Suresh Gopi | ദൈവങ്ങള്‍ തനിക്ക് നല്‍കിയിരിക്കുന്നത് ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി
തൃശൂരിലെ സ്ഥാനാര്‍ഥി കെ മുരളീധരനെ ഇനി ചേട്ടനെന്ന് വിളിക്കില്ല, ഇനി കെ മുരളിധരന്‍ മാത്രം
തൃശൂര്‍ താനിപ്പോഴും എടുത്തിട്ടില്ല, പക്ഷേ ജനങ്ങള്‍ തനിക്ക് അത് തന്നു
തൃശൂര്‍ ഉള്ളത് തന്റെ ഹൃദയത്തില്‍
തിരുവനന്തപുരം:(KVARTHA) ദൈവങ്ങള്‍ തനിക്ക് നല്‍കിയിരിക്കുന്നത് ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണെന്ന് വ്യക്തമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തന്റെ വിജയത്തില്‍ അതീവ സന്തോഷമെന്നും ജയിച്ചത് വലിയൊരു അനുഗ്രഹം ആണെന്നും സുരേഷ് ഗോപി പറഞ്ഞു. ചരിത്രത്തില്‍ തന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത് ആദ്യമായാണ് ബിജെപിക്ക് ഒരു അകൗണ്ട് തുറക്കുന്നത്. അതിന് നിമിത്തമായതാകട്ടെ സുരേഷ് ഗോപിയും. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഒഴുക്കിനെതിരെയാണ് നീന്തിക്കയറേണ്ടിയിരുന്നത്. ആ ഘട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങള്‍ തനിക്ക് നേരെ നടന്നുവെന്നും അതില്‍നിന്ന് കരകയറാന്‍ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിത്തരുന്നത്. എന്റെ കുടുംബം , മക്കള്‍, കളിയാട്ടം സിനിമയിലെ നാഷനല്‍ അവാര്‍ഡ് എല്ലാം അനുഗ്രഹമാണ്.
അതിനെല്ലാം മുകളിലാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു വിജയം നേടാനായി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ വോടര്‍മാര്‍ എന്നിവരെ പ്രത്യേകം ഓര്‍ക്കുന്നുവെന്നും, തന്നേക്കാള്‍ ഏറെ മധ്യപ്രദേശ്, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നു വന്ന അമ്മമാര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
നടന്ന കാര്യങ്ങളുടെ സത്യം തൃശൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഞാനവരെ പ്രജാദൈവങ്ങള്‍ എന്നാണ് വിളിക്കുന്നത്. വഴിതെറ്റിക്കാന്‍ നോക്കിയപ്പോഴൊക്കെ ദൈവങ്ങള്‍ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്ട്രീയകക്ഷിയിലേക്കും തിരിച്ചുവിട്ടെങ്കില്‍, ഇത് അവര്‍ നല്‍കിയ അനുഗ്രഹമാണ്. തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്.
എറണാകുളത്തുനിന്നും മറ്റു പല ജില്ലകളില്‍ നിന്നും മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും അമ്മമാര്‍ ഉള്‍പെടെ തൃശൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്ക് നന്ദി.
നരേന്ദ്രമോദി എന്റെ രാഷ്ട്രീയ ദൈവമാണ്. ഇന്ദിരാഗാന്ധി, ഇ കെ നയനാര്‍, കെ കരുണാകരന്‍ തുടങ്ങിയവരെ താന്‍ ആരാധിക്കുന്നു, എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇവരുണ്ട്. ഇനിയും ഇവര്‍ തന്റെ മനസില്‍ ഉണ്ടാകും.
മോദിയും, അമിത് ഷായുമാണ് ഇന്നു കാണുന്ന രൂപത്തില്‍ തന്നെ ആക്കിയത്. അതിന് എന്നും അവരോട് കടപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. ഞാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കും. കേരളത്തിന്റെ വികസനത്തിനുവേണ്ടി പ്രയത്‌നിക്കും. എനിക്ക് ആരോടും ദേഷ്യമില്ല, എനിക്ക് ഇടതു വലതു ശത്രുക്കളില്ല, അവര്‍ എന്റെ സഹസ്ഥാനാര്‍ഥികള്‍ മാത്രമാണ്. എന്റെ പാര്‍ടിയുടെ വോട് മാത്രമല്ല എനിക്ക് ലഭിച്ചതെന്ന് എനിക്കും പാര്‍ടിക്കും നന്നായി അറിയാം. ജനങ്ങള്‍ പാര്‍ടി, താരം എന്നതിനപ്പുറം അവര്‍ക്ക് വേണ്ടി എന്തുചെയ്യുമെന്ന് ചിന്തിച്ചു. അതാണ് വിജയത്തിനു കാരണം.
എന്നിരുന്നാലും ഞാന്‍ പാര്‍ടിയുടെ കൂടെ സ്വത്താണ്. വിജയ പ്രതീക്ഷ എന്നുമുതലാണ് പ്രകടിപ്പിച്ചതെന്ന് ചോദിക്കരുത്. കാരണം കേരളത്തില്‍ തള്ളുമാത്രമേ പരിചയമുള്ളൂ. എനിക്കതിന് താല്പര്യമില്ല. ഇടതിനും വലതിനുമല്ല, ജനങ്ങളുടെ താല്പര്യത്തിനാണ് നിന്നത്. ചില വാചകങ്ങള്‍ തനിക്കെതിരെ പറഞ്ഞ തൃശൂരിലെ സ്ഥാനാര്‍ഥി കെ മുരളീധരനെ ഇനി ചേട്ടനെന്ന് വിളിക്കില്ല എന്നും ഇനി കെ മുരളിധരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ താനിപ്പോഴും എടുത്തിട്ടില്ല, പക്ഷേ ജനങ്ങള്‍ തനിക്ക് അത് തന്നു. തന്റെ ഹൃദയത്തിലാണ് ഇപ്പോള്‍ തൃശൂരുള്ളത്. ഇനി ഒരു തിടമ്പുപോലെ അത് തലയിലേറ്റി താന്‍ നടക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.