PM Modi | മോദിയുടെ പ്രസംഗവും ശരീരഭാഷയും മാറി; കാരണമെന്ത്?
അർണവ് അനിത
(KVARTHA) മൂന്നാമൂഴത്തില്‍ മുടിചൂടാ മന്നനാകാമെന്ന മോദിയുടെ മോഹത്തെ ജനവിധി മുക്കിക്കൊന്നതോടെ ഇതുവരെയുണ്ടായിരുന്ന, പ്രകടമായ ശൈലികളെല്ലാം അദ്ദേഹം മാറ്റിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ബിജെപി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ അത് വ്യക്തമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍ പഴയ ആവേശം അദ്ദേഹത്തിനില്ലായിരുന്നു. ശരീരഭായില്‍ വലിയ നിരാശ പ്രകടമായിരുന്നു. പ്രത്യേകിച്ച് വാരാണസിയിലെ തിരിച്ചടി. നാലരലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമായാണ് ഭൂരിപക്ഷം കുറഞ്ഞത്. മാത്രമല്ല അയോധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലം ബിജെപിയെ കൈവെടിഞ്ഞു. അതോടെ പ്രസംഗത്തിലെ ആക്രമണ ശൈലി പിന്നീട് മോദിയില്‍ കണ്ടില്ല.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയപ്പോഴും അത് തന്നെയായിരുന്നു കാഴ്ച. 2019ലെ തെരഞ്ഞെടുപ്പ് വിജയശേഷം പാര്‍ലമെന്റിലെത്തിയ മോദിയെയല്ല ബുധനാഴ്ച കണ്ടത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും പ്രതിപക്ഷത്തിന്റെ സഹകരണം തേടാനും മോദി ശ്രമിച്ചു. എന്നാല്‍ വളരെ തന്ത്രപൂര്‍വ്വം പ്രതിപക്ഷനിരയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പാളിപ്പോയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് മോദിയുടെ ശാന്തത പുറമേ കാണുന്ന പ്രകടനത്തില്‍ മാത്രമേ ഉള്ളൂവെന്നും ഉള്ളിലിപ്പോഴും പഴയ നരേന്ദ്രമോദി തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
അടിയന്തരാവസ്ഥക്കാലം അനുസ്മരിച്ച് കോണ്‍ഗ്രസിനെതിരെ പടപ്പുറപ്പാട് നടത്തുകയും അക്കാലത്ത് ജയിലില്‍ കിടന്ന ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയെയും മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെയും ഇളക്കിവിടാനായിരുന്നു സ്പീക്കര്‍ ഓംബിര്‍ളയുടെ ശ്രമം. എന്നാല്‍ കഴിഞ്ഞ് പോയ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യം എന്ന് മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് പറഞ്ഞതോടെ പണി പാളി. പ്രതിപക്ഷ സഹകരണമില്ലാതെ സഭ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് മോദിക്കറിയാം. അതുകൊണ്ടാണ് അദ്ദേഹം സമവായം ആവര്‍ത്തിക്കുന്നത്. കൗശലത്തിലൂടെ കാര്യങ്ങള്‍ നടപ്പാക്കാനാണ് നീക്കം. സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സമവായം ആവശ്യമാണെന്ന് ഇത്തവണത്തെ ആദ്യ പ്രസംഗത്തില്‍ മോദി പറഞ്ഞത് അതുകൊണ്ടാണ്.
17-ാം ലോക്സഭയ്ക്ക് മുമ്പുള്ള തന്റെ പ്രസംഗത്തില്‍ മോദി പറഞ്ഞ വാക്കുകള്‍ ഇങ്ങിനെയായിരുന്നു, 'പ്രതിപക്ഷം അംഗബലത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് അവസാനിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പൊതുജനം അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് ഓരോ വാക്കും വികാരവും വിലപ്പെട്ടതാണ്'. ഗവണ്‍മെന്റിന്റെ അജണ്ടയുമായി യോജിച്ച് പോകാനുള്ള പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചാണ് അന്ന് പറഞ്ഞിരുന്നത്. അതില്‍ നിന്ന് വലിയമാറ്റം ഇത്തവണയുണ്ടാക്കിയത് ജനങ്ങളാണ്.
2019ല്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. അതിനാല്‍ അവരുടെ നയങ്ങള്‍ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, അതേസമയം ഇത്തവണ സമവായത്തിനും കൂട്ടായ തീരുമാനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പക്വമായ തന്ത്രമാണ് മുന്നോട്ട് വയ്ക്കുന്നത്. സബ്കാ സാത്ത്, സബ്കാ വികാസ് എന്നതിന് പകരം സബ്കാ സാത്ത് വിശ്വാസ്, സബ്കാ വികാസ് വിശ്വാസ് എന്നാക്കാക്കി. സഖ്യസര്‍ക്കാരിനെ നയിക്കണമെങ്കില്‍ പ്രതിപക്ഷ വിശ്വാസമില്ലാതെ പറ്റില്ല. മോദിയുടെ അച്ചുതണ്ടിതല്‍ ചുറ്റിയിരുന്ന ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായി, സഖ്യരാഷ്ട്രീയത്തിലാണ് പതിനെട്ടാം ലോക്‌സഭ ചലിക്കുന്നത്. സഖ്യകക്ഷി സര്‍ക്കാരുകളില്‍ വിപുലമായ അനുഭവസമ്പത്തുള്ള തെലുങ്ക് ദേശം പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്) തുടങ്ങിയവരാണ് കൂടെയുള്ളത്.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സഖ്യരാഷ്ട്രീയം ഫലപ്രദമായി നയിച്ചിരുന്നു, നിലവിലെ ബി.ജെ.പി നേതൃത്വത്തിന് വഴങ്ങാത്തകാര്യമാണതെന്നാണ് വിലയിരുത്തുന്നത്. 1998ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായി അധികാരമേറ്റ് ഒരു കൊല്ലം കഴിഞ്ഞ് സര്‍ക്കാര്‍ വീണു. തെലുങ്ക്‌ദേശം പാര്‍ട്ടിയിലെ എം.പി ജിഎംസി ബാലയോഗിയായിരുന്നു. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ബിജെപി അന്ന് അധികാരത്തിലേറിയത്. അന്ന് വിശ്വാസപ്രമേയം പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് കാരണം സ്പീക്കറായിരുന്ന ബാലയോഗിയുടെ വോട്ടായിരുന്നില്ല, അദ്ദേഹത്തിന്റെ നിലപാടായിരുരുന്നു.
വോട്ടെടുപ്പിന് കുറച്ച് ദിവസം മുമ്പ് വരെ ഒഡീഷ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഗിരിധര്‍ ഗമാംഗിനെ വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചു. ആ വോട്ടിന്റെ ബലത്തില്‍ സര്‍ക്കാര്‍ പതിക്കുകയായിരുന്നു. പഴയ അനുഭവം മനസ്സിലുള്ളത് കൊണ്ടാണ് തെലുങ്ക് ദേശം പാര്‍ട്ടിക്ക് ഇത്തവണ സ്പീക്കര്‍ സ്ഥാനം നല്‍കാതിരുന്നത്. ജനതാദള്‍ യൂണൈറ്റഡ് നേതാവ് നിതീഷ് കുമാറിനെയും അങ്ങനെ നമ്പാന്‍ കൊള്ളാത്ത നേതാവാണെന്നും അറിയാം. അതുകൊണ്ടാണ് സ്പീക്കര്‍ പദവി കൊടുക്കാതിരുന്നത്.
വിശ്വാസത്തിന് മോദി ഇപ്പോള്‍ നല്‍കുന്ന ഊന്നല്‍, ലോക്‌സഭയില്‍ സഹകരണ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണെങ്കില്‍ വളരെ നല്ലതാണ്. കാരണം രാജ്യം സങ്കീര്‍ണ്ണമായ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയമാണ്. നേതൃത്വത്തിലും നയങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം പരമപ്രധാനമാണ്. ആഗോളതലത്തില്‍ ഇന്ത്യയുടെ ഭാവി വളര്‍ച്ചയ്ക്ക്, കഴിഞ്ഞ പതിറ്റാണ്ടിലെ പോലുള്ള ഭരണം തടസ്സമാണ്. പതിനേഴാം ലോക്സഭയില്‍, പ്രതിപക്ഷത്തോടുള്ള മോദിയുടെ സമീപനം പരിഹാസ്യമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അതിന് അയവ് വന്നെങ്കിലും കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നാണ് അടിയന്തരാവസ്ഥ അനുസ്മരിച്ചുള്ള പ്രസംഗം സൂചിപ്പിക്കുന്നത്.
അതായത് സഹകരണത്തിന്റെയും സമവായത്തിന്റെയും ആവശ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് ബിജെപി ഒഴിഞ്ഞുമാറില്ല എന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി വ്യക്തമായ നിര്‍ദേശവും നല്‍കി. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വ്യതിചലിക്കാതിരിക്കുക, ഇന്ത്യയെ വികസനത്തിലേക്ക് നയിക്കാന്‍ സമഗ്രമായ ഒരു പാത സൃഷ്ടിക്കുക. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയാണ് ഈ നാലപാട് മാറ്റത്തിന് കാരണം. ചില എം.പി.മാര്‍ പാര്‍ട്ടിയുടെ സ്വാധീനം മെച്ചപ്പെടുത്താന്‍ ആവശ്യമായതൊന്നും മണ്ഡലങ്ങളില്‍ ഫലപ്രദമായി ചെയ്തില്ല എന്നതിന്റെ സൂചകൂടിയാണിത്.