Crisis | മുല്ലപ്പെരിയാർ: കേരളത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഭീഷണി; ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്; വലിയൊരു ദുരന്തം ആർക്കും താങ്ങാനാവില്ല
തൊട്ടടുത്ത രണ്ട് സംസ്ഥാനങ്ങൾ വളരേ രമ്യതയിലാണ്. അതിന് വിള്ളൽ വീഴ്ത്തുന്ന ഒരു പ്രകോപനവും ഉണ്ടാവരുത്. നിയമത്തിൻ്റെ വഴി സ്വീകരിക്കുക
റോക്കി എറണാകുളം
(KVARTHA) 'ഭയപ്പെടുത്താൻ പറയുന്നതല്ല, കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി നമ്മുടെ കൺമുന്നിൽ ഉള്ള കാര്യമാണ്. ഒരു മല ഇടിഞ്ഞതിൽ കാണാൻ പറ്റുന്നത് കേരളത്തിലെ ഏറ്റവും വലിയ ദുരന്തം എങ്കിൽ മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിൽ നടക്കാൻ പോകുന്നത് എന്താണെന്ന് ഊഹിക്കാവുന്നതേ ഉള്ളു. അറബിക്കടലിൽ വേണ്ടപ്പെട്ടവരുടെ ജീവൻ ഒഴുകി നടക്കുന്നത് കാണിക്കാതെ ഇനി എങ്കിലും വേണ്ട നടപടി എടുക്കണം. ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക', വയനാട് ദുരന്തം ഉണ്ടായതിന് പിന്നാലെ കേരളമാകെയുള്ള പൊതുസമൂഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന പോസ്റ്റാണ് ഇത്.
അത്രമാത്രം ഭീതിയോടെ അവർ മുല്ലപ്പെരിയാറിനെ കാണുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ? മുല്ലപ്പെരിയാർ എന്ന് ഓർക്കുമ്പോൾ തന്നെ ഒരു ഉൾക്കിടിലം ആണ് എല്ലാവർക്കും. ഭരണത്തിൽ ഇരിക്കുന്ന മഹാന്മാർ കനിയാതെ സാധാരണ ജനങ്ങൾ എന്ത് ചെയ്യും. കേരളം ഈ വിഷയത്തിൽ ഒന്നിക്കണം. വേണ്ടി വന്നാൽ ഒന്നിച്ച് സമരം ചെയ്യണമെന്നെ പറയാനുള്ളു.
ഇപ്പോൾ നടൻ ടിനി ടോമും ഈ വിഷയം വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നത് വയനാടിനായി സ്റ്റേജ് പരിപാടികൾ നടത്തും, മുല്ലപ്പെരിയാർ കാണാതെ പോകരുത് എന്നാണ്. ഇവിടെ പല പ്രഗത്ഭരായ നേതാക്കൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭാഗമായി ഉണ്ടെങ്കിലും അവരൊന്നും ഈ വിഷയത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നതാണ് വാസ്തവം. ഇനി വലിയൊരു ദുരന്തമുണ്ടായിട്ടാകും ഇവരൊക്കെ കണ്ണു തുറക്കുക എന്ന് ചിന്തിക്കുന്നവരാണ് ഇവിടുത്തെ ഏറെയും ജനങ്ങൾ.
നീതിപീഠത്തിന് വരെ 100 വർഷം പഴക്കമുള്ള ഡാമുകൾ ഡികമ്മീഷൻ ചെയ്യണം എന്നുള്ളത് അറിയാവുന്നതാണ്. ഇതൊന്നും മനസിലാക്കാതെ കേരളത്തിലെ കുറെ ജീവൻ വെച്ചുകൊണ്ട് അധികൃതർ ഇടപെടുന്നത് എന്തിനാണെന്നാണ് ചോദ്യം ഉയരുന്നത്. ഒരോ ദുരന്തത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട അനുഭവത്തിൽ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്. മുല്ലപ്പെരിയാർ, മുന്നിൽ നിൽക്കുന്നു. എന്തെങ്കിലും ഉടൻ ചെയ്തില്ലെങ്കിൽ ഭാവിയിൽ അത് വൻ ദുരന്തമായി മാറാൻ ഇടയായി കൂടെന്നില്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ആകെ പ്രശ്നവും ഭരിക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലാത്ത ഒരു ഡാം ആയിരിക്കുന്നു എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികൾക്കും ഇപ്പോൾ മുല്ലപ്പെരിയാർ.
രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ കലഹം ഉണ്ടാക്കലല്ല. ഈ നാട്ടിലെ ജനങ്ങളുടെ ജീവിതം (അനേകം ജീവനുകൾ) നഷ്ടപ്പെടുത്തരുത്. മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും വീഴ്ച ഉണ്ടായാൽ കേരളം തന്നെ രണ്ടോ മൂന്നോ ആയി പകുത്തു പോകും. അപകടം നടന്നു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. മുല്ലപ്പെരിയാറിൽ ഒരു ഡാം പണിതാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു, എന്തെങ്കിലും സംഭവിച്ചാൽ എന്താകും സ്ഥിതി? തിരിച്ച് ഇതേ രീതിയിൽ ആക്കാൻ കഴിയില്ല എന്നും ഓർക്കണം. അധികാരികൾ ഈ വിഷയത്തിൽ കണ്ണ് തുറക്കുക തന്നെ വേണം. തമിഴ് നാടിന്റെ ലാഭത്തിന് വേണ്ടി സ്വന്തം നാടിന്റെ ഐശ്വരവും സമ്പത്തും സമാധാനവും നഷ്ടപ്പെടുത്തരുത്.
തമിഴ് നാടിന് നിലവിലുളള എഗ്രിമെന്റാണ് പ്രശ്നം എങ്കിൽ അത് നിലനിർത്തുക. നാടിനെയും ജനങ്ങളെയ്യും കാത്ത് സംരക്ഷിക്കുക. ജനങ്ങളാൽ തിരഞ്ഞെടുത്ത, സർക്കാർ അല്ലാതെ, മറ്റാർക്ക് എന്തു ചെയ്യാൻ കഴിയും. കേരള ജനത ഒന്നാകെ അണിനിരന്നു ഈ വൻ വിപത്തിന് എതിരെ പോരാടുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. എല്ലാവരും ഒരുമിക്കണ്ട സമയമാണിത്. എത്രയും വേഗം മുല്ലപെരിയാറിന്റെ ഡികമ്മീഷൻ തുടങ്ങുക തന്നെ വേണം. ഇനി ഒരു ദുരുന്തം നമുക്ക് താങ്ങാൻ പറ്റില്ല. ഇല്ലങ്കിൽ കേരളം തന്നെ ഉണ്ടായെന്ന് വരില്ല.
തൊട്ടടുത്ത രണ്ട് സംസ്ഥാനങ്ങൾ വളരേ രമ്യതയിലാണ്. അതിന് വിള്ളൽ വീഴ്ത്തുന്ന ഒരു പ്രകോപനവും ഉണ്ടാവരുത്. നിയമത്തിൻ്റെ വഴി സ്വീകരിക്കുക. 1970 ൽ കാലാവധി അവസാനിച്ച മുല്ലപെരിയാർ ഡാം. കാലാവധി ദീർഘിപ്പിച്ച കരാറുണ്ടാക്കിയ അന്നത്തെ കേരള സർക്കാരാണ് കുറ്റക്കാർ. പുതിയ ഒരു ഡാം പണിയാൻ തമിഴ്നാടിനെ പ്രേരിപ്പിക്കാൻ കിട്ടിയ സുവർണാവസരമാണ് അന്ന് പാഴാക്കിയത്. ഇത് ആരും മറക്കരുത്.
കേരളത്തിൽ ഏതെങ്കിലും ഒരു പ്രകൃതി ദുരന്തം ഉണ്ടാകുന്ന സമയത്തു മാത്രം മുല്ലപ്പെരിയാർ വിഷയം എല്ലാവരും സംസാരിക്കും. വീണ്ടുമത് മറക്കും. വലിയൊരു ദുരന്തം ഉണ്ടാകാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. കുറെ അധികം മനുഷ്യരുടെ ജീവിത സ്വപ്നങ്ങൾ അപ്പാടെ ഒലിച്ചു പോകും. അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ അധികം കാത്തിരിക്കാതെ എല്ലാവരും ഇറങ്ങി തിരിക്കണം. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കരുത്. മുല്ലപ്പെരിയാർ ദുരന്തമുണ്ടാകാതെ കേരളത്തെ ആത്മാർത്ഥമായി രക്ഷിക്കുന്നത് ഏതു രാഷ്ട്രീയ പാർട്ടിയാണോ അവർക്കാകണം മലയാളിയുടെ ഓരോ വോട്ടും. നമുക്കും ജീവിക്കണം. അതു കഴിഞ്ഞു മതി കൃഷിയും ലാഭമുണ്ടാക്കലും എല്ലാം.