Nikesh Kumar | ജോൺ ബ്രിട്ടാസിന് ശേഷം തിളങ്ങാൻ നികേഷ് കുമാർ സിപിഎമ്മിലേക്ക് വീണ്ടും വരുന്നു; ഇനി സജീവ രാഷ്ട്രീയക്കാരനായി പ്രവർത്തിക്കും

 

 
M V Nikesh kumar
M V Nikesh kumar


എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് നികേഷ്

 

കണ്ണൂർ: (KVARTHA) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു. സി.പി.എം സംസ്ഥാന നേതൃത്വവുമായി നടത്തിയ ധാരണയുടെ പുറത്താണ് അഴീക്കോട് മണ്ഡലത്തിലെ തോൽവിക്ക് ശേഷം എം വി നികേഷ് കുമാറിൻ്റെ രംഗപ്രവേശനമെന്നാണ് അറിയുന്നത്. ഇതോടെ സി.പി.എം നേതൃനിരയിൽ ജോൺ ബ്രിട്ടാസിനെപ്പോലെ തിളങ്ങാൻ നികേഷ് കുമാറിനുമാകുമെന്നാണ് സി.പി.എമ്മിൻ്റെ പ്രതീക്ഷ.

പാർട്ടി മീഡിയാസെൽ കൈകാര്യം ചെയ്യാനാണ് നികേഷ് കുമാറിനെ നിയോഗിക്കുകയെന്ന സൂചനയുണ്ട്.
രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍ നികേഷ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.

എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. 'ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം', എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.

കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia