Criticism | അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത് നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ടിയെ തകര്‍ക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പ്രചാരണങ്ങളെന്ന് എംവി ഗോവിന്ദന്‍

 
MV Govindan Slams PV Anvar, Expels Him from Party
MV Govindan Slams PV Anvar, Expels Him from Party

Photo Credit: Facebook / MV Govindan

● മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും മുന്നോട്ട് വെക്കുകയുണ്ടായി
● പിവി അന്‍വറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്

ന്യൂഡെല്‍ഹി: (KVARTHA) നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി വി അന്‍വര്‍ എംഎല്‍എ മാറിയിരിക്കുന്നു. 

മുന്‍കുട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നും പാര്‍ടിയെ തകര്‍ക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പ്രചാരണങ്ങളാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡെല്‍ഹിയില്‍ എത്തിയ എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് അന്‍വറിനെതിരെ ആഞ്ഞടിച്ചത്. 

പാര്‍ലമെന്ററി പ്രവര്‍ത്തനം എന്നത് പാര്‍ടിയുടെ നിരവധി സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. എന്നിട്ടും പാര്‍ലമെന്ററി പാര്‍ടിയില്‍ സ്വതന്ത്ര അംഗം എന്ന നില പാര്‍ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചത് എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

താന്‍ എല്‍ഡിഎഫില്‍ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎല്‍എയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാന്‍ കഴിയില്ല. പാര്‍ട്ടിക്ക് അന്‍വറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പിവി അന്‍വറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്. പിണറായി വിജയനാണോ പാര്‍ട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയന്‍ പാര്‍ട്ടിയല്ലെന്നും സിനീയറായ പാര്‍ട്ടി നേതാവാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും എന്നും ഗോവിന്ദന്‍ ചോദിച്ചു. 

ജനാധിപത്യ കേന്ദ്രീകരണ തത്വത്തില്‍ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ട് തന്നെ നിര്‍ഭയമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്യം പാര്‍ടിയിലുണ്ട്. ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാര്‍ടി സ്വീകരിക്കുന്നത്. പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനങ്ങളാകട്ടെ ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടുകയും ചെയ്യുന്നു.

പാര്‍ടി അനുഭാവി അല്ലെങ്കില്‍ പോലും നല്‍കുന്ന പരാതികള്‍ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാര്‍ടിയുടെയും സര്‍ക്കാരിന്റെയും നയം. അതിന്റെ അടിസ്ഥാനത്തില്‍ പി വി അന്‍വര്‍ നല്‍കിയ പരാതികള്‍ പാര്‍ടിയും സര്‍ക്കാരും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധനയ്ക്ക് ശേഷം പാര്‍ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പാര്‍ടി വ്യക്തമാക്കുകയും ചെയ്തു എന്നും ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു എംഎല്‍എ പോലും ആകാനായിട്ടില്ല. വര്‍ഗ, ഭൂജന പ്രസ്ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്ന നിലയില്‍ മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. 

അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സംഘടനാരീതികളെക്കുറിച്ചും അദ്ദേഹത്തിന് അറിവില്ല. എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാര്‍ട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികള്‍ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സര്‍ക്കാരിന്റെയും. ഭരണതലത്തിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് അന്‍വര്‍ പാര്‍ട്ടിയെ അറിയിച്ചത്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പാര്‍ട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയോടും സര്‍ക്കാരിനെ ബാധിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിനെയും അറിയിക്കണമെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പാര്‍ടിയിലും സര്‍ക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തില്‍ പൊതുപ്രസ്താവന നടത്തുകയില്ല. എന്നാല്‍ അന്‍വര്‍ തുടര്‍ച്ചയായി വിവിധ വിമര്‍ശനങ്ങള്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഉന്നയിക്കുകയാണ് ചെയ്തത്. മുന്‍കുട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്ത് ഇറങ്ങിയത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നു.

സംഘപരിവാറിന്റെ അജണ്ട പ്രതിരോധിക്കുന്നതിന് എന്നും മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ തലയ്ക്ക് വില പറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും മുന്നോട്ട് വെക്കുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണമാണ് ഉയര്‍ന്നുവന്നത്. ഇപ്പോഴാകട്ടെ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുക എന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകളാണ് ഇത്തരം ആശയപ്രചരണക്കാരെ സ്വാധീനിച്ചിരിക്കുന്നത് എന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ടിയെ തകര്‍ക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പ്രചാരണങ്ങളാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനും അവയ്‌ക്കെതിരെ ജാഗ്രത പാലിക്കാനും കഴിയണമെന്ന്
സിപിഎം  സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചതായും ഗോവിന്ദന്‍ അറിയിച്ചു.

മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടു. ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കെതിരെയും ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇംഎംഎസ് മുതല്‍ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം വന്നു. 

ചങ്ങലയ്ക്കിടയിലാണെന്നാണ് എനിക്കെതിരെ ആക്ഷേപം ഉയര്‍ന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അദ്ഭുതം. ഒറ്റയ്ക്കല്ല, കൂട്ടായാണ് പാര്‍ട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കില്‍ ചവിട്ടി അമര്‍ത്താം. ഒരു കെട്ടാണെങ്കില്‍ എളുപ്പമാകില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ അന്‍വറല്ല, ആരു ശ്രമിച്ചാലും നടക്കില്ല. 

ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ള വിഷയമാണ്. അതേക്കുറിച്ച് നല്ല രീതിയില്‍ അന്വേഷണം നടക്കും. എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഡിജിപിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം എന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാള്‍ക്കു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. 

അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നു വന്നയാളാണ്. കെ കരുണാകരന്‍ ഡിഐസി രൂപവത്കരിച്ചപ്പോഴാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ഡിഐസി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം തിരിച്ചുപോയില്ല. സാധാരണ പാര്‍ട്ടിക്കാരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തനം അങ്ങനെയല്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം തെളിയിക്കുന്നുവെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

#MVGovindan #PVAnvar #CPM #KeralaPolics #IndianPolitics #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia