Controversy | നെഹ്റു, എഡ്വീനക്കയച്ച കത്തുകളില്‍ വിശുദ്ധ പ്രണയമോ? ചരിത്ര രഹസ്യം വിവാദമാക്കുമ്പോള്‍
● നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ വീണ്ടും വിവാദത്തിലായി.
● ബിജെപി നേതാക്കൾ ഈ കത്തുകള്‍ വ്യക്തിപരമായ ആക്രമണത്തിനുള്ള ആയുധമാക്കുന്നു.
● കോൺഗ്രസ് നേതാക്കൾ ഇത് നെഹ്റുവിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിക്കുന്നു.
നവോദിത്ത് ബാബു
(KVARTHA) സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട മികച്ച ഭരണാധികാരിയും നവീന ചിന്താഗതിയുള്ള രാഷ്ട്രീയ നേതാവുമാണ് ജവഹര്‍ലാല്‍ നെഹ്‌റു. ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളില്‍ നെഹ്രുവിനുള്ള സ്ഥാനം വളരെ വലുതാണ് തികഞ്ഞ സോഷ്യലിസ്റ്റും ചിന്തകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു നെഹ്രു. സ്വയമേവയുള്ള ആഭിജാത്യം പുലത്തുമ്പോഴും തന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുറന്നിട്ടു.
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം സ്വന്തം മകള്‍ പ്രിയദര്‍ശിനിയെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ പെണ്‍കുഞ്ഞുങ്ങളെയുമാണ്. നെഹ്രുവിന്റെ ജീവിതത്തില്‍ അദ്ദേഹം വെച്ചുപുലര്‍ത്തിയ ചില പ്രത്യേക ബന്ധങ്ങള്‍ എടുത്തുയര്‍ത്തി ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവമതിപ്പിക്കാനുള്ള നീക്കങ്ങളാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നത് എന്നാണ് ആരോപണം. വളരെ നേരത്തെ തന്നെ വിഭാര്യനായ ജവഹര്‍ലാലിന് നിരവധി പെണ്‍സുഹൃത്തുക്കളുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ അവയൊന്നും മറച്ചു വെക്കാത്ത നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അത്തരത്തില്‍ നെഹ്റുവിന് നല്ലൊരു വ്യക്തിബന്ധമുണ്ടായിരുന്ന ആളായിരുന്നു എഡ്വിന മൗണ്ട്ബാറ്റണും. നെഹ്റുവും എഡ്വിനയും തമ്മിലുള്ള സൗഹൃദം നേരത്തെ തന്നെ വെളിപ്പെട്ടതുമാണ്. എഡ്വിന മൗണ്ട്ബാറ്റണിന്റെ മകള്‍ പമേല ഹിക്സ് നേരത്തെ തന്നെ ഇരുവരുടെയും കത്തിനെക്കുറിച്ച് തന്റെ 'ഡോട്ടര്‍ ഓഫ് എംപയര്‍: ലൈഫ് ആസ് എ മൗണ്ട്ബാറ്റണ്‍' എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ അമ്മയും നെഹ്റുവും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്ന് ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
തന്റെ പങ്കാളിയും ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയുമായ ലോര്‍ഡ് ലൂയിസ് മൗണ്ട്ബാറ്റണുമായി 1947ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ മുതല്‍ തന്നെ നെഹ്റുവുമായി എഡ്വിനയ്ക്ക് സുഹൃദ് ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. നെഹ്റുവും എഡ്വിനയും തമ്മില്‍ പരസ്പരം നല്ല സ്നേഹവും ബഹുമാനവുമുണ്ടെന്നാണ് തനിക്ക് ഈ കത്ത് വായിച്ചപ്പോള്‍ തോന്നിയതെന്നാണ് മകള്‍ വ്യക്തമാക്കിയത്. 'അവര്‍ അപൂര്‍വമായി മാത്രമേ തനിച്ചുണ്ടായിരുന്നുള്ളുവെന്നത് കൊണ്ട് തന്നെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. അവര്‍ക്ക് ചുറ്റുമെപ്പോഴും സ്റ്റാഫുകളും പൊലീസും മറ്റാളുകളുമുണ്ടായിരുന്നു', എന്നായിരുന്നു പുസ്തകത്തില്‍ പമേല പറഞ്ഞുവെക്കുന്നത്.
ഒടുവില്‍ എഡ്വിന മൗണ്ട്ബാറ്റണ്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ നെഹ്റുവിന് ഒരു മരതക മോതിരം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നെഹ്റു അത് വാങ്ങിക്കില്ലെന്ന ഉറപ്പുണ്ടായതിനാല്‍ ആ മോതിരം എഡ്വിന ഇന്ദിരാഗാന്ധിക്ക് നല്‍കുകയായിരുന്നു. എഡ്വിനയുടെ വിടവാങ്ങല്‍ സമയത്ത് നെഹ്റു നടത്തിയ പ്രസംഗവും പുസ്തകത്തില്‍ പമേല ചര്‍ച്ച ചെയ്യുന്നുണ്ട്. 'ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതിലും അവരിലൊരാളായി നിങ്ങളെ കാണുന്നതിലും നിങ്ങള്‍ പോകുന്നതില്‍ ദുഖിക്കുകയും ചെയ്യുന്നതില്‍ അതിശയമുണ്ടോ' എന്നായിരുന്നു പ്രസംഗത്തിലെ പ്രധാന ഭാഗം.
എന്നാല്‍ ഈ കത്തുകളിലെ രഹസ്യമെന്തെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ബിജെപി നേതാക്കള്‍ എക്സ് പോസ്റ്റിലൂടെ നടത്തുന്നത്. സോണിയാ ഗാന്ധിയുടെ കൈവശമുള്ള അന്‍പതോളം കത്തുകള്‍ വിവാദമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ രേഖകള്‍ നെഹ്റു കുടുംബത്തിന് വ്യക്തിപരമായ പ്രാധാന്യം നല്‍കുന്നതാണ്. ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുന്ന കത്തുകളെ അതേ പ്രാധാന്യത്തോടെ കാണുന്നതിന് പകരം നെഹ്രുവിന്റെ വ്യക്തി ജീവിതംചൂഴ്ന്നു നോക്കി സദാചാര പൊലിസിങ് ചമയുന്ന ബി.ജെ.പിയുടെ ലക്ഷ്യം നെഹ്രുവെന്ന വിഗ്രഹം ഉടയ്ക്കുകയെന്നത് തന്നെയാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. നിലവാരമില്ലാത്ത കളികള്‍ക്ക് ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നേതാവിന്റ ഐതിഹാസികമായ ജീവിതം തന്നെ ഇരയാക്കണോയെന്നതാണ് ചോദ്യം.
#Nehru #Edwina #India #politics #history #controversy #BJP #Congress #Mountbatten