MV Jayarajan | പാർട്ടിയിൽ നിന്നും ഒഴിവാക്കിയ മനു തോമസ് നൽകിയ പരാതികളിൽ തെളിവില്ലെന്ന് എം വി ജയരാജൻ

 
MV Jayarajan
MV Jayarajan


'സ്വര്‍ണ കള്ളക്കടത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും എതിരായ പാർട്ടിയാണിത്'

കണ്ണൂർ: (KVARTHA) ജില്ലാ കമ്മിറ്റിയംഗം മനു തോമസ് ഒഴിവാക്കിയ നടപടിയിൽ വിശദീകരണവുമായി ജില്ലാ നേതൃത്വം. സി.പി.എം ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാത്രമല്ല ശക്തമായി സ്വര്‍ണ കള്ളക്കടത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും എതിരായ പാർട്ടിയാണിത്. മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തിലും ബഹുജന സംഘടനകളുടെ നേതൃത്വത്തിലും നിരവധി തവണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

ഇതിനെ തുടർന്ന് പൊലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിന്‍റെയൊക്കെ ഫലമായി ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കുറഞ്ഞുവരികയാണ്. 2021 ജനുവരി 28, ജൂണ്‍ 24, 2023 ഫെബ്രുവരി 15 എന്നീ തീയ്യതികളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി പാര്‍ട്ടി ജില്ലാ സെക്രട്ടറിമാർ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ക്വട്ടേഷന്‍ പ്രവര്‍ത്തനവും സ്വര്‍ണ കള്ളക്കടത്തും കള്ളപ്പണ ഇടപാടും നാടിനും സമൂഹത്തിനും വലിയ ദ്രോഹമാണ് ഉണ്ടാക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കിയത് ബി.ജെ.പിയാണെന്ന് കൊടകരയില്‍ തെളിഞ്ഞതാണ്.

2024ലെ തെരഞ്ഞെടുപ്പിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ 1054 കോടി രൂപ പണമായും 1000 കോടി രൂപയുടെ സാധനങ്ങളായും അനധികൃതമായി കടത്തുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ അധികൃതരും പൊലീസും പിടികൂടുകയുണ്ടായി. 2019നേക്കാള്‍ നാലിരട്ടി കൂടുതലാണിത്. സി.പിഎമ്മിനെ പറ്റി ഇത്തരം ഒരു ആക്ഷേപം ഒരിക്കലും ഉയര്‍ന്നു വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സി.പിഎമ്മില്‍ യാതൊരു സ്ഥാനവും ഉണ്ടാവില്ല. 

പാര്‍ട്ടിയിലെ ഒരു നേതാവും ക്വട്ടേഷന്‍കാരെ സഹായിക്കുന്നവരല്ല. ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെ പോലെ നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ചില വിവാഹങ്ങളും മറ്റും നടത്തിക്കൊടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങള്‍ നടത്തുന്ന ക്രൂരതകളെ മറച്ചു വെക്കാനും സമൂഹത്തില്‍ മാന്യത നേടാനും ഉള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇത് തിരിച്ചറിയുന്ന പാര്‍ട്ടിയാണ് സി.പിഎം. നവമാധ്യമ മേഖലയില്‍ സി.പി.എമ്മി ന്‍റെ പ്രചരണങ്ങള്‍ നടത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. അവരുടെ സഹായവും വേണ്ട. 

ഇതെല്ലാം മുന്‍പ് ജില്ലാ സെക്രട്ടറി നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതാണ്. ഇത്തരമൊരു ഉറച്ച നിലപാട് കോണ്‍ഗ്രസോ, ബി.ജെ.പിയോ മറ്റ് പാര്‍ട്ടികളോ സ്വീകരിച്ചിട്ടുണ്ടോ? പിന്നെ എന്നിനാണ് ചില മാധ്യമങ്ങള്‍ ക്വട്ടേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പഴിചാരുന്നത്. മനുതോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. കഴിഞ്ഞ 15 മാസമായി പാര്‍ട്ടി യോഗങ്ങളിലും, പ്രവര്‍ത്തനങ്ങളിലും മനു തോമസ് പങ്കെടുക്കാറില്ല. 2024-ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടുമില്ല. പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പ് ഏഴിൽ  ഇപ്രകാരം പറയുന്നു. വര്‍ഷം തോറും പാര്‍ട്ടി അംഗത്വം സംബന്ധിച്ച് ഒരു ചെക്കപ്പ് നടത്തുന്നതാണ്. അവരവര്‍ അംഗമായിരിക്കുന്ന പാര്‍ട്ടി സംഘടനയാണ് ഇത് നടത്തുക. 

ശരിയായ കാരണം കൂടാതെ തുടര്‍ച്ചയായി പാര്‍ട്ടി ജീവിതത്തിലും, പ്രവര്‍ത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തള്ളിക്കളയുന്നതാണ്. പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിച്ച് അതത് ഘടകത്തിന് പാര്‍ട്ടി അംഗങ്ങള്‍ നല്‍കണം. എങ്കിലേ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ കഴിയൂ. മനു തോമസ് അത് ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. 

ഭരണഘടനാ വ്യവസ്ഥ പ്രകാരം മെമ്പര്‍ഷിപ്പ് പുതുക്കാതെ മനുതോമസ് ഒഴിവായതാണ്. വസ്തുത ഇതായിരിക്കെ മറ്റുള്ള എല്ലാ പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് എം.വി ജയരാജൻ പറഞ്ഞു. മനു തോമസ് നൽകിയ പരാതി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പരാതിയിൽ യാതൊരു കഴമ്പോ തെളി വോയില്ലെന്ന് വ്യക്തമായതായി എം.വി ജയരാജൻ കൂട്ടിച്ചേർത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia