Politics | മുഖ്യമന്ത്രിയുടെ മരുമോനായി പോയി, അംഗീകരിക്കില്ല; മുസ്ലിം ആയതിൻ്റെ താഴ്ത്തിക്കെട്ടലും; എന്നാലും മുഹമ്മദ് റിയാസ് തന്നെ കേരളത്തിലെ സൂപ്പർ മന്ത്രി


● പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു.
● വിമർശകരെയും എതിരാളികളെയും തന്റെ പ്രവൃത്തിയിലൂടെ നിശബ്ദനാക്കി.
● രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തുറ്റ സാന്നിധ്യമായി വളർന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) മരുമോൻ എന്ന വിളി മന്ത്രി പി എ മുഹമ്മദ് റിയാസിന് ഉണ്ടായത് മുസ്ലിം ആയി ജനിച്ചതിൻ്റെ പേരിൽ മാത്രം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെ വിവാഹം കഴിച്ചപ്പോൾ തുടങ്ങിയതാണ് മുഹമ്മദ് റിയാസിനെ ആക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും ചിലർ മരുമോൻ വിളിക്കുന്നത്. ശരിക്കും ഇത് എന്താണെന്ന് ചോദിച്ചാൽ മന്ത്രി മുഹമ്മദ് റിയാസ് എന്ന കഴിവുള്ളയാളെ ഒരു പ്രത്യേക സമുദായത്തിൻ്റെ ആളായി ചിത്രീകരിച്ച് വർഗീയപരമായി ഇടിച്ചു താഴ്ത്തണം. അതിനായി തുടങ്ങിയതാണ് ഈ മരുമോൻ വിളി. അതിനെയും റിയാസ് അതിജീവിച്ചുകൊണ്ട് പിണറായി സർക്കാർ അഞ്ച് കൊല്ലം പൂർത്തിയാക്കുമ്പോൾ മികച്ച മന്ത്രിയെന്ന് പേര് എടുത്തിരിക്കുകയാണ്.
ഈ മന്ത്രിസഭയിലെ കഴിവ് തെളിയിച്ച ഏറ്റവും മികച്ച മന്ത്രിയെന്ന് വേണമെങ്കിൽ മുഹമ്മദ് റിയാസിനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. മകളെ വിവാഹം കഴിച്ചതിൻ്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മരുമോന് സ്ത്രീധനമായി കൊടുത്തതാണ് പി എ മുഹമ്മദ് റിയാസിൻ്റെ മന്ത്രിപദവി എന്നാണ് മുഹമ്മദ് റിയാസ് മന്ത്രിയാകുമ്പോൾ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും പ്രചരിപ്പിച്ചത്. മുസ്ലിം സമുദായംഗമെന്ന നിലയിൽ അദ്ദേഹത്തെ പ്രത്യേകം ടാർഗറ്റ് ചെയ്തു, തന്നെ ഒരു കഴിവ് കെട്ട മന്ത്രിയെന്ന് വരുത്തി തീർത്ത് രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇല്ലായ്മ ചെയ്യാനാണ് രണ്ടാം പിണറായി സർക്കാരിൻ്റെ തുടക്കത്തിൽ എതിരാളികൾ ശ്രമിച്ചത്.
എന്നാൽ മുഹമ്മദ് റിയാസ് താൻ ആരുടെയും നോമിനി അല്ല, കഴിവുറ്റ ഒരു മികച്ച ഭരണാധികാരിയാണെന്ന് ഈ കഴിഞ്ഞ നാല് വർഷക്കാലം കൊണ്ട് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്വതയുള്ള ഇടത് നേതാവിനെയാണ് ഈ കാലയളവിൽ മുഹമ്മദ് റിയാസിലൂടെ കാണാൻ സാധിച്ചിട്ടുള്ളത്. പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ച ശേഷം സി.പി.എമ്മിൽ എന്തോ വലിയ സംഭവമായി കടന്നുവന്നതുപോലെയാണ് ചിലരുടെയൊക്കെ ആക്ഷേപം. എന്നാൽ അങ്ങനെയാണോ എന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. മന്ത്രിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡൻ്റ് സ്ഥാനം വരെ അലങ്കരിച്ച വ്യക്തിയാണ് മുഹമ്മദ് റിയാസ്.
സ്‌കൂൾ, കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടയുടെ സജീവ പ്രവർത്തകനും ആയിരുന്നു. തുടക്കത്തിൽ കോഴിക്കോട് ലോക് സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് റിയാസ് നിസാര വോട്ടുകൾക്കാണ് അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനോട് പരാജയപ്പെടുന്നത്. ചാനൽ ചർച്ചകളിൽ ഒക്കെ വന്ന് പലരും അമിതാവേശം കാണിച്ച് ഉറച്ചു തുള്ളുമ്പോൾ വളരെ പക്വതയോടെ രാഷ്ട്രീയ എതിരാളികളെ ബഹുമാനിച്ചു കൊണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മുഹമ്മദ് റിയാസിനെ കാണാമായിരുന്നു. ഇതിനൊക്കെ ശേഷമാണ് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്തതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്ന് വിജയിച്ച് കേരളാ നിയമസഭയിൽ എത്തി മന്ത്രിയായതും.
മന്ത്രിയെന്ന നിലയിൽ വലിയ ജാഡകൾ കാണിക്കാതെ വിവാദങ്ങളിൽപ്പെടാതെ പൊതുമരാമത്ത് രംഗത്തും ടൂറിസം രംഗത്തും ആ വകുപ്പുകളുടെ മന്ത്രിയെന്ന നിലയിൽ ഒരു മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കാൻ മുഹമ്മദ് റിയാസിന് സാധിച്ചിട്ടുണ്ടെന്നത് പരസ്യമായി പറഞ്ഞില്ലെങ്കിലും എതിരാളികൾ പോലും മനസ്സിൽ സമ്മതിക്കുന്ന കാര്യമാണ്. പൊതുവായി മന്ത്രിയെക്കുറിച്ച് നല്ലത് പറഞ്ഞാൽ പിന്നെ മുഹമ്മദ് റിയാസ് എന്ന മന്ത്രിയെ പിടിച്ചാൽ കിട്ടില്ലെന്ന് അവർക്കറിയാം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ പ്രതിപക്ഷവും ബിജെപിയും ഭയപ്പെടുന്നത് പോലെ തന്നെ ഇപ്പോൾ മുഹമ്മദ് റിയാസിനെ എതിരാളികൾ വല്ലാതെ ഭയപ്പെടുന്നുണ്ടെന്നർത്ഥം. കാരണം, അദ്ദേഹത്തിൻ്റെ ഭരണ മികവ് തന്നെ.
ഈ എൽ.ഡി.എഫ് സർക്കാരിൻ്റെ തലവൻ എന്നത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയാണ് എന്നതിൽ ആർക്കും ഒരു തർക്കവുമില്ല. ഈ സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾക്ക് കൂടുതൽ പൊതുജനങ്ങളുടെ ഇടയിൽ നിന്ന് അംഗീകാരം ലഭിക്കുക മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരിക്കും. ഇതിനിടയിൽ സർക്കാരിനെ വിമർശിക്കുന്നവരുണ്ട്. എന്നാൽ നല്ല നിലവാരമുള്ള സ്കൂളുകൾ, ഗവൺമെന്റ് ആശുപത്രികൾ, പിന്നെ ഒരുപാട് സ്റ്റാർട്ടപ്പുകൾ, നിക്ഷേപങ്ങൾ, പുതിയ വ്യവസായങ്ങൾ... ഇതിന്റെ എല്ലാം ഗുണഭോക്താക്കളായ കേരളത്തിലെ ജനങ്ങൾക്ക് അറിയാം സത്യം എന്തെന്ന്. ഇപ്പോൾ കോൺഗ്രസ് എംപിമാരായ ശശി തരൂർ കൊടിക്കുന്നിൽ സുരേഷ് എന്നിവരെപ്പോലെയുള്ളവർ പോലും ഈ സത്യങ്ങൾ പൊതുമധ്യത്തിൽ പറയുന്ന സാഹചര്യമായിരിക്കുന്നു. അതിനെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.
ഈ സർക്കാരിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടന്ന പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് പൊതുമരാമത്തും ടൂറിസവും. ഈ വകുപ്പുകളുടെ മന്ത്രിയാണ് മുഹമ്മദ് റിയാസ് എന്നോർക്കണം. അതുകൊണ്ട് തന്നെ കേരളത്തിന്റെ ടൂറിസത്തിൽ നല്ലൊരു ചലനം ഉണ്ടാക്കിയ മന്ത്രിയാണ് മുഹമ്മദ് റിയാസ് എന്ന് പറയാൻ പറ്റും. സുന്ദരമായ റോഡുകൾ, ദേശീയപാത, എംസി റോഡുകളുടെ കൂടെ അതിനേക്കാൾ മികച്ച യാത്രാ അനുഭവം നൽകുന്ന മലയോര ഹൈവേ.. ഗംഭീരം തന്നെയാണ്. നാടിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണ് റോഡ് വികസനം. നമ്മൾ ഉൾപ്പെടെയുള്ളവർ വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവരാണ്. വിനോദ സഞ്ചാരികൾക്കും ആ നാടിനു പൊതുവെയും മനസ്സിൽ ആഗ്രഹിച്ച കാര്യം ചെയ്തുവിദേശരാജ്യങ്ങളെ വെല്ലുന്ന പാത നമ്മുടെ കേരളത്തിലാണ്. അത് പൊതുമരാമത്ത് വകുപ്പ് പി.എ മുഹമ്മദ് റിയാസിൻ്റെ കഴിവ് തന്നെയാണ്.
കേരളത്തിൽ എവിടെ തിരിഞ്ഞാലും വിദേശരാജ്യങ്ങളെ വെല്ലുന്ന സുന്ദരമായ റോഡുകൾ ഈ കാലത്താണ്. പി.എ .മുഹമ്മദ് റിയാസ് മന്ത്രിയായി വന്ന ശേഷം കേരളത്തിലെ റോഡുകൾ വേറെ ലെവലിൽ ആണ്. കേരളത്തിൽ ഇപ്പോൾ കട്ടർ ഉള്ള റോഡുകൾ അപൂർവം. വികസനത്തിന്റെ അടിസ്ഥാന പ്രമാണം റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും പുനരുദ്ധാരണവും ആണ്. ഈ കേരളത്തിൽ അതിവേഗം വികസനം നടക്കുന്ന മേഖലയായിരിക്കുന്നു ടൂറിസം. റോഡുകളും ടൂറിസവും പരസ്പര പൂരകങ്ങളാണ്. തീർച്ചയായും ഇതിൻ്റെ പിന്നിൽ പി.എ .മുഹമ്മദ് റിയാസ് എന്ന മന്ത്രിയുടെ ഇച്ഛാശക്തിയും കഴിവും തന്നെയാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ആരൊക്കെ താഴ്ത്തിക്കെട്ടാൻ എന്തൊക്കെ തള്ളിയാലും 24 മണിക്കൂറും പ്രവർത്തന നിരതനായ മന്ത്രിയെയാണ് പൊതുസമൂഹത്തിന് മുഹമ്മദ് റിയാസിലൂടെ കാണാൻ ആവുക.
മറ്റൊന്ന്, മെട്രോ റെയിൽവേ ആരുടെ ചിന്തയിൽ ഉരുത്തിരിഞ്ഞതാണെങ്കിലും അതിനെ ഇത്രയും ജനകീയവത്ക്കരിച്ചത് ഈ കാലഘട്ടത്തിലാണ്. ഒപ്പം, വാട്ടർ മെട്രോ. പിന്നെ ഡാമിലൂടെയുള്ള സീപ്ലെയിൻ പദ്ധതി. മുഴുപ്പിലങ്ങാട് പോലെയുള്ള ബീച്ച്, ഇത് അന്തർദേശീയ നിലവാരം പുലർത്തുന്ന ബീച്ച് എന്നു വേണമെങ്കിൽ പറയാം. തീരദേശ ഹൈവേ പൂർത്തിയായി വരുന്നു. ഇതൊക്കെ ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കും. എല്ലാം നാടിന് ഗുണകരം തന്നെ. ഇതിൽ മന്ത്രി റിയാസിനെ എത്ര പ്രശംസിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല. വിനോദസഞ്ചാര വകുപ്പിനും കെടിഡിസിക്കും പുതിയ ദിശാബോധം നൽകിക്കൊണ്ട് വളർച്ചയുടെയും വികസനത്തിന്റെയും അദ്ധ്യായം രചിച്ച മന്ത്രിയാണ് മുഹമ്മദ് റിയാസ് എന്ന് പറയാതിരിക്കാനാവില്ല.
തുടക്കത്തിൽ പ്രതിപക്ഷവും ബി.ജെ.പിയും ഒന്നും കളിയാക്കിയ മുഹമ്മദ് റിയാസിനെ അല്ല രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കാണാൻ സാധിക്കുക. ഒരു മികച്ച ഭരണാധികാരി എന്ന നിലയിൽ കഴിവ് തെളിയിച്ചിറങ്ങുന്ന ഒരു മുഹമ്മദ് റിയാസിനെയാകും ഇനി എല്ലാവർക്കും കാണാൻ സാധിക്കുക. അതാണ് പ്രതിപക്ഷത്തെപ്പോലും ഭയപ്പെടുത്തുന്നത്. ഭാവിയിൽ പിണറായി വിജയന് ശേഷം മുഹമ്മദ് റിയാസ് അമരത്ത് എത്തിയാലും അതിൽ വലിയ അത്ഭുതം കാണേണ്ടതില്ല. മുഹമ്മദ് റിയാസിനെ ഒരു മുസ്ലിം കാഴ്ചപ്പാടിൽ വീക്ഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ മന്ത്രി മുഹമ്മദ് റിയാസിന് ചിലപ്പോൾ അങ്ങനെ ഒരു കാഴ്ചപ്പാട് ഇല്ലായിരിക്കും. എന്നാൽ റിയാസിന എതിരാളികളായ പലരും അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് അദേഹത്തിൻ്റെ വളർച്ചയ്ക്ക് വിഖാതം സൃഷ്ടിക്കാൻ പലരും കഷ്ടപ്പെടുന്നു.
മുഹമ്മദ് റിയാസിൻ്റെ സി.പി.എമ്മിലെ വളർച്ച മുസ്ലിം സമുദായങ്ങൾക്കിടയിലുള്ള സ്വാധീനം നഷ്ടപ്പെടാൻ ഇടയാക്കുമോ എന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് പോലുള്ള പ്രതിപക്ഷ കക്ഷികൾ ഭയക്കുന്നു. മുഹമ്മദ് റിയാസ് എല്ലാ സമുദായങ്ങളോടും പ്രത്യേക അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ്. ആരെയും അടച്ചാക്ഷേപിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. നാളെകളിൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ അടുത്ത മുഖ്യമന്ത്രിയായി മുഹമ്മദ് റിയാസ് വരുന്ന സാഹചര്യമുണ്ടായാൽ അത് ഭാവിയിൽ മുസ്ലിം വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ഇടയാക്കിയെന്ന് ഇരിക്കും. സി.എച്ച് മുഹമ്മദ് കോയയ്ക്ക് ശേഷം ഒരു മുഖ്യമന്ത്രി സ്വസമുദായത്തിൽ നിന്ന് ഉണ്ടായിട്ടില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
മുസ്ലിം സമുദായത്തിൽപ്പെട്ട മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായാൽ പരമ്പരാഗതമായി യു.ഡി.എഫിന് കിട്ടുന്ന നല്ലൊരു ശതമാനം വോട്ടുകളും യു.ഡി.എഫിന് എതിരാകും. അത് എൽ.ഡി.എഫിന് ഗുണകരമാകുകയും ചെയ്യും. ഇതാണ് യു.ഡി.എഫ് മുഹമ്മദ് റിയാസിൻ്റെ സി.പി.എമ്മിലെ വളർച്ചയെ ഭയക്കുന്നത്. ഒരു കാര്യം പറയാം. മുഹമ്മദ് റിയാസ് അടുത്ത മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നതല്ല കാര്യം. ആ സ്ഥാനം പോലും അലങ്കരിക്കാൻ കഴിയുന്ന രീതിയിൽ അദേഹം തൻ്റെ കഴിവ് തെളിയിച്ച് വളർന്നിരിക്കുന്നു എന്നത് തന്നെ.
അതേസമയം മുഹമ്മദ് റിയാസ് വിമർശനത്തിന് അതീതമല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും വിമർശിക്കുന്നതിൽ തെറ്റില്ല. ഏതൊരു പൊതുപ്രവർത്തകനെയും വിമർശിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. മുഹമ്മദ് റിയാസിനെതിരായ വിമർശനങ്ങൾ പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് വഴി മാറുന്നു എന്നത് ഒരു വസ്തുതയാണ്. പേരിന് മുസ്ലിം എന്നല്ലാതെ മതം പ്രാക്ടീസ് ചെയ്യാത്ത ഒരാളെപ്പോലും മതത്തിന്റെ പേരിൽ ലക്ഷ്യംവെക്കുന്നതിൽ ദുരുദ്ദേശമുണ്ട്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, മതത്തിന്റെ പേരിൽ ഒരാളെ ലക്ഷ്യം വെക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. ഇത് സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്താൻ ഇടയാക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Mohammad Riyas faced severe criticism for being called a "Marrumon" after marrying CM Pinarayi Vijayan’s daughter. Despite this, he proved his excellence as a minister in Kerala.
#KeralaPolitics #MuhammadRiyas #Marrumon #MinisterGrowth #KeralaDevelopment #PinarayiVijayan