Allegation | '20 തവണയെങ്കിലും വിളിച്ചിട്ടും മന്ത്രി ഫോൺ എടുത്തില്ല'; കേരളത്തെ നടുക്കിയ ഒരു വാർത്താ പരമ്പരയുടെ പിന്നിലെ അനുഭവം പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ എം പി ബഷീർ
● ഈ രോഗം ബാധിച്ച സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിൽ നടന്നത്.
● ഫൗസിയ മുസ്തഫ മാസങ്ങളോളം നീണ്ട അന്വേഷണത്തിലൂടെയാണ് ഈ പരമ്പര തയ്യാറാക്കിയത്.
● ഈ അന്വേഷണത്തിൽ അവർ അനുഭവിച്ച കഷ്ടപ്പാടുകളും ബഷീർ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
കൊച്ചി: (KVARTHA) കേരളത്തെ ഞെട്ടിച്ച ഒരു വാർത്താ പരമ്പരയുടെ പിന്നിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന മാധ്യമ പ്രവർത്തകൻ എം പി ബഷീറിന്റെ ഫേസ്‌ബുക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. 'മനസ് തകർന്നവർ' എന്ന പേരിൽ ന്യൂസ് മലയാളത്തിൽ പ്രക്ഷേപണം ചെയ്ത ഈ പരമ്പര കേരളത്തിലെ മാനസികാരോഗ്യ രംഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവന്നു.
ഗർഭകാലത്തും പ്രസവാനന്തരവും വരുന്ന വിഷാദരോഗം മൂർച്ഛിച്ചുണ്ടാകുന്ന പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസികരോഗമായിരുന്നു ഈ പരമ്പരയുടെ പ്രധാന വിഷയം. ഈ രോഗം ബാധിച്ച സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിൽ നടന്നത്. ഈ ഞെട്ടിക്കുന്ന വസ്തുതകളാണ് ഫൗസിയ മുസ്തഫ എന്ന റിപ്പോർട്ടർ അന്വേഷിച്ചത്.
ഫൗസിയ മുസ്തഫ മാസങ്ങളോളം നീണ്ട അന്വേഷണത്തിലൂടെയാണ് ഈ പരമ്പര തയ്യാറാക്കിയത്. അനേകം സ്ത്രീകളെ, അവരുടെ കുടുംബങ്ങളെ, ആരോഗ്യ പ്രവർത്തകരെ, നിയമ വിദഗ്ധരെ കണ്ട് അവർ സംസാരിച്ചു. ഈ അന്വേഷണത്തിൽ അവർ അനുഭവിച്ച കഷ്ടപ്പാടുകളും ബഷീർ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
ഏറ്റവും ഞെട്ടിക്കുന്നത് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജിനെ നിരവധി തവണ വിളിച്ചിട്ടും അവർ പ്രതികരിച്ചില്ലെന്നും ബഷീർ ആരോപിച്ചു. ' കഴിഞ്ഞ ഒൻപതു മാസത്തിനിടയിൽ ഇരുപതു തവണയെങ്കിലും മന്ത്രി വീണാ ജോർജിനെ വിളിക്കാൻ ശ്രമിച്ചിരുന്നുവന്നു ഫൗസിയ തെളിവുകൾ നിരത്തി പറയുന്നു. ഇത് വരെ ഫോൺ എടുത്തിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിയോടും പേഴ്‌സണൽ അസിസ്റ്റന്റുമാരോടും സെക്യൂരിറ്റി ഗാർഡിനോടും വരെ കണക്ട് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.
ഈ നാട്ടിലെ സ്ത്രീകൾ നേരിടുന്ന ഗുരുതരമായ ഒരു ആരോഗ്യ-മാനസിക പ്രശ്നത്തിൽ സർക്കാരിന്റെ നയവും നിലപാടുമെന്തെന്ന് ആരോഗ്യത്തിന്റെയും വനിത-ശിശു ക്ഷേമത്തിന്റെയും ചുമതലയുള്ള മന്ത്രിയിൽ നിന്ന് ചോദിച്ചറിയാനായിരുന്നു ആ ഫോൺ കോളുകൾ. എന്നിട്ടും ഇതുവരെ വീണയുടെ ഒരു പ്രതികരണവും വന്നില്ല. ഈ പ്രശ്നത്തിൽ സത്വരമായി ഇടപെടാനും കുറ്റമറ്റ നിയമ നിർമാണങ്ങളിലേക്ക് നയിക്കാനും വീണയ്ക്ക് കഴിഞ്ഞാൽ അവരുടെ മന്ത്രിക്കാലം ചരിത്രത്തിരിൽ ഇടം നേടുമെന്നേ പറയാനുള്ളൂ', ബഷീർ കുറിച്ചു.
മാധ്യമ പ്രവർത്തനം എന്ന തൊഴിലിൽ 30 വർഷം പൂർത്തിയാക്കിയ ഡിസംബർ ഒന്നിന്, ന്യൂസ് മലയാളത്തിൽ നിന്നുള്ള രാജി മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും എംപി ബഷീർ വെളിപ്പെടുത്തി. ആ ജോലി ഔപചാരികമായി ഉടനെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'ചാനൽ തുടങ്ങാൻ വലിയ വലിയ സ്റ്റോറികൾ വേണമെന്ന കാര്യത്തിൽ മുതലാളിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ന്യൂസ് മലയാളം ചാനലിന് ലോഞ്ച് ഡേ സ്റ്റോറി നിർദേശിക്കാൻ പറഞ്ഞപ്പോൾ തിരുവനന്തപുരത്തെ ന്യൂസ് എഡിറ്റർ ഫൗസിയ മുസ്തഫ മുന്നോട്ടുവച്ച സ്റ്റോറി പിച്ചിൽ നിന്നാണ് 'പെരിനാറ്റൽ സൈക്കോസിസ്' എന്ന വാക്ക് മനസ്സിൽ പതിഞ്ഞത്. ഒരു മാനസികാരോഗ്യ പ്രശ്‍നം പുതുതായി വരുന്ന ഒരു വാർത്താ ചാനലിന്റെ ഉത്‌ഘാടന സ്റ്റോറിയായി പരിഗണിക്കാൻ കഴിയുമെന്നു തീരുമാനിക്കാൻ ഫൗസിയയിൽ നിന്ന് ഒരുപാട് വിദ്യാഭ്യാസം കിട്ടേണ്ടി വന്നു.
ആശയം അംഗീകരിക്കപ്പെട്ട്, ഫൗസിയ യാത്ര തുടങ്ങിയത് ചാനൽ ലോഞ്ചിന് രണ്ടു മാസം മുമ്പാണ്. ഓരോ തവണ ഫീൽഡിൽ നിന്ന് ഫൗസിയ വിളിക്കുമ്പോഴും സ്റ്റോറി പ്ലോട്ട് കൂടുതൽ കൂടുതൽ സങ്കീർണമായി വന്നു. ആരോഗ്യ രംഗത്തെ കേരളത്തിന്റെ മികവിന്റെ സൂചികകളെ പൂർണമായും നിരാകരിക്കുന്ന ഗുരുതരമായ ഒരു മാനസികാരോഗ്യ പ്രതിസന്ധിയെക്കുറിച്ചാണ് ഫൗസിയ പറഞ്ഞുകൊണ്ടിരുന്നത്.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിൽ സ്വന്തം അമ്മമാരാൽ കൊല്ലപ്പെട്ട 112 കുഞ്ഞുങ്ങളുടെ കണക്കുമായാണ് ഫൗസിയ എന്നെ നേരിട്ടത്. 'കൊലയാളികളായ' അമ്മമാരിൽ പലരും സ്വയം ജീവിതം അവസാനിപ്പിച്ചിരുന്നു. അവശേഷിക്കുന്ന സ്ത്രീകൾ ജയിലിലോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ വീട്ടിലെ ഇരുട്ട് മുറികളിലോ ആണ്. പലരും കൊലക്കുറ്റത്തിന് വിചാരണ നേരിടുകയാണ്. അവരെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവരിക എന്ന അതീവ ദുഷ്കരമായ ദൗത്യമാണ് ഫൗസിയ ഏറ്റെടുത്തത്.
ചാനൽ ലോഞ്ചിന്റെ തിയതിയും കഴിഞ്ഞു ഫൗസിയയുടെ യാത്ര പിന്നെയും മാസങ്ങൾ നീണ്ടു. 50-ലധികം സ്ത്രീകളെ ഫൗസിയ നേരിട്ട് കണ്ടു. അവരുടെ കുടുംബങ്ങളെ കേട്ടു. അമ്മമാരുടെ കൊലപ്പിടിയിൽ നിന്ന് രക്ഷപെട്ട കുട്ടികളോട് സംസാരിച്ചു . മൂന്നു മുൻ ആരോഗ്യമന്ത്രിമാരെ കണ്ടു. ന്യായാധിപന്മാരെയും നിയമ വിദഗ്ധരെയും കണ്ടു. അന്വേഷണ ഉദ്യോഗസ്ഥരോടും സൈക്യാട്രിസ്റ്റുകൊളോടും ഗൈനക്കോളജിസ്റ്റുകളോടും സംസാരിച്ചു.
കേരളത്തിൽ പ്രസവം കാത്തിരിക്കുന്നവരും സമീപവർഷങ്ങളിൽ പ്രസവം കഴിഞ്ഞവരുമായ സ്ത്രീകളിലെ 'ആയിരത്തിൽ മൂന്ന്' പേർ എന്ന കണക്കിൽ അത്യന്തം അപകടകരമായ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ പരമ്പര ബോധ്യപ്പെടുത്തുന്നു. ഗർഭകാലത്തും പ്രസവാനന്തരവും വന്നുഭവിക്കുന്ന വിഷാദരോഗം മൂർച്ഛിച്ചുണ്ടാകുന്ന പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസികരോഗത്തിന്റെ പിടിയിൽ പെട്ടാണ് ഏറിയ കേസുകളിലും അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ കൊന്നത്.
എന്നാൽ സർക്കാരും പോലീസും മാധ്യമങ്ങളും, ഒപ്പം നിൽക്കേണ്ടിയിരുന്ന മെഡിക്കൽ സമൂഹവും, ഇക്കാലമത്രയും നൽകിപ്പോന്ന വാർത്തകളെയും പുലർത്തിയ കാഴചപ്പാടുകളെയും അടപടലം അട്ടിമറിക്കുന്ന വസ്തുതകളൂം ദൃശ്യങ്ങളുമാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടപ്പെട്ടത്. പകുതി ഞങ്ങളുടെ ക്യാമറയോടും പകുതി ദൈവത്തോടുമെന്ന പോലെ അവർ പറഞ്ഞ വാക്കുകൾ രാജ്യത്തെ ആരോഗ്യ നയരൂപീകരണം നടത്തുന്നവരെ ചുട്ടുപൊള്ളിക്കേണ്ടതാണ്.
വികസിത രാജ്യങ്ങളിൽ പെരിനാറ്റൽ സൈക്കോസിസ് കേസുകളിലകപ്പെടുന്ന സ്ത്രീകൾക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയും നിയമപരിരക്ഷയും ഭരണകൂടങ്ങൾ ഉറപ്പാക്കുന്നു. ഇതേ മാനസികരോഗത്തിന് അടിപ്പെട്ടു കുഞ്ഞുങ്ങളെ കൊല്ലാനിടയാകുന്ന മനസ്സ് തകർന്ന അമ്മമാർക്ക് അറസ്റ്റും റിമാൻഡും വിചാരണയും ശിക്ഷയുമാണ് നമ്മുടെ നാട് ഉറപ്പാക്കുന്നത്. ഈ കൊടും അനീതിയിലേക്കു, നിയമ രാഹിത്യത്തിലേക്കു, ഭരകൂടത്തിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ഫൗസിയയുടെ ലക്ഷ്യം . കാലാനുസൃത നിയമനിർമ്മാണവും ദേശീയ മാതൃ-മാനസികാരോഗ്യ നയങ്ങളിലെ പുരോഗമന മാറ്റങ്ങളുമാണ് സംഭവിക്കേണ്ടത്.
സ്വന്തം വാർത്തകൾക്ക് തുടർചലനങ്ങൾ ഉണ്ടാകണമെന്ന് മാധ്യമപ്രവർത്തകർക്കു ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. ജനാധിപത്യ മൂല്യങ്ങളിലും നീതിനിഷ്ഠയിലും വിശ്വസിക്കുന്ന, ചടുലതയും കാര്യശേഷിയുമുള്ള ഭരണകർത്താക്കൾക്കു മാത്രമേ അതുറപ്പാക്കാൻ കഴിയൂ. അല്ലാത്തയിടങ്ങളിൽ അപൂർവം ചിലപ്പോൾ മാത്രമേ വാർത്തകൾ ലക്ഷ്യവേധിയാകൂ.
ഈ സ്റ്റോറി പരമ്പര ചെയ്തുതീർത്ത ശേഷം ഫൗസിയ പറഞ്ഞ കഥകളിൽ ഏറ്റവും നിരാശപ്പെടുത്തിയത് ഞങ്ങളുടെ ഒരു പഴയ സഹപ്രവർത്തകയെ കുറിച്ചാണ്. അവരിപ്പോൾ കേരളത്തിന്റെ ആരോഗ്യ മന്ത്രിയാണ്. കഴിഞ്ഞ ഒൻപതു മാസത്തിനിടയിൽ ഇരുപതു തവണയെങ്കിലും മന്ത്രി വീണാജോർജിനെ വിളിക്കാൻ ശ്രമിച്ചിരുന്നുവന്നു ഫൗസിയ തെളിവുകൾ നിരത്തി പറയുന്നു. ഇത് വരെ ഫോൺ എടുത്തിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിയോടും പേഴ്‌സണൽ അസിസ്റ്റന്റുമാരോടും സെക്യൂരിറ്റി ഗാർഡിനോടും വരെ കണക്ട് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.
ഈ നാട്ടിലെ സ്ത്രീകൾ നേരിടുന്ന ഗുരുതരമായ ഒരു ആരോഗ്യ-മാനസിക പ്രശ്നത്തിൽ സർക്കാരിന്റെ നയവും നിലപാടുമെന്തെന്ന് ആരോഗ്യത്തിന്റെയും വനിത-ശിശു ക്ഷേമത്തിന്റെയും ചുമതലയുള്ള മന്ത്രിയിൽ നിന്ന് ചോദിച്ചറിയാനായിരുന്നു ആ ഫോൺ കോളുകൾ. എന്നിട്ടും ഇതുവരെ വീണയുടെ ഒരു പ്രതികരണവും വന്നില്ല. ഈ പ്രശ്നത്തിൽ സത്വരമായി ഇടപെടാനും കുറ്റമറ്റ നിയമ നിർമാണങ്ങളിലേക്ക് നയിക്കാനും വീണയ്ക്ക് കഴിഞ്ഞാൽ അവരുടെ മന്ത്രിക്കാലം ചരിത്രത്തിൽ ഇടം നേടുമെന്നേ പറയാനുള്ളൂ.
പലതരം സംഘര്‍ഷങ്ങള്‍ക്കിടയിലൂടെയാണ് ഫൗസിയ ഈ പരമ്പര ചെയ്ത് തീര്‍ത്തത്. മാസങ്ങളോളം അത്യന്തം ഡാര്‍ക്കായ അന്തരീക്ഷത്തിലൂടെ കടന്ന് പോയതിന്റെ ആഘാതം അവളെയും ബാധിച്ചു തുടങ്ങിയിരുന്നു. ഒരു ബൈറ്റ് എടുക്കാനായി ആഴ്ച്ചകള്‍ കാത്തിരുന്നിട്ടും ക്യാമറ കൊടുക്കാന്‍ കഴിയാതിരുന്ന ഒരു ഘട്ടത്തില്‍ അവള്‍ ഫോണിലൂടെ പൊട്ടിക്കരഞ്ഞു. അത്ര എളുപ്പം ബ്രേക്ക്ഡൗണ്‍ ആവുന്ന ആളല്ല. തൊഴിലിടത്തിലെ സംഘര്‍ഷങ്ങളെ ഹൃദയത്തിലേക്ക് എടുക്കരുത് എന്ന് ഉപദേശിച്ചപ്പോള്‍ മനസ് തകര്‍ന്ന മനുഷ്യരോടുള്ള വാക്കുകള്‍ പാലിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു, തൊട്ടു പിന്നാലെ എനിക്ക് ഒരു ഫോട്ടോ അയച്ചു തന്നു.
ഇരുട്ടുമുറിയില്‍ തളച്ചിടപ്പെട്ട ഒരു സ്ത്രീയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫൗസിയയുടെ ഫോണ്‍ റിംഗ് ചെയ്തതിന് പ്രതികരണമായി അവര്‍ ഫോണ്‍ എടുത്ത് എറിഞ്ഞതാണ്. ചീര്‍ത്തു തടിച്ച മുഖത്ത് വലത്തെ കണ്ണിനു മേലെ 11 സ്റ്റിച്ചുണ്ടായിരുന്നു. ഈ ജോലിയോട് കൂറുള്ള പ്രൊഫഷണലുകള്‍ എത്രമാത്രം കഷ്ടപാടുകള്‍ അനുഭവിച്ചാണ് അവരുടെ ജോലി ചെയ്ത് തീര്‍ക്കുന്നത് എന്ന് ചിലരോട് ചുരുക്കി പറയാനായി ആ ഫോട്ടോയും ഇതോടൊപ്പം വെക്കാമെന്ന് ഞാന്‍ കരുതിയിരുന്നെങ്കിലും, ഫൗസിയയുടെ അനുമതി കിട്ടിയില്ല.
ജേർണലിസം എന്ന തൊഴിലിന്റെ സാമൂഹിക പ്രതിബദ്ധതയെ ഉയർത്തിപ്പിടിച്ച ഒട്ടേറെ റിപ്പോർട്ടർമാർ മലയാളം ടെലിവിഷനിൽ ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ കെ.ജയചന്ദ്രന്റെയും കെ. അജിത്തിന്റെയും നേരനിയത്തിയായി വരും ഫൗസിയ മുസ്തഫ . റിപ്പോർട്ടറും എഡിറ്ററും തമ്മിലുള്ള ഒരു ഉടമ്പടി പോലെയാണ് ഫൗസിയ സ്റ്റോറി തേടി പോകുക. മറ്റാരോടും ഒന്നും ഒരിക്കലും പറയില്ല. കമ്പനി ചെയർമാനോട് പോലും ഒന്നും വിട്ടുപറയില്ല. ചാനലിന്റെ 13 ക്യാമറാമാന്മാർ കൂടെ ഷൂട്ടിന് പോയിട്ടും ആർക്കും തന്നെ ഈ പരമ്പരയുടെ കാര്യത്തിൽ കഥയെന്തെന്ന് പിടികൊടുത്തില്ല.
അത് പണ്ടേ അങ്ങനെയാണ്. 'നരകത്തിലേക്കുള്ള നിക്കാഹുകൾ' എന്ന പേരിൽ ഇന്ത്യാവിഷനിൽ വന്ന മൈസൂർ കല്യാണം സംബന്ധിച്ച അന്വേഷണ പരമ്പരയുടേയും എഡിറ്റോറിയൽ സൂപ്പർവൈസർ ഞാനായിരുന്നു. ആ സാമൂഹിക ദുരാചാരം ആ സ്റ്റോറി പരമ്പരയോടെ തീർത്തും ഇല്ലാതായി. 'മനസ് തകർന്നവർ, മക്കളെ കൊന്നവർ' എന്ന ഈ പരമ്പരയിൽ ഇനിയും 15-ലധികം സ്റ്റോറികൾ വരാനുണ്ട്. ഇതുവരെ കണ്ടതിനേക്കാൾ പേടിപ്പെടുത്തുന്നവ. ഇന്ത്യയിൽ 'പെരിനാറ്റൽ സൈക്കോസിസ്' എന്ന രോഗാവസ്ഥയെ പരിഗണിക്കുന്ന ഒരു ഇൻഫന്റിസൈഡ് ആക്ട് നിലവിൽ വരുന്നതിനും നിലവിലുള്ള കേസുകൾ തിരിച്ചുവിളിച്ചു പുനർവിചിന്തനം നടത്തുന്നതിനും ഈ പ്രയത്നം കാരണമാകുമെന്നു ആശിക്കുന്നു.
എഡിറ്റർ എന്ന നിലയിൽ ഞാൻ സൂപ്പർവൈസ് ചെയ്ത ഏറ്റവും സാമൂഹിക പ്രാധാന്യമുള്ള വാർത്താ പരമ്പരയാണ് 'മനസ് തകർന്നവർ'. മലയാള ടെലിവിഷനിലെ ഡെവലപ്പ്മെന്റ് ജേണലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. അതിലെ അവസാന സ്റ്റോറികളുടെ സ്ക്രിപ്റ്റ് ഒരിക്കൽക്കൂടി വായിച്ചുവിട്ട്, മാധ്യമ പ്രവർത്തനം എന്ന തൊഴിലിൽ 30 വർഷം പൂർത്തിയാക്കിയ ഡിസംബർ ഒന്നിന്, ന്യൂസ് മലയാളത്തിൽ നിന്നുള്ള രാജി മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ആ ജോലി ഔപചാരികമായി ഉടനെ അവസാനിക്കും.
വലിയ സ്റ്റോറികൾ അന്വേഷിച്ചു പോകാൻ പലപ്പോഴും പണമാണ് പരിമിതി. സ്റ്റോറി ഗാതറിംഗ് എക്സ്‌പെൻസ് എന്നത് മുതലാളിമാരെ ചൊടിപ്പിക്കുന്ന വാക്കാണ്. ഇവിടെ, എത്ര പണം ചെലവിട്ടാലും സ്റ്റോറി വന്നാൽ മതി എന്ന മാനേജ്‌മന്റ് നിലപാടാണ് ഈ പരമ്പര സാധ്യമാക്കിയത്. അക്കാര്യത്തിൽ, ചെയർമാൻ ശകിലൻ പത്മനാഭൻ, ഡയറക്ടർ അബുബക്കർ സിദ്ധീഖ് എന്നിവരോട് നന്ദി പറയുന്നു. ന്യൂസ് മലയാളത്തിനും ഫൗസിയ ഉൾപ്പെടെ അവിടെ തുടരുന്ന സഹപ്രവർത്തകർക്കും എല്ലാ അഭിവാദ്യങ്ങളും നേരുന്നു. 'ചാനലുകൾ തുടങ്ങിക്കൊടുക്കപ്പെടും' എന്നൊരു ബോർഡ് പിടിപ്പിച്ചാലോ എന്നാലോചിക്കുകയാണ്'.
#MinisterResponse #MPSBasheer #KeralaNews #MentalHealth #VeenaGeorge #SocialIssues