Criticism | എംഎൽഎയുടെ വിമർശനം ആത്മവീര്യം തകർത്തുവോ? പൊലീസ് സേനയിൽ അമർഷം 

​​​​​​​

 
Criticism
Criticism

Image Credit: Website/ Kerala Police

കേരള പൊലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗം നടത്തവെയാണ് പി വി അൻവർ എംഎൽഎ മലപ്പുറം എസ് പി ശശിധരൻ ഐപിഎസിനെതിരെ ആഞ്ഞടിച്ചത്

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) കുനിഞ്ഞു നിൽക്കുക മാത്രമല്ല മുട്ടിൽ ഇഴയുകയും വേണമെന്നാണ് പി വി അൻവർ കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൻ്റെ വ്യംഗാർത്ഥമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. പാർട്ടി കനിഞ്ഞു നൽകിയ കൺഫേർമ്ഡ് ഐപിഎസ് എന്ന ആടയാഭരണങ്ങൾ വാങ്ങി അണിഞ്ഞാൽ സർക്കാരിനെയും പാർട്ടിയെയും മാത്രമല്ല തന്നെപ്പോലെയുള്ള ജനപ്രതിനിധികളെയും ഓച്ഛാനിക്കണമോയെന്നാണ് ഇവരുടെ ചോദ്യം. 

പാർട്ടി നേതാക്കൾ പറയുന്നതു പോലെ കേട്ടില്ലെങ്കിൽ തട്ടുകിട്ടുമെന്ന് പൊലീസുകാരുടെ സമ്മേളനത്തിൽ ചെന്നു പറയാനുള്ള ചങ്കൂറ്റം പി വി അൻവർക്ക് മാത്രമേയുണ്ടായുള്ളുവെന്നത് മറ്റൊരു കാര്യം. ഭൂമിയോളം താഴാം, പക്ഷെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയാലോയെന്നാണ് രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് പൊലീസ് സേനയിൽ നിന്നുയരുന്ന ചോദ്യം. പൊലീസ് സ്റ്റേഷനുകളുടെ ഭരണം പൂർണമായി സി.പി.എം - ലോക്കൽ, ഏരിയാ കമ്മിറ്റി നേതാക്കൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശങ്ങൾ നൽകുന്നത് ജില്ലാ സെക്രട്ടറിമാരും പാർട്ടി എം.എൽഎമാരുമാണെന്നും ആക്ഷേപമുണ്ട്.

മറ്റു ജില്ലകളിൽ ഇങ്ങനെ കാര്യങ്ങൾ മുൻപോട്ടു പോകുമ്പോൾ മലപ്പുറത്ത് എന്തുകൊണ്ടു ആയി കൂടായെന്ന ചോദ്യമാണ് നിലമ്പൂർ എം.എൽ എ ഉന്നയിക്കുന്നതെന്നാണ് വിമർശനം. കേരള പൊലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗം നടത്തവെയാണ് പി വി അൻവർ എംഎൽഎ മലപ്പുറം എസ് പി ശശിധരൻ ഐപിഎസിനെതിരെ ആഞ്ഞടിച്ചത്. സി.പി.എമ്മിൻ്റെ ഏറാൻമൂളിയെന്ന് അറിയപ്പെടുന്ന ഐ.പി.എസായി സ്ഥാനകയറ്റം കിട്ടിയ ഉദ്യോഗസ്ഥനാണ് അൻവറിൻ്റെ വാക്താഢനമേറ്റത്. എന്നാൽ പൊലീസ് നയങ്ങൾക്കും നടപടികൾക്കും എതിരെ വിമർശനം ഉന്നയിക്കുന്നതിന് പുറമെ എസ് പി യെ വ്യക്തിപരമായി അധിക്ഷേപിച്ചതു സേനയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്ന സ്ഥലം മാറ്റവും, അതിനെ ന്യായീകരിച്ചുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങളും ക്വാട്ട തികക്കാൻ വേണ്ടി പെറ്റി കേസുകൾ എടുക്കുന്നതും ചെങ്കല്ല് വണ്ടികളും മണ്ണ് ലോറികളും പിടികൂടുന്നത് കർശനമാക്കിയതുമെല്ലാമാണ് പി വി അൻവർ പൊലീസിനെ വിമർശിക്കാൻ ഉപയോഗിച്ച പ്രധാന ആക്ഷേപങ്ങൾ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടത് ഉദ്യോഗസ്ഥൻമാർ മാത്രമാണോയെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

കല്ലും മണ്ണും പൊലീസ് വ്യാപകമായി പിടികൂടാൻ തുടങ്ങിയതോടെ ഇവയുടെ വില ഇരട്ടിയിൽ അധികമായി. ഇതെല്ലാം വീട് പണിയുന്ന സാധാരണക്കാരനെ പ്രതിസന്ധിയിൽ ആക്കി. ക്വാട്ട തികക്കാൻ പെറ്റി കേസുകളുടെ എണ്ണം പൊലീസ് കൂട്ടിയതിനെതിരെ മുൻപേ വിമർശങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം നയപരമായ കാര്യങ്ങൾ എന്ന നിലയ്ക്ക് വിമർശിച്ച എംഎൽഎ പക്ഷെ ഒരുപടി കൂടി കടന്ന് എസ് പിയെ  വ്യക്തിപരമായി കൂടി അധിക്ഷേപിക്കുന്ന നിലയ്ക്ക് ആണ് പ്രസംഗിച്ചതെന്നാണ് വിമർശനം.

മനപൂർവം കാത്ത് നിർത്തി എന്ന വിമർശനം അത് കൊണ്ട് തന്നെ പൊലീസ് സേന അധിക്ഷേപമായാണ് കാണുന്നത്. തന്റെ പാർക്കിലെ റോപ് വേയുടെ ലക്ഷങ്ങൾ മൂല്യമുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ പൊലീസ് നടപടി ഇഴയുന്നതും എംഎൽഎയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ ആ വിമർശനം പറയുന്നതിന് ഒപ്പം ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി സിം കാർഡുകൾ സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടിയതിനെ പരിഹസിക്കുകയാണ് എംഎൽഎ ചെയ്തതെന്നും വിമർശനമുണ്ട്. 

കേസ് ക്വാട്ട, സ്ഥലംമാറ്റം, ജോലി സമ്മർദം തുടങ്ങി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവത്തിൽ ഉന്നയിക്കുന്ന പല പ്രശ്നങ്ങളും എംഎൽഎ പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നവർ തന്നെ പക്ഷെ എസ് പി ക്ക് എതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം അംഗീകരിക്കാൻ ആകില്ലെന്ന് തുറന്നു പറയുന്നു. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള, അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശശിധരനെതിരെ എംഎൽഎ നടത്തിയ പരമാർശം അത് കൊണ്ട് തന്നെ പൊലീസ് സേനയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ എല്ലാ പ്രധാന പൊലീസ് ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ പി വി അൻവർ നടത്തിയ വിമർശനം സേനയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതായാണ് പലരും വിലയിരുത്തുന്നത്. അധിക്ഷേപങ്ങൾക്ക് മറുപടി പറയാതെ ചടങ്ങിന് ആശംസകൾപ്പിച്ച് വേദി വിട്ട എസ് പിയുടെ നടപടി തികച്ചും അനുയോജ്യമായെന്ന വിലയിരുത്തലുമുണ്ട്. ഇലവി ന്തിട്ട നരബലി കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥനെ കോർണർ ചെയ്തു കൊണ്ടു മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനായ എം.എൽ.എ തന്നെ ആഞ്ഞടിച്ചത് സേനയുടെ ആത്മവീര്യം തകർക്കുമെന്നാണ് വിലയിരുത്തൽ.
 

#KeralaPolitics #Police #Controversy #PVAnvar #KeralaPolice #Morale

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia