Jail Issues | 'തലയണ ചോദിച്ചിട്ട് തന്നില്ല, കഴുത്തിന് പ്രശ്‌നമുള്ളതിനാല്‍ ബുദ്ധിമുട്ടി'; എംഎല്‍എക്ക് നിയമപരമായി ലഭിക്കേണ്ട പരിഗണന എന്താണെന്ന് അറിയാത്തതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് പി വി അന്‍വര്‍
● പിണറായിസത്തെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യം.
● യു.ഡി.എഫുമായി കൈകോര്‍ത്ത് മുന്നോട്ടുപോകും.
● തൃപ്തി തോന്നാത്തതിനാല്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചില്ല.
എടപ്പാള്‍: (KVARTHA) തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് തടവ് വേളയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പി.വി. അന്‍വര്‍ എം.എല്‍.എ. കഴുത്തിന് പ്രശ്‌നങ്ങളുള്ള തനിക്ക് ഉയരം കുറഞ്ഞ തലയണയില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെന്നും കിടക്കാന്‍ തലയണ ചോദിച്ചിട്ട് ജയില്‍ സൂപ്രണ്ട് തന്നില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ഇനി ഒറ്റയാള്‍ പോരാട്ടമല്ലെന്നും പിണറായിസത്തെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി യു.ഡി.എഫുമായി കൈകോര്‍ത്ത് മുന്നോട്ടുപോകും. ഇനി കൂട്ടായ പോരാട്ടമാണ്. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കിടക്കാന്‍ കട്ടില്‍ കിട്ടി. എന്നാല്‍ തലയണ ചോദിച്ചിട്ട് ജയില്‍ സൂപ്രണ്ട് തന്നില്ല. കഴുത്തിന് പ്രശ്‌നങ്ങളുള്ള തനിക്ക് ഉയരം കുറഞ്ഞ തലയണയില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ല. രാവിലെ ലഭിച്ച ഒരു ഗ്ലാസ് ചായയും ഒരു ചപ്പാത്തിയുമാണ് ഈ ദിവസം ആകെ കഴിച്ചത്. ഉച്ചക്ക് ഭക്ഷണം തന്നെങ്കിലും, തൃപ്തി തോന്നാത്തതിനാല്‍ കഴിച്ചില്ല. എം.എല്‍.എ എന്ന നിലക്ക് എന്ത് പരിഗണനയാണ് നിയമപരമായി ജയിലില്‍ ലഭിക്കേണ്ടതെന്ന് അറിയാത്തതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല' -പി.വി. അന്‍വര്‍ പറഞ്ഞു.
പിന്തുണ നല്‍കിയ യു.ഡി.എഫിനും പാണക്കാട് സാദിഖലി തങ്ങള്‍ക്കും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രത്യേകം നന്ദി പറഞ്ഞു. പിണറായിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ സമരം ശക്തമാക്കുമെന്നും മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി, ക്രൈസ്തവ പുരോഹിതന്മാരുമായി ചേര്‍ന്നുള്ള പോരാട്ടം തുടരുമെന്നും വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഡി എഫ് ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തിങ്കളാഴ്ച രാത്രി 8.27 ഓടെയാണ് എം.എല്‍.എയെ തവനൂര്‍ സെന്‍ട്രന്‍ ജയിലില്‍നിന്ന് വിട്ടയച്ചത്. കോടതി രേഖകള്‍ സമര്‍പ്പിച്ച് പി.വി. അന്‍വര്‍ എം.എല്‍.എക്ക് ജയില്‍ മോചിതനാകാന്‍ 20 മിനിറ്റാണ് വേണ്ടിവന്നത്. സാധാരണ രാത്രി ഏഴു വരെയാണ് ജാമ്യം ലഭിച്ചവരെ വിട്ടയക്കാറുള്ളത്. എന്നാല്‍, ജാമ്യരേഖകള്‍ മെയിലില്‍ ലഭിച്ചതിനാല്‍ പി.വി. അന്‍വറിന് ഒമ്പതുവരെ സമയം നീട്ടി നല്‍കി.
ജാമ്യം ലഭിച്ച പി വി അന്‍വര്‍ എംഎല്‍എ മലപ്പുറം ഒതായിലെ വീട്ടില്‍ മടങ്ങിയെത്തി. 18 മണിക്കൂര്‍ ജയില്‍ വാസത്തിന് ശേഷം മടങ്ങിയെത്തിയ അന്‍വറിനെ വലിയ ആവേശത്തോടെയാണ് ഡി എം കെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പടക്കം പൊട്ടിച്ച് ഹര്‍ഷാരവങ്ങളോടെ മുദ്രാവാക്യം മുഴക്കി ആഘോഷമായാണ് പ്രവര്‍ത്തകര്‍ എം എല്‍ എ യെ സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് നന്ദി എന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റ് ചെയ്തത് കൊണ്ട് താന്‍ ഉന്നയിക്കുന്ന വിഷയം ജനങ്ങള്‍ അറിയാന്‍ കാരണമായെന്നും അന്‍വര്‍ ഒതായിയിലെ വീട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.
#Pvanwar, #JailExperience, #KeralaPolitics, #PinarayiVijayan, #HealthConcerns, #UDF