തളിപ്പറമ്പിലെ വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുസ്ലീം ലീഗിന് വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ അർഹതയില്ല: ഖാസിം ഇരിക്കൂർ

 
Qasim Irikkur conducting a press conference.
Qasim Irikkur conducting a press conference.

Photo: Arranged

● 22 ഏക്കർ പാട്ടത്തിന് നൽകിയ ഭൂമി 30 ഏക്കറാക്കി.
● വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമം.
● ലീഗ് നേതാക്കൾക്കെതിരെ പ്രതിഷേധം നടത്തും.
● അമിത് ഷാ വിഷയം പാർലമെൻ്റിൽ ഉന്നയിച്ചു.
● ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണം.


കണ്ണൂർ: (KVARTHA) തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ വഖഫ് ഭൂമി കണ്ണൂർ ജില്ലാ മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷൻ്റെ (സി.ഡി.എം.ഇ.എ) ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ തട്ടിയെടുക്കാൻ ശ്രമം നടക്കുമ്പോൾ മൗനം പാലിക്കുന്ന മുസ്ലീം ലീഗ് നേതൃത്വത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ എതിർക്കാൻ യാതൊരു അർഹതയുമില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ പറഞ്ഞു. കണ്ണൂരിൽ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1967ൽ വഖഫ് ബോർഡ് പാട്ടത്തിന് നൽകിയത് 22 ഏക്കർ ഭൂമിയായിരുന്നെങ്കിലും നിലവിൽ അഞ്ച് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന 30 ഏക്കർ ഭൂമി സി.ഡി.എം.ഇ.എയുടെ കൈവശമാണുള്ളത്. എട്ട് ഏക്കർ ഭൂമി എങ്ങനെ അധികമായി കൈവശം വന്നു എന്ന് വ്യക്തമാക്കണം. തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ നിരവധി വഖഫ് സ്വത്തുക്കൾ ഇതിനോടകം തന്നെ അന്യായമായി കൈക്കലാക്കിയിട്ടുണ്ട്. അതിനാൽ, സർ സയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയിട്ടുള്ള വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുസ്ലീം ലീഗിന് വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ എന്ത് ന്യായമാണുള്ളതെന്നും ഖാസിം ഇരിക്കൂർ ചോദിച്ചു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി തങ്ങൾ ഖാദിയായ പള്ളിയുടെ ഭൂമി വിഷയത്തിലാണ് ഈ ആരോപണം.

ഉത്തര മലബാറിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 1964ൽ ജസ്റ്റിസ് വി. ഖാലിദ് പ്രസിഡൻ്റായി രൂപീകരിച്ച കണ്ണൂർ ഡിസ്ട്രിക്ട്സ് മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷൻ 1967ലാണ് തളിപ്പറമ്പിൽ സർ സയ്യിദ് കോളേജ് ആരംഭിച്ചത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളുടെ നേതൃത്വത്തിലായിരുന്നു ആദ്യകാലത്ത് കോളേജ് പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയത്തിന് അതീതമായിരുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനം, തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ കൈവശമുണ്ടായിരുന്ന 22 ഏക്കർ ഭൂമി 99 വർഷത്തേക്ക് കോളേജിന് പാട്ടത്തിന് നൽകാൻ കാരണമായി.

എന്നാൽ, ആദ്യകാല നേതാക്കളുടെ മരണശേഷം എഡ്യുക്കേഷൻ അസോസിയേഷൻ മുസ്ലീം ലീഗിൻ്റെ നിയന്ത്രണത്തിലാക്കാൻ ശ്രമം തുടങ്ങിയെന്നും, ഓരോ അംഗം മരിക്കുമ്പോഴും പാർട്ടി ബന്ധമുള്ളവരെ മാത്രം കമ്മിറ്റിയിൽ തിരുകി കയറ്റിയെന്നും കാസിം ഇരിക്കൂർ ആരോപിച്ചു. പള്ളി കമ്മിറ്റിയും എഡ്യുക്കേഷനും ഒരേ ആളുകളുടെ കൈകളിലെത്തിയതോടെ അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമായി. ഇതിനെതിരെ തളിപ്പറമ്പ് നിവാസികൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് 2004ൽ പാട്ടത്തുക 3000 രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ കാരണമായത്.

അതിനിടെ, എഡ്യുക്കേഷൻ അസോസിയേഷൻ വഖഫ് സ്വത്തിൻ്റെ ഉടമസ്ഥാവകാശം അവരുടെ പേരിലേക്ക് മാറ്റുകയും നികുതി അടക്കുകയും ചെയ്തത് കമ്മിറ്റിക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കമ്മിറ്റിയുടെ കീഴിലുള്ള സീതി സാഹിബ് ഹൈസ്കൂളിലും മറ്റ് സ്ഥാപനങ്ങളിലും വലിയ തോതിലുള്ള അഴിമതി നടക്കുന്നുണ്ട്. ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് സീതി സാഹിബ് സ്കൂളിന് അഡീഷണൽ പ്ലസ് വൺ ബാച്ച് അനുവദിക്കുന്നതിനായി 15 ലക്ഷം രൂപ കൈമാറിയതിൻ്റെ കണക്ക് വഖഫ് ബോർഡിൻ്റെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. 

പാട്ടത്തിനെടുത്ത ഭൂമി തട്ടിയെടുക്കാൻ മുസ്ലീം ലീഗ് നേതൃത്വം ശ്രമം തുടങ്ങിയത് വഖഫ് നിയമ ഭേദഗതി രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സമയത്ത് ദേശീയ തലത്തിൽ തന്നെ വിവാദമായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുനമ്പം വിഷയം പാർലമെൻ്റിൽ ഉന്നയിക്കുകയും തളിപ്പറമ്പ് സർ സയ്യിദ് കോളേജിനെയും പള്ളിക്കമ്മിറ്റിയിൽ നിന്ന് ഭൂമി കൈക്കലാക്കാൻ ജില്ലാ മുസ്ലീം ലീഗ് ഭാരവാഹികൾ എഡ്യുക്കേഷൻ അസോസിയേഷനെ മറയാക്കി നടത്തിയ നീക്കങ്ങളെയും വിമർശിക്കുകയും ചെയ്തു.

വ്യാജ രേഖകൾ ഉണ്ടാക്കി സ്ഥലം തട്ടിയെടുക്കാനാണ് തളിപ്പറമ്പിലെ ലീഗിൻ്റെ രണ്ട് ജില്ലാ ഭാരവാഹികൾ ശ്രമിച്ചത്. ഇതിനായി ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. വഖഫ് ഭൂമി സ്വന്തം പേരിലാക്കി ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന എഡ്യുക്കേഷൻ സൊസൈറ്റി നടത്തുന്ന നീക്കങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരുള്ള ജനാധിപത്യ പാർട്ടികളുമായി ചേർന്ന് പ്രതിഷേധ സമരം നടത്തുമെന്നും കാസിം ഇരിക്കൂർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇക്ബാൽ പോപ്പുലർ, സിറാജ് തയ്യിൽ, അസ്ലം പിലാക്കൂൽ, ഹമീദ് ചെങ്ങളായി എന്നിവരും പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Qasim Irikkur criticizes the Muslim League for attempting to seize Waqf land belonging to Thaliparamba Jamaat Palli, stating they have no right to protest against the Waqf Amendment Act. He alleges the League increased the leased land from 22 to 30 acres and forged documents. He announced protests against the League leaders.

#MuslimLeague, #WaqfLand, #Thaliparamba, #QasimIrikkur, #KeralaPolitics, #LandSeizure

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia