നതിനായി കെ.പി.സി.സി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ മൂന്നംഗ അന്വേഷണ സമിതിയെ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചത്. കെ.പി.സി.സി അന്വേഷണസമിതി കണ്ണൂരിലെത്തി തെളിവെടുത്തിട്ടും തീരുമാനം അന്തിമമായി നീളുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ട്
#MatayiCollege, #KPCC, #CongressPolitics, #KannurNews, #AppointmentControversy, #KeralaPolitics