CPM | 'പരാജയങ്ങളുമുണ്ടായാലും ന്യൂനപക്ഷ സംരക്ഷണത്തിൽ നിന്നും പിന്നോട്ടില്ല; പാർട്ടി പത്രത്തിലെ ലേഖനത്തിൽ നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ
കണ്ണൂർ: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനം തിരച്ചടിയായെന്ന് പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്ന വിമർശനങ്ങൾ തള്ളി കൊണ്ടു സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ദേശാഭിമാനി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ജനവിശ്വാസം ആർജിച്ച് മുന്നോട്ടെന്ന ലേഖനത്തിലാണ് ഈ കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ ഭരണഘടനയും റിപ്പബ്ലിക്കും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് സി.പി.എം ന്യൂനപക്ഷ സംരക്ഷണത്തെ കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കിൽ അവർ തിരുത്തണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പുകളിൽ വോട്ടു കിട്ടുമോ ഇല്ലേയോയെന്നു നോക്കിയല്ല ഈ നിലപാട്. ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾ വോട്ടു ചെയ്താലും ഇല്ലെങ്കിലും സി.പി.എം നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമൊക്കെ യു.ഡി.എഫിനു വേണ്ടി ഒരു മുന്നണിയായി പ്രവർത്തിച്ചുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്. എസ്.എൻ.ഡി.പിയടക്കമുള്ള സ്വത്വവാദ സംഘടനകളും ക്രിസ്ത്യൻ സഭകളും ബി.ജെ.പിയെ സഹായിച്ചുവെന്നും ഇതു തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് ഇടയാക്കിയെന്നും എം.വി ഗോവിന്ദൻ്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.